BusinessIndiaNEWS

സംഘര്‍ഷം അവിടെ, ആശങ്ക ഇവിടെ; റഷ്യ – യുക്രെയിന്‍ സംഘര്‍ഷം നമ്മുടെ കുടിയന്മാരുടെ കുടിമുട്ടിക്കുമോ ?

ബെംഗളൂരു: റഷ്യ – യുക്രെയിന്‍ സംഘര്‍ഷം ഓഹരി വിപണികളെ മാത്രമല്ല ഇന്ത്യയിലെ കുടിയന്മാരെയും സാരമായി ബാധിച്ചേക്കും. യുക്രെയിന്‍ പ്രതിസന്ധി ഇന്ത്യയിലെ ബിയര്‍ വ്യവസായത്തെ സാരമായി ബാധിച്ചുത്തുടങ്ങി. ബിയര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ ബാര്‍ലിയുടെ പ്രധാന ഉത്പാദകരാണ് യുക്രെയിനും റഷ്യയും. ബാര്‍ലി ഉല്‍പാദനത്തില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് റഷ്യ. മാത്രമല്ല ഈ പട്ടികയില്‍ നാലാം സ്ഥാനമാണ് യുക്രെയിനിനുള്ളത്.

ഇവര്‍ക്കിടയില്‍ നിലവിലുള്ള സമ്മര്‍ദ്ദം ഏതെങ്കിലും തരത്തില്‍ ശക്തി പ്രാപിച്ചാല്‍ ആഗോള തലത്തില്‍ ബാര്‍ലിയുടെ ലഭ്യതയെ അത് ബാധിക്കും. അങ്ങനെ വന്നാല്‍ അത് വില കൂടുന്നതിന് ഇടയാക്കും. വിതരണത്തിനും സംഭരണത്തിനുമായി വേണ്ടി വരുന്നചെലവില്‍ വര്‍ധനയുണ്ടാവാന്‍ ഇത് കാരണമാകുകയും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ബിയര്‍ വില ഉയരുകയും ചെയ്‌തേക്കാം.

Signature-ad

ബിയര്‍ നിര്‍മ്മാണത്തിന് ആകെ വേണ്ടി വരുന്ന ചെലവിലെ 30 ശതമാനവും ബാര്‍ലിയുമായി ബന്ധപ്പെട്ടുള്ളതാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ (ഫെബ്രുവരി പകുതി വരെയുള്ള കണക്കുകള്‍ പ്രകാരം) മുന്‍ പാദത്തെ അപേക്ഷിച്ച് 5 ശതമാനം അധികം വര്‍ധന ഉണ്ടായിരുന്നു. ഇത്തരം ഒരു ഒരു സാഹചര്യത്തില്‍ പുതിയ പ്രതിസന്ധി വിലവര്‍ധനയിലേക്ക് നയിച്ചേക്കാമെന്നാണ് ഈ രംഗത്തെ ഇന്ത്യന്‍ കമ്പനികള്‍ സൂചന നല്‍കുന്നത്. ഇന്ത്യയിലും ബാര്‍ലി ഉത്പാദനമുണ്ടെങ്കിലും അത് നമ്മുടെ ആവശ്യങ്ങള്‍ക്ക് തികയുന്നില്ല.

ഇന്ത്യയിലെ ബിയര്‍ നിര്‍മ്മാതാക്കള്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ബാര്‍ലിയാണ് ഉത്പാദന ആവശ്യത്തിനായി വാങ്ങുന്നത്. എന്നാല്‍ ഗുണനിലവാരത്തില്‍ വ്യത്യാസം ഉള്ളതുകൊണ്ട് രാജ്യത്തെ ഏതാനും പ്രീമിയം ബ്രാന്‍ഡുകള്‍ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ബാര്‍ലിയാണ് ഉപയോഗിക്കുന്നത്. ആഗോള തലത്തില്‍ ബാര്‍ലി വിലയിലുണ്ടാകുന്ന ചെറിയ വ്യതിയാനം പോലും ഇന്ത്യയിലും പ്രതിഫലിക്കും.

റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, യുക്രെയിന്‍ എന്നീ രാജ്യങ്ങളാണ് ലോകത്തെ ബാര്‍ലി ഉല്‍പാദനത്തില്‍ മുന്‍നിരയിലുള്ളത്. ഇന്ത്യ ഇക്കൂട്ടത്തില്‍ 22-ാം സ്ഥാനം മാത്രമാണെന്നും ഓര്‍ക്കണം. രാജ്യത്തെ ബിയര്‍ വിലയെ മറ്റൊരു രീതിയിലും റഷ്യ-യുക്രെയിന്‍ വിഷയം സാരമായി ബാധിക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സമ്മര്‍ദ്ദം ക്രൂഡ് ഓയില്‍ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്. ബിയര്‍ ബോട്ടില്‍ നിര്‍മ്മാണം, റീസൈക്ലിംഗ് എന്നിവ മുതല്‍ ഔട്ട്ലെറ്റുകളിലേക്ക് വിതരണം നടത്തുന്നതിന് വരെ ഇന്ധന ഉപയോഗം വലിയ തോതിലുണ്ട്. ബിയര്‍ നിര്‍മാണ ചെലവില്‍ ഇതും സ്വാധീനം ചെലുത്തും.

Back to top button
error: