തലശ്ശേരി: സി പി എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ സൂത്രധാരന്‍ ബി ജെ പി മണ്ഡലം പ്രസിഡന്റ് ലിജേഷ് ആണെന്ന് പൊലീസ്.ബി ജെ പി കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലറാണ് ലിജേഷ്.ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെക്കൂടാതെ വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ഏഴ് പേരെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ചോദ്യം ചെയ്യലിനു ശേഷം ഇവരില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.അറസ്റ്റിലായ എല്ലാവരും ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകരാണ്.
പുന്നോലില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ബി ജെ പി – സി പി എം സംഘര്‍ഷമുണ്ടായിരുന്നു. ഉത്സവവുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം.ഇതിനുപിന്നാലെ ലിജേഷ് നടത്തിയ ഭീഷണി പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസ് കൊല്ലപ്പെട്ടത്.അക്രമം നടക്കുന്നതിന് തൊട്ടുമുന്‍പ് ലിജേഷ് നടത്തിയ ഫോണ്‍ കോളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.ആത്മജന്‍ എന്നയാളുടെ നേതൃത്വത്തിലാണ് നാലംഗ കൊലയാളി സംഘമെത്തിയതെന്നാണ് സൂചന.ഇയാൾ ഒളിവിലാണ്.