ലൈംഗികമായി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ കേസിന്റെ അന്വേഷണം, പ്രതികളെ സഹായിക്കാനെന്ന് യുവതിയും ബന്ധുക്കളും : മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി
ബേക്കൽ: ഭർതൃമതിയെ ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷം നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കേസിൽ പോലീസിന്റെ അന്വേഷണത്തിനെതിരെ ബന്ധുക്കൾ രംഗത്തെത്തി.
ഉദുമക്കടുത്തു താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. ഭർത്താവിന്റെ സുഹൃത്തുക്കൾ ഉൾപ്പടെ അഞ്ചു പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. എന്നാൽ പരാതിക്കാരിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും യുവതിയെ പീഡിപ്പിക്കുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാഞ്ഞതുകൊണ്ട് അന്വേഷണം സുഗമമായി മുന്നോട്ടു നീങ്ങുന്നില്ല എന്നുമാണ് പോലീസ് ഭാക്ഷ്യം. പക്ഷേ പോലീസ് അന്വേഷണം പ്രതികളെ രക്ഷപെടുത്താനുള്ള കുതന്ത്രമാണ് എന്നും പരാതിക്കാരിയും ബന്ധുക്കളും ആരോപിക്കുന്നു.
വനിതാ പോലീസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന സംഘത്തിന് അന്വേഷണ ചുമതല ഏൽപ്പിക്കണമെന്നും നിലവിലുള്ള എഫ്.ഐ. ആർ റദ്ദുചെയ്യണമെന്നും യുവതിയും ബന്ധുക്കളും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.