KeralaNEWS

നമ്മുടെ പുരയിടത്തില്‍ കുഴിയെടുക്കുമ്പോള്‍ ഒരു അമൂല്യ വസ്‍തുവോ , നിധിയോ കിട്ടിയാല്‍ എന്ത് ചെയ്യും? 

വീടുവെക്കുമ്പോഴോ  ,കിണര്‍ കുഴിക്കുമ്പോഴോ ഭൂമിക്കടിയില്‍ നിന്ന് പുരാവസ്തു മൂല്യമുള്ള പഴയ വസ്തുക്കള്‍ കിട്ടാറുണ്ട്. നിയമപ്രകാരം  നമ്മുടെ ഭൂമി ആണെന്ന് കരുതി ആ വസ്തുക്കള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിയില്ല. നികുതി കൊടുത്താണ് ആ ഭൂമിയില്‍ കഴിയുന്നത് എന്നിരിക്കെ നമ്മള്‍ ആ ഭൂമിയിലെ വാടകക്കാരനാണ്.അതിനാല്‍ തന്നെ ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കളുടെ മേല്‍ സര്‍ക്കാരിന് മാത്രമാണ് അധികാരം.
അത്തരം വസ്തുക്കള്‍ കിട്ടിയാല്‍ ആദ്യം അവ ഏറ്റെടുക്കേണ്ടത് കളക്ടറോ അല്ലെങ്കില്‍ കളക്ടര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോ ആണ്. പിന്നീട് ആ വസ്തു   ആര്‍ക്കിയോളജി വകുപ്പ്  ഏറ്റെടുക്കും.അമൂല്യ വസ്തുക്കള്‍ ലഭിച്ചാല്‍ അതിന്‍റെ മെറ്റീരിയല്‍ വാല്യൂവിന്‍റെ നിശ്ചിത ശതമാനം ഇന്‍സെന്‍റീവ് തുക (പുരാവസ്തു മൂല്യം അല്ല) ഭൂമിയുടെ ഉടമയ്ക്ക് ലഭിക്കും. ഉദാഹരണത്തിന് ഭൂമിക്കടിയില്‍ നിന്ന് കിട്ടുന്നത് ഒരു പവന്‍ സ്വര്‍ണ്ണമാണെങ്കില്‍, ഒരു പവന് എത്രയാണോ ആ സമയത്തുള്ള വിപണി വില അത് നല്‍കും.
പാരമ്പര്യമായി കിട്ടിയ പത്തായം, ഒറ്റമരത്തില്‍ കുഴിച്ചെടുത്ത മഞ്ച, എണ്ണ കോരി തുടങ്ങിയ വസ്തുക്കളും  പൈതൃക വസ്തുക്കള്‍ എന്ന ഗണത്തിൽ വരും.അവ ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യണം.തങ്ങളുടെ വസ്തുക്കള്‍ സര്‍ക്കാരിന് നല്‍കേണ്ടി വരുമോ , അല്ലെങ്കില്‍ എന്തെങ്കിലും നിയമനടപടികള്‍ നേരിടേണ്ടിവരുമോ എന്നുള്ള ഭയം കാരണവും, വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ബുദ്ധിമുട്ടും ആളുകളെ ഇത്തരം നടപടികളില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിക്കുന്നുണ്ട്.പാരമ്പര്യമായി കിട്ടിയ ഏത് വസ്‍തുക്കളെയും പുരാവസ്തു എന്ന് വിളിക്കാം.പാരമ്പര്യമായി കൈമാറിവന്ന വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല എങ്കിലും രജിസ്റ്റര്‍ ചെയ്യുന്നതാണ് ഉചിതം ;പ്രത്യേകിച്ച് വിലപിടിപ്പുള്ള സാധനങ്ങള്‍. കാരണം, എന്തെങ്കിലും കാരണവശാല്‍ നഷ്ടപ്പെടുകയോ , അല്ലെങ്കില്‍ മോഷണം പോകുകയോ ചെയ്താല്‍, പുരാവസ്തുവായി രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാകും. മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വളരെ എളുപ്പത്തില്‍ കണ്ടെത്താനും കഴിയും.
ഒരു വസ്തുവിനെ പുരാവസ്തുക്കളുടെ ഗണത്തില്‍ പെടുത്തണമെങ്കില്‍ അതിന് ചില നിബന്ധനകളുണ്ട്. അതിലൊന്നാണ് കുറഞ്ഞത് 100 വര്‍ഷം പഴക്കമുണ്ടായിരിക്കണം എന്നുള്ളത്. വസ്തുവിന്‍റെ പ്രത്യേകത, ചരിത്രപരമായ പ്രാധാന്യം, സൗന്ദര്യപരമായ യോഗ്യത ഇതെല്ലാം കണക്കിലെടുത്താണ് പുരാവസ്തുക്കളെ നിര്‍ണയിക്കുന്നത്. ഈ സവിശേഷതകള്‍ എല്ലാമുള്ള ഒരു വസ്തു  ആന്‍റിക്വിറ്റിസ് ആര്‍ട്ട് ട്രഷേഴ്‍സ് ആക്ട്, 1972 പ്രകാരം രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ മാത്രമേ പുരാവസ്തുവായി കണക്കാക്കൂ.പുരാവസ്തു ആയി രജിസ്റ്റര്‍ ചെയ്ത വസ്തുക്കള്‍ ഇന്ത്യയില്‍ എവിടെ വേണമെങ്കിലും കൊണ്ടുപോകാം, പക്ഷേ, യാതൊരു കാരണവശാലും രാജ്യാതിര്‍ത്തി വിട്ട് കൊണ്ടുപോകാന്‍ പാടില്ല. ഇത് നിയമവിരുദ്ധമാണ്. മൂന്ന് വര്‍ഷത്തെ തടവിനും ,പിഴക്കും ആ വ്യക്തി വിധേയനാകേണ്ടി വരും. ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഓഫീസ് മുഖാന്തിരം ആര്‍ക്കും ചെയ്യാവുന്നതാണ് പുരാവസ്തുക്കളുടെ രജിസ്റ്റേട്രേഷന്‍ നടപടികള്‍. അതിനായി വെബ്‌സൈറ്റില്‍ അപേക്ഷ ഫോം ലഭ്യമാണ്. അത് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യേണ്ട വസ്തുവിന്‍റെ നാല് ഫോട്ടോഗ്രാഫും സഹിതം കേന്ദ്ര പുരാവസ്തു വകുപ്പ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. തുടര്‍ന്ന് ഒരു നിശ്ചിത തീയതിയില്‍ വസ്തു പരിശോധനക്ക് ഹാജരാക്കണമെന്ന് അവര്‍ ആവശ്യപ്പെടും. അതിന് ശേഷമുള്ള പരിശോധനയിലാണ് ആ വസ്തു പുരാവസ്തു ആണോ എന്ന് തിരിച്ചറിയുന്നത്. ആണെങ്കില്‍ ആ വസ്തുവിന് രജിസ്റ്റ്‌ട്രേഷന്‍ കൊടുക്കും. പക്ഷേ, അതിന് മുൻപ് ആ വസ്തു എവിടെ നിന്നാണ് കിട്ടിയതെന്ന് കമ്മിറ്റിയെ ബോധ്യപ്പെടുത്താന്‍ വസ്തുവിന്‍റെ ഉടമസ്ഥന്‍ ബാധ്യസ്ഥനാണ്. മോഷണ വസ്തുവല്ല പകരം പാരമ്പര്യമായി കിട്ടിയതോ , കൈമാറ്റം കിട്ടിയതോ ആണെന്ന് തിരിച്ചറിയാനാണ് വസ്തുവിന്‍റെ ഉറവിടം ഉദ്യോഗസ്ഥര്‍ ആരായുന്നത്. ഈ പ്രക്രിയകളെല്ലാം കഴിഞ്ഞാല്‍ കമ്മിറ്റി ഉടമസ്ഥന് ഒരു രജിസ്റ്റട്രേഷന്‍ നമ്പര്‍ നല്‍കും.

Back to top button
error: