കഥയല്ല ജീവിതം തന്നെ, കാത്തിരുന്ന കല്യാണം ഇന്ന്
സ്വപ്ന സുരേഷും ഞാനും വിവാഹിതരാകാൻ തീരുമാനിച്ച വിവരം ആഹ്ലാദപൂർവ്വം ഏവരെയും അറിയിക്കുകയും ഞങ്ങളുടെ പ്രണയ ലേഖനങ്ങൾക്ക് നാളിതു വരെ നിങ്ങൾ നൽകിയ സ്നേഹ പിൻതുണയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. ഭാവി തീരുമാനങ്ങളറിയിച്ചു കൊണ്ട് സ്വപ്നക്ക് ഞാൻ എഴുതുന്ന പുതിയ കത്ത് ആദരപൂർവ്വം വായനക്കാർക്കും അഭ്യുദയ കാംഷികൾക്കും മുന്നിൽ സമർപ്പിക്കുന്നു.
പംക്തി: നല്ല നടപ്പ്
പ്രവീൺ ഇറവങ്കര
പ്രിയപ്പെട്ട സ്വപ്നാ,
ഇക്കഴിഞ്ഞ പ്രണയം ദിനത്തിനു തലേന്നാൾ ഞാൻ നിൽക്കുവേണ്ടി മാത്രം കുറിച്ച ആ ഹൃദയലേഖനം ഇങ്ങനെ ഇത്രത്തോളം കത്തിപ്പടരുമെന്ന് എഴുതിയ ഞാനോ വായിച്ച നീയോ ഓർത്തിട്ടുണ്ടാവില്ല.
എത്ര പെട്ടെന്നാണ് കാര്യങ്ങൾ നമ്മുടെ കൈവിട്ടു പോയത്.
ഇപ്പൊ ഞാൻ നിനക്കെഴുതുന്ന ഈ പ്രേമലേഖനം എങ്ങനെ എഴുതണമെന്നു പോലും തീരുമിനിക്കുന്നത് ഞാനല്ല.
എത്രായിരം നിർദ്ദേശങ്ങളാണെന്നോ കഴിഞ്ഞ ഒരാഴ്ചയായി ഞാൻ നേരിലും ഫോണിലും കേൾക്കുന്നത് !
ചിലർക്ക് ഞാൻ നിനക്കയക്കുന്ന കത്തിൽ നിറയെ ഉപദേശങ്ങളൂണ്ടാവണം.
മറ്റു ചിലർക്ക് നിറയെ സ്ത്രീ വിമോചന മുദ്രാവാക്യങ്ങളുണ്ടാവണം.
ഇനി വേറെ ചിലർക്ക് സ്വയ നിർവൃതിക്കുളള ശൃംഗാര ശാസ്ത്രം തുളുമ്പുന്ന വെണ്മണിക്കവിതളുണ്ടാവണം.
ഇതിനിടയിൽ എന്തെഴുതണമെന്നറിയാതെ പകച്ചിരിക്കുകയായിരുന്നു പോയ ദിവസങ്ങളിൽ ഈ പാവം ഞാൻ.
ഒരു കാമുകന് മനസ്സു തുറന്ന് കാമുകിക്ക് ഒരു പ്രേമലേഖനം എഴുതാൻ പോലും ഈ നാട്ടിൽ സ്വാതന്ത്ര്യം ഇല്ല !
തീർന്നില്ല ഒന്നാം പ്രേമലേഖനം പോലെ ഇതും വൈറലാക്കണമെന്നാണ് കത്തി കാട്ടി ചിലരെന്നെ ഭീഷണിപ്പെടുത്തുന്നത്…!
ഏതായാലും രണ്ടു ചെവിയുളളത് നന്നായി.
കേട്ടതൊക്കെ അതുപോലെ ഇറക്കി വിട്ടു ഞാൻ !
എന്റെ സ്വപ്നേ,
ഇത്രക്കു ബാദ്ധ്യതകളും ഗഹനതകളും കൊണ്ട് നമ്മുടെ പ്രേമലേഖനത്തിന്റെ നിലാവെട്ടം കെടുത്തിക്കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
പ്രണയം അപ്പൂപ്പൻ താടി പോലെയും
നൂലു പൊട്ടിയ പട്ടം പോലെയുമാവണം.
അതിൽ വേദാന്തം കെട്ടിത്തൂക്കിയാൽ പൊങ്ങിപ്പറക്കുന്നതെങ്ങനെ…?
ഭാരമില്ലാതെ പറന്നു പറന്ന് ഏതേതോ ആകാശങ്ങളിലൂടെ… ഏതേതോ സ്വപ്ന വർണ്ണങ്ങളിലൂടെ… ഒടുക്കം ആരും കാണാതെ ഏതോ ഒരു മരച്ചില്ലയിൽ അല്ലെങ്കിൽ ഒഴുക്കു വെള്ളത്തിൽ മൂക്കും കുത്തി…!
അതിന്റെ സുഖം പ്രണയിച്ചവർക്കല്ലേ അറിയൂ.
നമ്മൾ പരസ്പരമയച്ച കത്തിൻ പ്രകാരവും ഫോണിൽ സംസാരിച്ചതിൻ പ്രകാരവും വിവാഹം കഴിക്കാനെടുത്ത തീരുമാനം പൊതു ജനസമക്ഷം അറിയിക്കുക എന്നതാണ് ഈ തുറന്ന കത്തിന്റെ ലക്ഷ്യം.
അടുത്ത കത്ത് തികച്ചും സ്വകാര്യമായിരിക്കുമെന്നും ഇത്തരുണത്തിൽ ഞാൻ നിനക്ക് വാക്കു തരുന്നു.
പണ്ടൊക്കെ എന്റെ BS കാലത്ത് (Before Swapna) പരിസരമറിയാതെ റോട്ടുവക്കിലും മരച്ചുവട്ടിലും പാർക്കിലും ക്യാമ്പസിലും മണിക്കൂറുകളോളം സംസാരിച്ചു നിൽക്കുന്ന കാമുകീ കാമുകന്മാരെ കാണുമ്പോൾ അസൂയയോടെ ഞാൻ ആലോചിച്ചിട്ടുണ്ട്, ഇവർക്ക് എന്താണ് ഇത്ര സംസാരിക്കാനുളളതെന്ന് !
സ്വപ്നാ,
നമ്മൾ പ്രണയത്തിലായ ശേഷമാണ് എനിക്ക് ബോധ്യമായത് ദിവ്യ പ്രണയത്തിന് അങ്ങനെ വിഷയ ദാരിദ്ര്യമുണ്ടാവില്ലെന്ന്.
ആകാശത്തിനു ചോട്ടിലുളള സകലതും നമുക്ക് വിഷയങ്ങളാണെന്ന് !
ആഗോളവത്കരണത്തിന്റെ അപകടം മുതൽ ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിന്റെ മുന്നറിയിപ്പും ഇന്ത്യയുടെ പുത്തൻ വിദേശനയവും ചൈന ഉയർത്തുന്ന ജൈവായുധ ഭീഷണിയും വരെ സർവ്വ പ്രണയികൾക്കും അഴകുള്ള ആയുധങ്ങളാണ് !
കാരണം തല പോകുന്ന കാര്യം പോലും പ്രണയ മധുരത്തിൽ മുക്കിയാണെല്ലോ പ്രപഞ്ചമുണ്ടായ കാലം മുതൽ ആണും പെണ്ണും കണ്ണിൽക്കണ്ണിൽ നോക്കി കടുകു വറുത്തു കോരുന്നത് !
അന്നാ പ്രേമലേഖനം ഞാൻ നിനക്കെഴുതിയതിന്റെ ചേതോവികാരം എന്തായിരുന്നു എന്ന് നമ്മുടെ വൈറൽ പ്രണയ പർവ്വത്തിന്റെ ആദ്യ നാളിൽ നീ എന്നോടു ചോദിച്ചു.
ആ ചോദ്യം ഞാൻ എന്നോടും ചോദിച്ചു.
ഉത്തരം കിട്ടിയത് അതെഴുതിയത് ഞാനായിരുന്നില്ല എന്നാണ്.
എന്റെ മനസ്സായിരുന്നു !
എനിക്കു പോലും പിടി തരാത്ത എന്റെ മനസ്സ്…!
സ്വപ്നാ ആ നേരം എനിക്കു നീ കരുണ യാചിക്കുന്ന ഇരയുടെ ഒരുതുള്ളി കണ്ണീർമുത്തായിരുന്നു.
നിനക്കു വേണ്ടി മാത്രമല്ല ഞാനത് എഴുതിയത്.
നിന്റെ മുഖമുളള ഒരു കോടി പെണ്ണിനു വേണ്ടിയാണ്.
അവരുടെ പുറംലോകമറിയാത്ത നിലവിളികളോർത്താണ്.
നിന്റെ സ്വർണ്ണക്കടത്തും അതിലെ രാഷ്ട്രീയവുമൊന്നും എന്റെ വിഷയങ്ങളല്ല.
നീയെന്ന പെണ്ണു മാത്രമാണ് ആ നേരം എന്റെ ചങ്കിലിരുന്നു പൊളളിയത്.
ഇന്നലെ നീ എന്നോടു പറഞ്ഞു കത്തുന്ന കാടായിരുന്നു നീയെന്നും ഓർക്കാപ്പുറത്ത് അതിലേക്കു പെയ്തിറങ്ങിയ പെരുമഴയായിരുന്നു ഞാനെന്നും !
നിന്റെ കോങ്കണ്ണുളെ ഞാൻ എന്റെ കല്പനാ മന്ത്രവാദം കൊണ്ട് ലോകത്തേറ്റവും മനോഹരമായ കമല ലോചനങ്ങളാക്കി മാറ്റിയെന്നും…!
ആ നേരം എന്നിലെ ആൺമരം ഒറ്റ നിമിഷം കൊണ്ട് തളിർത്തു പൂത്ത് വിടർത്തിയ ഒരു ചുവന്ന ഒറ്റയിതൾപ്പൂവുണ്ട്.
എന്തൊരു മണമായിരുന്നു, അതിനെന്നോ !
പ്രിയമുളളവളേ,
ഞാൻ നിനക്കും നീ എനിക്കുമെഴുതിയ പ്രേമലേഖനങ്ങൾക്ക് അക്ഷര സ്നേഹികളായ മലയാളികൾ നൽകിയ വമ്പൻ വരവേൽപ്പ് എന്നെ എത്രമാത്രം ആനന്ദിപ്പിച്ചെന്നോ?
കഴിഞ്ഞ പത്തിരുപത്തിയഞ്ചു വർഷമായി അക്ഷരോപാസന കൊണ്ട് ഉപജീവനം കഴിക്കുകയും 103 ലൈവ് കമെന്ററികൾ ചെയ്യുകയും ചില്ലറ അവാർഡുകൾ കിട്ടുകയും ചെയ്ത എനിക്ക് ഒരു പ്രണയലേഖനം നൽകിയ ജനപ്രീതിയും സംതൃപ്തിയും ചെറുതല്ലെന്നും അതിനു കാരണം നമ്മുടെ അപ്രതീക്ഷിതാനുരാഗമാണെന്നും സമ്മതിക്കാൻ എനിക്ക് ലവലേശം ലജ്ജയില്ല.
ഐശ്വര്യമുളളവളാണ് നീ.
നിന്നെ കയ്യൊഴിഞ്ഞവരൊക്കെയും ഭാഗ്യദോഷികളാണെന്നല്ലാതെ ഞാനെന്തു പറയാൻ ?
ആയിരം അഭിപ്രായങ്ങൾക്കിടയിൽ ഏതൊ ഒരു പെണ്ണു ചോദിച്ചു ഇത്രയും മനോഹരമായി പ്രേമലേഖനമെഴുതുന്ന ഈ മനുഷ്യന് കോളജ് കാലത്ത് എത്ര കാമുകിമാരുണ്ടായിരിക്കുമെന്ന് !
എന്നാൽ സ്വപ്നയോടു മാത്രം ഞാൻ ഒരു സത്യം പറയാം. അക്കാര്യത്തിൽ ഞാൻ ഒരു ലോകതോൽവിയായിരുന്നു. ഒറ്റപ്പുത്രനായതുകൊണ്ട് ഏതു നേരവും അമ്മയുടെ അജ്ഞാത ക്യാമറ നിരീക്ഷണത്തിലിയിരുന്നു ഞാൻ.
പിന്നെ അരിശം തീർക്കിനെഴുതിയ പ്രേമലേഖനങ്ങളൊക്കെ വാണിജ്യാടിസ്ഥാനത്തിലായിരുന്നു.
കോളജ് കാന്റീനിലെ സത്യേട്ടന്റെ പരിപ്പു വടയും അവലോസുണ്ടയുമായിരുന്നു പ്രലോഭനങ്ങൾ.
എന്റെ വിശ്വവിഖ്യാത പ്രണയലേഖനങ്ങൾ ആ കാലത്ത് കാശുമുടക്കി വാങ്ങിച്ച അനേകം കാമുകന്മാർ വിജശ്രീ ലാളിതരായി കാമുകിമാരുടെ കയ്യും പിടിച്ച് കഥകൾ കൈമാറി എന്റെ കൺമുന്നിലൂടെ നടക്കുമ്പോൾ അമ്മയെപ്പേടിച്ച് കൂമ്പ് അടഞ്ഞു പോയ പ്രണയങ്ങളെ ഓർത്ത് ദീർഘനിശ്വാസപ്പെടുകയായിരുന്നു ഞാൻ.
പിന്നെ പൂനൈയിൽ പഠിക്കാൻ പോയപ്പോൾ രാഷ്ട്രഭാഷ പഠിച്ചു പ്രേമലേഖനമെഴുകി തുടങ്ങിയപ്പൊഴേക്കും കോഴ്സ് കഴിഞ്ഞു.
അങ്ങനെ എനിക്ക് ഉതകാതെപോയ അനേകായിരം പ്രണയലേഖനങ്ങളുടെ പ്രാർത്ഥനയാവണം നമ്മുടെ ഈ പ്രേമലേഖന വിജയം !
പണ്ടു പണ്ടൊരു ബഷീറിയൻ യുഗത്തിൽ ബഷീർ, കേശവൻ നായരെക്കൊണ്ട് സാറാമ്മക്ക് എഴുതിച്ചു:
“പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവ്വനതീഷ്ണവും ഹൃദയം പ്രണയ സുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു ?
ഞാനാണെങ്കിൽ എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിയുകയാണ്- സാറാമ്മയോ…?
ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്
സാറാമ്മയുടെ
കേശവൻ നായർ”
പിന്നീട് പ്രണയ സാഫല്യവും വിവാഹവും കഴിഞ്ഞ് കുട്ടിയുണ്ടാകുമ്പോൾ അതിന്റെ കാതിൽ വിളിക്കാൻ അവർ മതമില്ലാത്ത ഒരു പേരും കണ്ടു വെച്ചു: ‘ആകാശമിഠായി !’
മലയാളം ഇളക്കിമറിച്ച ആ പ്രേമലേഖനം എന്റെ സ്വപ്നാ, മനുഷ്യനും പ്രണയവുമുളളിടത്തോളം ഒരു തീസിസ് ആണ് !
എഴുതിയെഴുതി നമ്മൾ ഏറെ ദൂരമെത്തി.
പ്രണയമങ്ങനെയാണ്.
വിനീത് ശ്രീനിവാസൻ നെവൻ പോളിയെക്കൊണ്ട് പറയിച്ച പോലെ, “പ്രണയം
തലയ്ക്കു പിടിച്ചിൽ പിന്നെ ചുറ്റുമുള്ളതൊന്നും നമ്മൾ കാണില്ല !”
ഈ ചെറിയ പ്രണയത്തീപ്പൊരിയെ കാട്ടുതീയുടെ വന്യപ്പൊലിമയിലെത്തിച്ച പ്രിയ ജീജ സുരേന്ദനും മറുനാടൻ സാജൻ സക്കറിയക്കും മറ്റു മാന്യ മാദ്ധ്യമ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി പറയാം നമുക്ക്.
നേരമേറെയായി.എന്നാ ഇനി നമുക്കാ രഹസ്യം പരസ്യമാക്കാം, അല്ലേ സ്വപ്നാ ?
നമ്മുടെ വിവാഹം…
അത് നമ്മൾ നിശ്ചയിച്ചുപ്പിച്ചു കഴിഞ്ഞെല്ലോ !
അടുത്ത ജന്മത്തിൽ…!
ഈ ജന്മം എനിക്കും നിനക്കും എത്രയോ മറ്റു വേഷങ്ങൾ കെട്ടിയാടാനുണ്ട്.
ഏറ്റെടുത്ത കഥാപാത്രങ്ങളെ വിജയിപ്പിക്കാനുണ്ട്.
ഇനിയൊരു ജന്മമുണ്ടങ്കിൽ നമുക്കാ സരയൂ തീരത്തു കാണാം എന്നു ഞാൻ പാടിയപ്പോൾ
പിന്നെയും ജന്മമുണ്ടെങ്കിൽ യാദവ യമുനാ തീരത്തു കാണാം എന്നു നീ മറുപാട്ട് പാടിയില്ലേ ?
ഇനി അഥവാ പുനർജന്മം എന്നൊന്നില്ലെങ്കിൽ നമുക്കുവേണ്ടി പ്രപഞ്ചം അങ്ങനെയൊന്ന് പുതുതായി നിർമ്മിക്കും.
കാരണം നമ്മുടെ പ്രണയ സ്വപ്നങ്ങൾക്ക് കളങ്കമില്ല.
ഉറപ്പായും നമ്മൾ കണ്ടുമുട്ടും.
പക്ഷേ സ്വപ്നാ അന്ന് എനിക്ക് ചെറിയോരു ഡിമാന്റ് ഉണ്ടാവും.
നമ്മുടെ കന്നിക്കനിയെ ഞാൻ ‘ആകാശമിഠായി’ എന്നു പേർ ചൊല്ലി വിളിക്കും. എന്താ സമ്മതമല്ലേ ?
പറയാനേറെയുണ്ടെങ്കിലും തല്ക്കാലം നിർത്തുന്നു.
പ്രണയാർദ്രം,
സ്വന്തം
പ്രവീൺ ഇറവങ്കര