കാനറാ ബാങ്ക് എഫ്.ഡി. പലിശ നിരക്ക് ഉയര്‍ത്തി
ബെംഗളൂരു: വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി കാനറാ ബാങ്ക്. പലിശ നിരക്കില്‍ 25 ബേസ് പോയിന്റുവരെയാണ് ബാങ്ക് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതുക്കിയ നിരക്കുകള്‍ പ്രകാരം 7 മുതല്‍ 45 ദിസവം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.90 ശതമാനമാണ് പലിശ ലഭിക്കുക. 46-90 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 3.9 ശതമാനം ആണ്. 91 മുതല്‍ 179 ദിവസം വരെയുള്ളവയ്ക്ക് 3.95 ശതമാനം നിരക്കിലും പലിശ ലഭിക്കും. 4.40 ശതമാനം ആണ് 180 ദിസവസം മുതല്‍ ഒരു വര്‍ഷത്തിന് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്.
ഒരു വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപത്തിന് 5.1 ശതമാനമാണ് പുതുക്കിയ നിരക്ക്. രണ്ട് വര്‍ഷം വരെയുള്ളവയ്ക്ക് 5ല്‍ നിന്ന് 5.15 ശതമാനമായി നിരക്ക് ഉയര്‍ത്തി. 2-3 വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.20 ശതമാനവും 3-5 വര്‍ഷം വരെയുള്ളവയ്ക്ക് 5.25 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്. 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനമാണ് പലിശ. രണ്ട് കോടി വരെയുള്ള, മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കും ഉയര്‍ത്തി. ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.90 -6 ശതമാനം നിരക്കില്‍ പലിശ ലഭിക്കും.