പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പ് അന്വേഷിക്കാന്‍ പോലിസിനൊപ്പം ഇഡിയും
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും തുടങ്ങി. ഉടമകള്‍ക്ക് കള്ളപ്പണം ഇടപാടും ഉണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇഡി അന്വേഷിക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപത്തുക ഉപയോഗിച്ച് വിദേശരാജ്യങ്ങളിലടക്കം ഇടപാടുകള്‍ നടത്തിയ സാഹചര്യത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നത്. കള്ളപ്പണ ഇടപാട്, പണത്തിന്റെ വരവ്, ഇത് ആര് കൈമാറി, പണത്തിന്റെ വിനിയോഗം എന്നിവയാണ് ഇ.ഡി. പരിശോധിക്കുന്നത്.
രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. തമിഴ്നാട്ടില്‍ മൂന്നിടത്തായി 48ഏക്കര്‍ സ്ഥലം, ആന്ധ്ര പ്രദേശില്‍ 22ഏക്കര്‍, തിരുവനന്തുപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ്ലാറ്റുകള്‍, വകയാറിന് പുറമേ, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ഓഫീസ് കെട്ടിടം എന്നിവയുണ്ട്. 125കോടിയോളം രൂപയുടെ ആസ്തി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയാകും. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കുന്ന പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടും.
പോപ്പുലര്‍ ഫിനാന്‍സ് പണം തട്ടിപ്പ് കേസില്‍ മാനേജിങ് ഡയറക്ടര്‍ തോമസ് ഡാനിയേല്‍, ഭാര്യയും സ്ഥാപനത്തിന്റെ പാര്‍ട്ണറുമായ പ്രഭ ഡാനിയേല്‍ മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പ്രതികള്‍.
ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച മക്കള്‍ പിടിയിലായതോടെ രണ്ടാഴ്ച്ചയായി ഒളിവിലായിരുന്ന റോയി തോമസും ഭാര്യ പ്രഭയും പത്തനംതിട്ട എസ്പി ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു. റിനു, റിയ എന്നിവര്‍ക്ക് കേസില്‍ നിര്‍ണായക പങ്ക് ഉണ്ടെന്ന് എസ്പി കെ.ജി. സൈമണ്‍ പറഞ്ഞിരുന്നു. ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുളള 25 അംഗ സംഘമാണ് കേരളത്തിലെ കേസന്വേഷിക്കുന്നത്.
കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കിനല്‍കാതായതോടെയാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരാതികള്‍ ഉയര്‍ന്നുവന്നത്. നൂറുകണക്കിന് പരാതികള്‍ ഉയര്‍ന്നതോടെ തോമസ് ഡാനിയലും ഭാര്യയും ഒളിവില്‍ പോവുകയായിരുന്നു. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ മടക്കി നല്‍കാത്തതിന് കോന്നി പോലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
2000 കോടിയിലേറെ രൂപയുടെ തട്ടിപ്പുനടത്തി എന്നാണ് പ്രാഥമിക കണ്ടെത്തല്‍. വിവിധ സ്റ്റേഷനുകളിലായി മുന്നൂറില്‍പ്പരം പരാതികളാണ് ഇവര്‍ക്കെതിരെ ലഭിച്ചിരിക്കുന്നത്. അതേസമയം, പോപ്പുലര്‍ സാമ്പത്തിക തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം തൃശ്ശൂരുകാരനെന്ന വിവരവും പുറത്ത് വന്നിരുന്നു.കുടുംബവുമായി അടുത്ത ബന്ധമുള്ള ഇയാള്‍ ഏതെല്ലാം വിധത്തില്‍ ലിമിറ്റഡ് ലയബിലിറ്റി കമ്പനി തുടങ്ങാമെന്നും പണം കടത്താമെന്നും നിയമക്കുരുക്ക് ഒഴിവാക്കാമെന്നും കുടുംബത്തെ ഉപദേശിച്ചിട്ടുണ്ട് .
ഇയാളെ താമസിയാതെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും .നിക്ഷേപകര്‍ക്ക് ഒരു സുരക്ഷയുമുണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍ .വിവിധ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് കമ്പനികളിലേക്കാണ് നിക്ഷേപം സ്വീകരിച്ചിരിക്കുന്നത് .നിക്ഷേപം സ്വീകരിക്കുന്നത് പോപ്പുലര്‍ ഫിനാന്‍സ് ആണെങ്കിലും നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത് വിവിധ എല്‍എല്‍പി സര്‍ട്ടിഫിക്കറ്റുകള്‍ ആണ് .എല്‍ എല്‍ പി പൊളിഞ്ഞാല്‍ സംരംഭകന് എന്ന നിലയില്‍ നിക്ഷേപകനും നഷ്ടം സഹിക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത് .
പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷപിച്ച പണം എല്‍ എല്‍ പികളിലേക്ക് മാറ്റിയത് പണം തട്ടാന്‍ തന്നെ .നിയമക്കുരുക്കിനെ മറികടക്കുകയും ആകാം .ഈ ഉപദേശം നല്‍കിയത് തൃശൂരുകാരന് ആണ് .
റോയിയെ തമിഴ്നാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു .ഇനി ആന്ധ്രയില്‍ ആണ് തെളിവെടുപ്പ് .മറ്റൊരു അന്വേഷണ സംഘം തമിഴ്നാട്ടില്‍ അന്വേഷണം തുടരും.