Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics

എന്താണ് പിഎം ശ്രീ? ദേശീയ പാഠ്യ പദ്ധതിയുടെ ഭാഗമായാല്‍ എന്തു സംഭവിക്കും? കേരളത്തിന്റെ നയം മാറ്റത്തിനു പിന്നില്‍ ഇക്കാര്യങ്ങള്‍; നിലവില്‍ സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത് എന്‍ഇപി അനുസരിച്ച്; വിമര്‍ശകര്‍ നടത്തുന്നത് ജനത്തെ തെറ്റിദ്ധരിപ്പിക്കല്‍

തിരുവനന്തപുരം: തമിഴ്‌നാടിനും പശ്ചിമ ബംഗാളിനുമൊപ്പം പിഎം ശ്രീയില്‍ ഒപ്പിടില്ലെന്നു വ്യക്തമാക്കിയ കേരളം കഴിഞ്ഞ ദിവസം ഒപ്പിട്ടു. കുട്ടികള്‍ക്കു ലഭിക്കേണ്ട പണം വിട്ടുകളയാന്‍ താത്പര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഏറെനാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ കേരളവും പദ്ധതിയുടെ ഭാഗമായത്. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പദ്ധതിയെന്ന വാദമാണ് പിഎം ശ്രീ അഥവാ പിഎം സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ എന്ന പദ്ധതിക്കെതിരേ ഉയര്‍ത്തിയത്. നാഷണല്‍ എജ്യുക്കേഷന്‍ പോളിസി-2020 (എന്‍ഇപി)യുടെ ഭാഗമാകും ഇനിമുതല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല.

ഠ എന്താണ് പിഎം ശ്രീ

ഇന്ത്യയിലുടനീളം 14,500 മാതൃകാ വിദ്യാലയങ്ങള്‍ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിലാണ് 2022ല്‍ പിഎം ശ്രീ ആരംഭിച്ചത്. ആകെ 27,360 കോടി അഞ്ചുവര്‍ഷത്തേക്ക് ചെലവഴിക്കുന്നതില്‍ 18,128 കോടി കേന്ദ്ര വിഹിതമായി ലഭിക്കും. ഇതുവരെ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 33 സംസ്ഥാനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. കേരളം കൂടി ഭാഗമായതോടെ ആകെ എണ്ണം 34 ആയി. നിലവില്‍ തമിഴ്‌നാടും പശ്ചിമ ബംഗാളും മാത്രമാണ് വിട്ടുനില്‍ക്കുന്നത്.

ഠ എന്‍ഇപിയെ കേരളം എന്തിന് എതിര്‍ത്തു?

Signature-ad

ആര്‍എസ്എസിന്റെ പദ്ധതി നടപ്പാക്കുന്നെന്ന് ആരോപിച്ചാണു സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ എന്‍ഇപി നടപ്പാക്കുന്നതില്‍നിന്നു വിട്ടുനിന്നത്. വിദ്യാഭ്യാസ പദ്ധതിയില്‍ വലതുപക്ഷ അജന്‍ഡ കുത്തിനിറയ്ക്കുന്നെന്നും ആരോപണം ഉയര്‍ത്തി. വിദ്യാഭ്യാസത്തെ വര്‍ഗീയവത്കരിക്കുന്നെന്നും സ്വകാര്യവത്കരണത്തെയും പ്രോത്സാഹിപ്പിക്കുന്നെന്നും ആരോപണം ഉയര്‍ന്നു. കേന്ദ്രത്തിലേക്ക് അധികാരമെത്തുന്നെന്നും സംശയിച്ചു. മതനിരപേക്ഷത, ശാസ്ത്രബോധം, ഭരണഘടനാ മൂല്യങ്ങള്‍ എന്നിവ ഇല്ലാതാകുമെന്നും രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതാനുള്ള നീക്കമാണിതെന്നും വാദങ്ങള്‍ ഉയര്‍ന്നു.

ഠ എന്തുകൊണ്ട് ഇപ്പോള്‍?

2025-26ലെ സമഗ്രശിക്ഷാ അഭിയാനുവേണ്ടിയുള്ള 456.01 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവച്ചതോടെയാണ് ഇക്കാര്യത്തില്‍ സജീവ ചര്‍ച്ച തുടങ്ങിയത്. പിഎം ശ്രീയില്‍ ചേര്‍ന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 2024-25 പദ്ധതിയുടെ ഭാഗമായുള്ള 513.54 കോടിയും 2023-24 വര്‍ഷത്തെ 188.58 കോടിയും നല്‍കിയില്ല. ആകെ 1158.13 കോടിയാണ് കേന്ദ്രം പിഎം ശ്രീ ചൂണ്ടിക്കാട്ടി തടഞ്ഞുവച്ചത്.

വിദ്യാഭ്യാസത്തിനുള്ള പണം തടഞ്ഞുവച്ചതിലൂടെ പൊതുമേഖലയില്‍ പഠിക്കുന്ന 40 ലക്ഷം വിദ്യാര്‍ഥികളെയാണു ബാധിച്ചതെന്നാണു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. ഇതില്‍ 5.6 എസ്.സി./എസ്.ടി. വിദ്യാര്‍ഥികളും 1.8 ലക്ഷം ഭിന്നശേഷിക്കാരുമാണ്. സൗജന്യ യൂണിഫോം, ടെക്‌സ്റ്റ് ബുക്ക് എന്നിവയുടെ വിതരണത്തെയും ബാധിച്ചു. പെണ്‍കുട്ടികള്‍ക്കുള്ള അലവന്‍സ്, പ്രീ-പൈമറി വിദ്യാഭ്യാസം, ടീച്ചര്‍ ട്രെയിനിംഗ്, പരീക്ഷാ നടത്തിപ്പ് എന്നിവയെയും ബാധിച്ചു.

2027 മാര്‍ച്ച് വരെയാണു പിഎം ശ്രീയുടെ കാലാവധി. പദ്ധതിയില്‍ ഒപ്പിടുന്നതോടെ സമഗ്രശിക്ഷാ കേരളയ്ക്കുള്ള തടഞ്ഞുവച്ച പണവും ലഭിക്കും. 1476.13 കോടി രൂപയാണ് ലഭിക്കുക. ഭാവിയില്‍ 971 കോടികൂടി ലഭിക്കും.

ഠ സര്‍ക്കാരിന്റെ വിശദീകരണം

വിദ്യാഭ്യാസ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരായ തന്ത്രപരമായ നിലപാട് എന്നാണു എംഒയു ഒപ്പുവച്ചതിനെക്കുറിച്ചു വി. ശിവന്‍കുട്ടി പറഞ്ഞത്. കിട്ടാനുള്ള പണം വിട്ടുകളയാന്‍ പറ്റില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. 2022 ഒക്‌ടോബറില്‍ എന്‍ഇപിയുടെ ഭാഗമായി സമഗ്രശിക്ഷാ പദ്ധതി വന്നെങ്കിലും സംസ്ഥാനം സിലബസില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇതു തുടരുമെന്നും സര്‍ക്കാരിന് എല്ലാക്കാലത്തും എന്‍ഇപിയില്‍നിന്നു വിട്ടു നില്‍ക്കാന്‍ കഴിയില്ലെന്നും പറയുന്നു.

എന്‍ഇപിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ രംഗത്തിനുവേണ്ടിയുള്ള പിഎം ഉഷ പദ്ധതിയില്‍ കേരളം നേരത്തേ ഒപ്പുവച്ചിട്ടുണ്ട്. തുടര്‍ന്നും കേരളത്തിന്റെ പദ്ധതിയനുസരിച്ചാണു സിലബസ് തയാറാക്കിയത്. കേന്ദ്ര പദ്ധതിയുടെ 30 ശതമാനം പോലും നടപ്പാക്കിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടുന്നു. പ്രീ-പ്രൈമറി എജ്യുക്കേഷന്‍, ടീച്ചര്‍ എംപവര്‍മെന്റ്, 100 ശതമാനം വിദ്യാഭ്യാസം, ത്രിഭാഷാ പഠനം എന്നിവയും കേരളത്തില്‍ എന്‍ഇപിയുടെ ഭാഗമായി നേരത്തേതന്നെ നിലവിലുണ്ട്.

ഠ സിലബസ് മാറുമോ?

വിദ്യാഭ്യാസ കരിക്കുലം സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണു നിലപാട്. സംസ്ഥാനത്തിന് സ്വന്തമായ കരിക്കുലം ഏര്‍പ്പെടുത്താമെന്ന് എന്‍ഇപിയും വ്യക്തമാക്കുന്നു. ഏറ്റവും ഒടുവില്‍ നടത്തിയ കരിക്കുലം പരിഷ്‌കരണത്തിലും മതനിരപേക്ഷ, ജനാധിപത്യ, ഭരണഘടനാപരമായ മൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയാണു തയാറാക്കിയതെന്നു സര്‍ക്കാര്‍ വാദിക്കുന്നു.

എന്നാല്‍, എംഒയു ഒപ്പുവച്ചതിനുശേഷം സംസ്ഥാന സര്‍ക്കാരിനു കരിക്കുലം തീരുമാനിക്കാമെങ്കിലും അത് എന്‍ഇപിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാകണം. ദി കേരള കരിക്കുലം ഫ്രെയിംവര്‍ക്ക് (കെസിഎഫ്) 2023 തയാറാക്കിയത് ദേശീയതലത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ്. എന്നാല്‍, സംസ്ഥാനത്തിന്റെ താത്പര്യത്തിനു വിരുദ്ധമായ എന്‍ഇപി മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഠ സിപിഐയുടെ എതിര്‍പ്പ്

സിപിഐ പിഎം ശ്രീയില്‍ ഒപ്പിടുന്നതിനെ എക്കാലത്തും എതിര്‍ത്തു. സംസ്ഥാന മന്ത്രിസഭയില്‍ ഇക്കാര്യം രണ്ടുവട്ടം ഉയര്‍ന്നുവന്നു. എന്നാല്‍, തീരുമാനം മാറ്റിവച്ചു. ഏറ്റവുമൊടുവില്‍ പൊടുന്നനെ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണു പൊതുവിദ്യാഭ്യാസ വകുപ്പ് എംഒയുവില്‍ ഒപ്പിട്ടത്. സിപിഐയെ പൂര്‍ണമായും ഇരുട്ടില്‍ നിര്‍ത്തിയ തീരുമാനമെന്നാണ് ഇതിനെ വിമര്‍ശിക്കുന്നത്.

ഠ നിലവില്‍ എന്‍ഇപി ഉണ്ടോ?

കേരളത്തില്‍ സിബിഎസ്ഇ സിലബസും കേന്ദ്രീയ വിദ്യാലയങ്ങളും എന്‍ഇപി അനുസരിച്ചാണു പഠനം. അതിനാല്‍ പിഎം ശ്രീയില്‍ ഒപ്പിടുകയും എന്‍ഇപി നടപ്പാക്കുകയും ചെയ്താല്‍ കുട്ടികള്‍ സംഘപരിവാറുകാരാകുമെന്ന ആശങ്ക അസ്ഥാനത്താണെന്നു വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, പൂര്‍ണമായും എന്‍ഇപി എന്നത് സംഘപരിവാര്‍ അജന്‍ഡ ഒളിച്ചു കടത്തുന്നതാണെന്ന വിമര്‍ശനവും നിലവിലുണ്ട്. നിലവിലെ കേരളത്തിലുള്ള പാഠഭാഗങ്ങളില്‍ ഇവ സജീവമായിട്ടില്ലെന്നു മാത്രം.

 

Explained: Kerala’s shift on PM SHRI and National Education Policy

Back to top button
error: