കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും റഷ്യ ശക്തമാക്കിയതോടെ ഏഴാം ദിവസവും യുദ്ധം ശക്തം. അതിനിടെ കീവിലെ ടെലിവിഷന്‍ ടവര്‍ റഷ്യ തകര്‍ത്തു. ഇതേത്തുടര്‍ന്ന് കീവിലെ ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണവും നിലച്ചു.
ഒറ്റക്കാണെങ്കിലും റഷ്യക്കെതിരെ പോരാട്ടം തുടരുമെന്ന് യുക്രൈന് പ്രസിഡന്റ് വ്ളാദിമര്‍ സെലന്‍സ്കി പറഞ്ഞു. റഷ്യ ഒരു തീവ്രവാദ രാഷ്ട്രമായി മാറി, അവരോട് ആരും ക്ഷമിക്കില്ലെന്നും ഓരോ യുക്രൈന് പൗരന്മാരും നിലവിലുള്ള പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തിലാണെന്നും സെലന്‍സ്കി പറഞ്ഞു.
റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 5 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.വിവിധ ഇടങ്ങളിലായി ഉണ്ടാകുന്ന സ്ഫോടനങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം യുദ്ധത്തെ അഭിമുഖീകരിക്കുന്ന രാജ്യത്തിന് അടിയന്തര അംഗത്വം നല്‍കാനുള്ള നടപടികളുടെ ഭാഗമായി യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്കാന് യൂറോപ്യന്‍ പാര്‍ലമെന്റ് ശുപാര്‍ശ ചെയ്തിരുന്നു.
അതേസമയം യുക്രൈനിലുള്ള ഇന്ത്യക്കാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി റഷ്യയിലെ ഇന്ത്യന്‍ എംബസി സംഘം അതിര്‍ത്തിയിലെത്തിയെന്ന് വിദേശകാര്യസെക്രട്ടറി അറിയിച്ചിരുന്നു. ഖാര്‍കീവ്, സുമി മേഖലയില്‍ കുടുങ്ങിയ 4000 പേരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. യുക്രൈനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്കും കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കുമെന്ന് വിദേശകാര്യസെക്രട്ടറി അറിയിച്ചു. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.