പുനഃസംഘടനയിൽ തഴഞ്ഞു ,പുതിയ യുദ്ധ മുഖം തുറന്ന് സച്ചിൻ പൈലറ്റ്
പുനഃസംഘടനയിൽ തഴയപ്പെട്ട സച്ചിൻ പൈലറ്റ് കോൺഗ്രസിൽ പുതിയ യുദ്ധ മുഖം തുറക്കുന്നു .ഇത്തവണ ഗുജ്ജർ വിഷയം ഉന്നയിച്ചാണ് സച്ചിന്റെ നീക്കം .പിന്നാക്ക വിഭാഗക്കാരായ ഗുജ്ജറുകൾക്ക് അഞ്ച് ശതമാനം സംവരണം നൽകുന്നില്ലെന്ന് കാട്ടി സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനു കത്തെഴുതി .
ഗുജ്ജർ സമുദായക്കാരാണ് എങ്കിലും തങ്ങളുടെ രാഷ്ട്രീയ വഴിയിൽ ഒരിക്കലും ജാതീയത പറയാത്തവർ ആണ് രാജേഷ് പൈലറ്റും സച്ചിൻ പൈലറ്റും .എന്നാൽ പൊടുന്നനെ സച്ചിൻ ഗുജ്ജർ രാഷ്ട്രീയം പറയാൻ ആരംഭിച്ചത് കോൺഗ്രസ് വൃത്തങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട് .
ഗുജ്ജറുകൾ പൊതുവെ ബിജെപിയെ പിന്തുണക്കുന്നവർ ആണ് .സംസ്ഥാനത്ത് 7 ശതമാനത്തോളം ഗുജ്ജറുകൾ ഉണ്ടെന്നാണ് കണക്ക് .30 ലേറെ അസംബ്ലി മണ്ഡലങ്ങളിൽ ഇവർക്ക് നിർണായക സ്വാധീനം ഉണ്ട് .കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നു കരുതി ഗുജ്ജർ സമുദായം കോൺഗ്രസിന് വോട്ടു ചെയ്തിരുന്നു .
ആട്ടിടയ സമുദായമാണ് ഗുജ്ജർ .പടിഞ്ഞാറൻ ഉത്തർ പ്രദേശിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലും ഇവർക്ക് സ്വാധീനം ഉണ്ട് .ഈ സ്വാധീനം യുപിയിൽ ഉപയോഗിക്കാം എന്ന് കരുതിയാണ് പ്രിയങ്കാ ഗാന്ധി സച്ചിൻ പൈലറ്റിനെ കോൺഗ്രസിലേക്ക് തിരികെ കൊണ്ടുവരാൻ മുൻകൈ എടുത്തത് .
അച്ചടക്കമുള്ള പാർട്ടിപ്രവർത്തകൻ ആയി തിരിച്ചെത്തിയ സച്ചിന് പുനഃസംഘടനയിൽ മികച്ച നിയമനം പ്രതീക്ഷിച്ചിരുന്നു .എന്നാൽ ഇപ്പോഴത്തെ പുനഃസംഘടനയിൽ കോൺഗ്രസ് ഹൈക്കമാൻഡ് സച്ചിനെ പരിഗണിച്ചില്ല .