മാധ്യമ ലോകത്തെ മാറിയ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഒരു ബോളിവുഡ് ഓണ്‍ലൈന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു നാരദന്‍ ടീം. മുംബൈയില്‍ നാരദന്‍ എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മലയാളത്തിലെ മിന്നും താരങ്ങള്‍. അതിനിടെയാണ് താരങ്ങള്‍ മാധ്യമ വേട്ടയെപ്പറ്റിയും ആര്യൻ ഖാന്റെ അറസ്റ്റിനെ പറ്റിയും ചർച്ച ചെയതത്.
ആര്യന്‍ ഖാനെതിരെയുള്ള കേസിന് പുറകില്‍ രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടായിരുന്നെന്നാണ് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞത്. വാര്‍ത്തകള്‍ക്കായുള്ള മത്സരമാണ് മാധ്യമരംഗം നേരിടുന്ന വെല്ലുവിളിയെന്നും ആഷിഖ് അബു ചൂണ്ടിക്കാട്ടി. ‘നാരദന്‍’ എന്ന പുതിയ ചിത്രത്തിലൂടെ സംവദിക്കുന്നതും മാധ്യമ ലോകത്തെ ഈ പ്രവണതകളെ കുറിച്ചാണ്.
ബോളിവുഡ് താരം ഷാരൂഖ് ഖാനെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമായിരുന്നു മകനെതിരെയുള്ള മയക്ക് മരുന്ന് കേസെന്ന് തെളിഞ്ഞിരിക്കയാണ് അന്വേഷണസംഘത്തിന്റെ പുതിയ കണ്ടെത്തല്‍. കേസും അറസ്റ്റും കഴിഞ്ഞ് 4 മാസം പിന്നിടുമ്പോഴാണ് ആരോപണത്തില്‍ തെളിവുകള്‍ ഇല്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഒരാളെ അപകീര്‍ത്തിപ്പെടുത്താനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന രീതി തെറ്റാണെന്നും ഈ കാലയളവില്‍ നടന്ന മാധ്യമ വിചാരണക്കും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കും എന്ത് ന്യായീകരണമാണ് നിരത്താനുള്ളതെന്നും നടന്‍ ടോവിനോ തോമസ് ചോദിക്കുന്നു.
സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടമാണ് പുതിയകാല മാധ്യമ പ്രവര്‍ത്തകരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നത്. ബ്രേക്കിംഗ് ന്യൂസുകള്‍ക്കായുള്ള മത്സരം വര്‍ദ്ധിച്ചതോടെ പല വാര്‍ത്തകളും യാഥാര്‍ഥ്യമാണോയെന്ന് പോലും പലരും പരിശോധിക്കാറില്ല.
ചില മാധ്യമങ്ങള്‍ തലക്കെട്ടില്‍ ഒരു ചോദ്യചിഹ്നം നല്‍കിയാണ് സ്വന്തം നില സുരക്ഷിതമാക്കുന്നതെന്ന് ടോവിനോ പറഞ്ഞു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് തെളിഞ്ഞാല്‍ തിരുത്താന്‍ പോലും തയ്യാറാകാത്തവര്‍ ഈ മേഖലയില്‍ സാധാരണയാണെന്ന് അന്ന ബെന്‍ ചൂണ്ടിക്കാട്ടി.
ആര്യന്‍ ഖാന്‍ കേസില്‍ തെളിവുകള്‍ ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയത് വലിയ വാര്‍ത്തയായില്ല. എന്നാല്‍ ആഡംബര കപ്പലിലെ റെയ്ഡും അറസ്റ്റും ചോദ്യം ചെയ്യലും ജയില്‍വാസവുമെല്ലാം മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ഷാരൂഖ് ഖാനെ മാധ്യമ വിചാരണ നടത്തിയവരും തെളിവില്ലെന്ന വാര്‍ത്തയോട് നിസ്സംഗതയാണ് പുലര്‍ത്തിയത്.