വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്; താലിബാന് വിദേശമന്ത്രിയുടെ വാര്‍ത്താ സമ്മേളന വേദിക്കു പുറത്ത് പ്രതിഷേധം; മേശപ്പുറത്ത് താലിബാന് പതാക; പിന്നില്‍ ബാമിയാന്‍ ബുദ്ധ; പുറത്തിറങ്ങിയപ്പോള്‍ പഴയ അഫ്ഗാന് റിപ്പബ്ലിക്കിന്റെ പതാക

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഫ്ഗാനിസ്ഥാന് വിദേശമന്ത്രി ആമിർ ഖാൻ മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാമാധ്യമ പ്രവര്‍ത്തരെ വിലക്കിയതില്‍ പ്രതിഷേധം ശക്തം. മുത്തഖി മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യാൻ തുടങ്ങിയപ്പോള്‍ വനിതാ മാധ്യമപ്രവർത്തകരെ പുറത്തു നിർത്തിയ നടപടിയില്‍ രോഷം ആളിക്കത്തി. ഒട്ടേറെ മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു വനിതാ മാധ്യമപ്രവർത്തകയെ പോലും മുറിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാത്ത വാര്‍ത്താസമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം വെറും പ്രചാരണം മാത്രമായിരുന്നു എന്നായിരുന്നു മുത്തഖിയുടെ മറുപടി. ഓരോ രാജ്യത്തിനും അതിന്റേതായ പാരമ്പര്യങ്ങളും ആചാരങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തിനിടെ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്റെ ഒരു ചെറിയ പതാക പുറത്തെടുത്ത് മേശപ്പുറത്ത് വയ്ക്കുകയും ചെയ്തിരുന്നു. അതേസമയം, ഹൈദരാബാദ് ഹൗസിൽ ആമിർ ഖാൻ മുത്തഖിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇരുപക്ഷത്തിന്റെയും പതാകകൾ ഉണ്ടായിരുന്നില്ലതാനും. അവിടെയും തീര്‍ന്നില്ല മുത്തഖിയുടെ മുന്നിലുള്ള മേശപ്പുറത്ത് താലിബാൻ പതാകയും പിന്നില്‍ ചുമരിൽ 2001 ൽ താലിബാൻ നശിപ്പിച്ച ബാമിയൻ ബുദ്ധപ്രതിമകളുടെ ഒരു ചിത്രവുമാണ് ഉണ്ടായിരുന്നത്. ഇതിലും വലിയ വിരോധാഭാസമില്ല എന്നാണ് സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മുത്തഖി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വാര്‍ത്താസമ്മേളനം. 30 മിനിറ്റായിരുന്നു മുത്തഖിയുടെ വാര്‍ത്താസമ്മേളനം നീണ്ടുനിന്നത്.
വാര്‍ത്താസമ്മേളനത്തിന് ശേഷം താലിബാൻ പ്രതിനിധി സംഘത്തോടൊപ്പം മുത്തഖി പുറത്തേക്കിറങ്ങവേ പ്രധാന കവാടത്തിൽ പഴയ അഫ്ഗാൻ റിപ്പബ്ലിക്കിന്റെ പതാക പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് പ്രതിനിധി സംഘം പ്രധാന കവാടം ഒഴിവാക്കിയാണ് എംബസിയില്‍ നിന്ന് പുറത്തേക്കിറങ്ങിയത്. എംബസി കെട്ടിടത്തിന് പുറത്തുള്ള പ്രധാന കൊടിമരത്തിലും പഴയ അഫ്ഗാൻ റിപ്പബ്ലിക് പതാകയുണ്ടായിരുന്നു. പുറത്തേക്ക് പോകുമ്പോൾ എംബസി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റേതാണോ അതോ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റേതാണോ എന്ന ചോദ്യത്തിന് അത് ഞങ്ങളുടേതാണ് എന്നായിരുന്നു നടപടി. ആമിർ ഖാൻ മുത്താഖി എംബസിയിലേക്ക് കയറുന്നതിന് മിനിറ്റുകൾക്ക് മുമ്പ് തന്നെ ഒരു അഫ്ഗാൻ വംശജൻ പതാകയുമായി എത്തിയിരുന്നു. ‘ഞാൻ ഉള്ളിടത്തോളം കാലം അവരെ താലിബാൻ പതാക ഉയർത്താൻ ഞാൻ അനുവദിക്കില്ല. ഇന്ത്യൻ സർക്കാർ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കട്ടെ, അപ്പോൾ അവർക്ക് താലിബാൻ പതാക ഉയർത്താം’ എന്നാണ് വർഷങ്ങളായി അഫ്ഗാൻ എംബസിയിൽ ജോലി ചെയ്യുന്ന യുവാവ് പറഞ്ഞത്.
താലിബാന്റെ കീഴിൽ, അഫ്ഗാനിസ്ഥാന്റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആമിർ ഖാൻ മുത്തഖി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അഫ്ഗാനിസ്ഥാനില്‍ ആളുകൾ സന്തുഷ്ടരാണെന്ന് പറഞ്ഞ അദ്ദേഹം ഇടയ്ക്കിടെ ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്’ എന്ന് എടുത്ത് പറയുകയും ചെയ്തിരുന്നു. ‘എല്ലാ ദിവസവും കുറഞ്ഞത് 200- 400 പേരെങ്കിലും കൊല്ലപ്പെട്ടിരുന്ന അഫ്ഗാനിസ്ഥാനില്‍ ഇന്ന് അതില്ല, എന്തെങ്കിലും പ്രതിഷേധങ്ങൾ നടക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ല’ അദ്ദേഹം പറഞ്ഞു. ഡൽഹിയിലേക്ക് നയതന്ത്രജ്ഞരെ അയയ്ക്കുന്നതിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം നയതന്ത്രജ്ഞരെ അയയ്ക്കാമെന്ന് എസ്.ജയ്ശങ്കര് പറഞ്ഞതായും തിരികെ പോയിട്ട് ആളുകളെ തിരഞ്ഞെടുത്ത് അയയ്ക്കുമെന്നും വ്യക്തമാക്കി. താലിബാൻ ഭരണകൂടം ഒരു അംബാസഡറെ നിയമിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ ഞങ്ങൾ നയതന്ത്രജ്ഞരെ അയയ്ക്കും ക്രമേണ ബന്ധങ്ങൾ വർദ്ധിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.
ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ തുടങ്ങിയ ഭീകര സംഘടനകളുടെ അഫ്ഗാനിസ്ഥാനിലെ സാന്നിധ്യവും അദ്ദേഹം നിഷേധിച്ചു. ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്’ ഒഴികെ മറ്റാരും ഒരു ഇഞ്ച് ഭൂമി പോലും നിയന്ത്രിക്കുന്നില്ല. ഈ സംഘടനകള്‍ ഒന്നും അഫ്ഗാനിസ്ഥാനില്‍ ഇല്ല. നാല് വര്‍ഷത്തിനിടെ അവര്‍ അഫ്ഗാനിസ്ഥാന് വിട്ടുപോയി. ഞങ്ങൾക്കെതിരെ പ്രവര്‍ത്തിച്ചവരെ ഞങ്ങൾ ഇല്ലാതാക്കി’ അദ്ദേഹം പറഞ്ഞു.
തങ്ങളുടെ രാജ്യത്തിനെയോ പ്രദേശത്തിനെയോ ഉപയോഗിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്താനോ ഉപദ്രവിക്കാനോ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളം യുഎസ് സേനയ്ക്ക് കൈമാറാൻ താലിബാനോട് യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ട വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് കാബൂളിൽ ഒരു വിദേശ സൈനിക സാന്നിധ്യവും അംഗീകരിക്കില്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ‘അഫ്ഗാനിസ്ഥാന് അതിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിലും അധിനിവേശങ്ങളെ ചെറുക്കുന്നതിലും നീണ്ട ചരിത്രമുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഒരു തരത്തിലുള്ള സൈനിക ഇടപെടലുകളോ സൈനിക സാന്നിധ്യമോ അനുവദിക്കില്ല’ അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച കാബൂളിൽ നടന്ന സ്ഫോടനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആക്രമണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ‘ഒരു സ്വതന്ത്ര രാജ്യമാണ് അഫ്ഗാനിസ്ഥാൻ, അവിടെ സമാധാനം വന്നപ്പോൾ, മറ്റുള്ളവർ എന്തിനാണ് വിഷമിക്കുന്നത്? അഫ്ഗാൻ ജനതയ്ക്കും അവകാശങ്ങളുണ്ട്. കഴിഞ്ഞ നാല് വർഷത്തെ സമാധാനവും നേട്ടങ്ങളും പുരോഗതിയും ശക്തിപ്പെടുത്തണം. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതുപോലെ, പാകിസ്ഥാനുമായും നല്ല ബന്ധം ആഗ്രഹിക്കുന്നു. എന്നാൽ ഈ ബന്ധങ്ങൾ ഇരുവശത്തുനിന്നും മാത്രമേ കെട്ടിപ്പടുക്കാൻ കഴിയൂ, ഒരു വശത്ത് നിന്ന് മാത്രം സാധ്യമല്ല’ അദ്ദേഹം പറഞ്ഞു.
ചബഹാർ തുറമുഖ വികസനത്തിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും അഫ്ഗാനിസ്ഥാനും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മുത്താഖി പറഞ്ഞു. ഇന്ത്യ- പാകിസ്ഥാൻ വാഗ അതിർത്തിയിലൂടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വ്യാപാരം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്ഥാനും ഇന്ത്യയും ഈ പാത അടയ്ക്കരുത്. ഇത് ജനങ്ങളുടെ അവകാശവും ആവശ്യവുമാണ്. വ്യാപാരം ആരംഭിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമായി വാഗ തുറക്കണമെന്ന് ഇരു രാജ്യങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു’ അദ്ദേഹം പറഞ്ഞു.






