തമിഴ്നാട്ടിൽ കോവിഡ് ലോക്ഡൗൺ അടുത്തമാസം രണ്ടുവരെ തുടരുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അതേസമയം പ്രതിദിന കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞതോടെ നഴ്സറി സ്കൂളുകളും പ്ലേ സ്കൂളുകളും ഉൾപ്പെടെ തുറക്കാനും തീരുമാനിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു തീരുമാനം.
സിനിമാതീയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കും. വിവാഹവും വിവാഹവുമായി ബന്ധപ്പെട്ട പരിപാടികളിലും 200 പേരെവരെ പങ്കെടുപ്പിക്കാം. നേരത്തെ നൂറുപേർക്കായിരുന്നു അനുമതി. മരണാനന്തരചടങ്ങുകളിൽ അൻപതുപേർക്കുപകരം നൂറുപേരെ അനുവദിക്കും. അതേസമയം സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ സമ്മേളനങ്ങൾക്കു നിരോധനം തുടരും. അടുത്ത ബുധനാഴ്ച മുതലാണ് കൂടുതൽ ഇളവുകൾ.
ജനുവരി 22 ന് സംസ്ഥാനത്ത് 30,744 കോവിഡ് രോഗികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നലെയായപ്പോഴേക്കും രോഗികളുടെ എണ്ണം 3,086 ആയി കുറഞ്ഞു.