KeralaNEWS

മൂന്നാറിലെ തണുത്ത മണ്ണിലും പൊന്നു വിളയിക്കാൻ സൂര്യകാന്തി

മൂന്നാര്‍: ഉഷ്ണമേഖലകളില്‍ മാത്രം മികച്ച വിജയം നേടിയിരുന്ന സൂര്യകാന്തി ഇനി മൂന്നാറിന്റെ തണുത്ത മണ്ണിലും പൊന്നു വിളയിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നാറില്‍ ഹോര്‍ട്ടികോര്‍പ്പ് നടത്തിയ കൃഷിയാണ് വിജയത്തിലെത്തിയത്.

സ്ട്രോബറി പാര്‍ക്കിന്റെ വിജയത്തിനു പിന്നാലെ പരീഷണാടിസ്ഥാനത്തില്‍ നടത്തിയ സൂര്യകാന്തി കൃഷിയും വിജയം കണ്ടെതോടെ ഈ കൃഷി കൂടുതല്‍ വ്യാപകമാക്കുവാന്‍ ഹോര്‍ട്ടികോര്‍പ്പ് ഒരുങ്ങുകയാണ്.

സൂര്യകാന്തി കൃഷിക്കുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞ് കൃഷി നടപ്പാക്കാനാണ് ഹോര്‍ട്ടികോര്‍പ്പ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ഒക്ടോബറില്‍ സ്ട്രോബറി പാര്‍ക്ക് സ്ഥാപിക്കുന്നതിന് തൈകള്‍ നട്ടു തുടങ്ങിയപ്പോഴാണ് സൂര്യകാന്തി ചെടികളും പരീഷണാടിസ്ഥാനത്തില്‍ നട്ടത്.
ആറു മാസത്തിനകം സൂര്യകാന്തി പൂവിട്ട് നല്ല രീതിയില്‍ വളരുകയും ചെയ്തു. ഇത് പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വലിയ പ്രചോദനമായി.

വ്യാവസായികമായി വളരെയേറെ പ്രാധാന്യമുള്ള സൂര്യകാന്തിക്ക് മൂന്നാറിലെ അന്തരീക്ഷത്തില്‍ വളരുവാന്‍ സാധിക്കുമെന്ന് തെളിഞ്ഞതോടെ കാര്‍ഷിക രംഗത്ത് പുതിയ സാധ്യതകള്‍ തേടുകയാണ് പാര്‍ക്കിലെ അധികാരികള്‍. സ്ട്രോബറി കൃഷി കാണുവാനും പഴങ്ങളുടെ രുചി ആസ്വദിക്കാനുമെത്തുന്ന സഞ്ചാരികള്‍ക്കും സൂര്യകാന്തി മനോഹരമായ കാഴ്ചകളാണ് ഒരുക്കുന്നത്. പാര്‍ക്കിലെത്തുന്ന സഞ്ചാരികളുടെ ആവശ്യപ്രകാരം പാര്‍ക്കില്‍ തന്നെ സൂര്യകാന്തിയുടെ വിത്തുകളും ലഭ്യമാണ്.

ഇന്ത്യയില്‍ തന്നെ വ്യാവസായിക ആവശ്യങ്ങള്‍ക്കായി സൂര്യകാന്തി കൃഷി ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ബീഹാര്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ മൂന്നു സംസ്ഥാനങ്ങളും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണെന്നതും പ്രതീക്ഷ പകരുന്ന കാര്യമാണ്. മുമ്പ് സഞ്ചാരികള്‍ക്ക് സൂര്യകാന്തി കൃഷി കാണണമെങ്കില്‍ വട്ടവടയില്‍ എത്തേണ്ടതുണ്ടായിരുന്നു. മൂന്നാറില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഈ കൃഷി വ്യാപകമാക്കുകയാണെങ്കില്‍ സഞ്ചാരികള്‍ക്കും അത് ഏറെ പ്രയോജനകരമാകും.

Back to top button
error: