തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കുറവൻകോണം ടാബ്സ് ഗ്രീൻടെക് അലങ്കാരച്ചെടി വിൽപന ശാലയിലെ ജീവനക്കാരി വിനീത പട്ടാപ്പകൽ കുത്തേറ്റു മരിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തമിഴ്നാട് സ്വദേശി രാജേഷാണ് പിടിയിലായത്. പേരൂർക്കടയിലെ ചായക്കട തൊഴിലാളിയാണിയാൾ.
പൊലീസ് തമിഴ്നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിനിടെ ഇയാൾക്കും പരുക്കേറ്റിരുന്നു. പേരൂർക്കട ആശുപത്രിയിലെത്തി ചികിത്സ നടത്തിയിട്ടാണ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നത്. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകം എന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച മാല കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ കൊലയാളിയുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ നിന്ന് ആളെ തിരിച്ചറിഞ്ഞ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് നിർണായക വിവരങ്ങൾ പൊലീസിനു കൈമാറിയത്. സംഭവം നടന്ന ചെടി വിൽപനശാലക്കു സമീപത്തു നിന്നു തന്റെ ഓട്ടോയിൽ കയറിയ വ്യക്തി മെഡിക്കൽ കോളജിനടുത്തേക്കു പോകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ തൊട്ടടുത്ത മുട്ടട ജംക്ഷനു സമീപം റോഡരികിലെ ആലപ്പുറം കുളത്തിനടുത്ത് ഇറങ്ങിയെന്നും ഡ്രൈവർ അറിയിച്ചു. പ്രതി മലയാളിയല്ലെന്നും സൂചന ലഭിച്ചിരുന്നു.
ടാബ്സ് ഗ്രീൻടെക്കിനു മുന്നിലെ റോഡിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് അലങ്കാരച്ചെടി വിൽപന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര് വാണ്ട പറമ്പള്ളിക്കോണം കുന്നുംപുറത്തു വീട്ടിൽ വിനീതയെ(38) കടയ്ക്കുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടത്.