HealthLIFE

ആടലോടകത്തിന്റെ അത്ഭുത ഗുണങ്ങൾ

യുർ‌വേദത്തിൽ ഏറെ  ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യയിനമാണ് ആടലോടകം.ഏത് കാലാവസ്ഥയിലും വളരുമെന്നതിനാൽ വീട്ടുമുറ്റത്ത് ഒന്നോരണ്ടോ ആടലോടകം നട്ടാൽ അത് ഏറെ പ്രയോജനം ചെയ്യും.ആടലോടകത്തിന്റെ തണ്ടുകള്‍ മുറിച്ച് നട്ടാല്‍ മതിയാകും.ഔഷധസസ്യമെന്ന രീതിയില്‍ ഒന്നോ രണ്ടോ ചെടി വീടുകളില്‍ നടുന്നതിന് ഉപരി അതിര്‍ത്തികളില്‍ വേലിയായും ആടലോടകം വളര്‍ത്താം.

അല്‍പം ജലലഭ്യത ഉറപ്പാക്കിയാല്‍ നട്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആവശ്യത്തിലധികം ഇലകള്‍ ലഭിക്കും. ഇലകള്‍ ഒട്ടനവധി ഒറ്റമൂലികള്‍ക്കും മറ്റു ഔഷധനിര്‍മ്മാണത്തിനും ഉപയോഗിക്കുന്നതിനു പുറമേ ജൈവ കീടനാശിനി നിര്‍മ്മാണത്തിലും സ്വാഭാവിക കീട നിയന്ത്രണത്തിലും വളരെയധികം ഉപയോഗിച്ച് വരുന്നു.
ആടലോടകത്തിന്‍റെ ഇലയും പൂവും വേരും വിത്തും ഔഷധയോഗ്യമാണ്. വേരിന്മേല്‍ത്തൊലിയ്ക്കു ഔഷധഗുണം കൂടും.വൈദ്യമാതാവ്, സിംഹി, വാശിക, വൃഷം, ആരൂഷം, സിംഹാസ്യം, വാസക, വാജിദന്തകം. ദാരുനാഗരാദി, ദശമൂലദുരാലരാദി, ത്രിഫലാദി, രാസ്നാശുണ്ഠ്യാദി, വാഗാദി, ബലജീരകാദി, ദശമൂലകടുത്രയം തുടങ്ങിയ കഷായങ്ങൾ ആടലോടക വേര് ചേർത്തുണ്ടാക്കുന്നതാണ്.
ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിക്കയാണെങ്കിൽ‍ കഫം ഇല്ലാതാവുകയും, തണലിൽ‍ ഉണക്കിപ്പൊടിച്ച ഇലക്കഷായം പഞ്ചസാര ചേർത്ത് ചുമയ്ക്ക് ഉപയോഗിക്കുകയും ചെയ്യാം.ഇത് രക്‌തസ്രാവം, രക്തപിത്തം, പനി, ക്ഷയം, നെഞ്ചു വേദന, അതിസാരം, കാസം, എന്നിവയേയും ശമിപ്പിക്കും.
രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ആടലോടകത്തിൽ നിന്ന് തയ്യാറാക്കുന്ന വാസിസെൻ എന്ന മരുന്ന് ഉപയോഗിക്കുന്നു. ആര്‍ത്തവ സമയത്ത് കൂടുതല്‍ രക്തം പോകുന്നുണ്ടെങ്കില്‍ ആടലോടകത്തിന്റെ ഇലയുടെ നീര് 15 മില്ലിയും 15 ഗ്രാം ശര്‍ക്കരയും ചേര്‍ത്ത് ദിവസേന രണ്ടു നേരം വീതം കഴിക്കുക. ക്ഷയരോഗത്തിന്‍റെ ആദ്യ അവസ്ഥയില്‍ ചുമ ഉണ്ടെങ്കില്‍ ആടലോടക ഇളനീര് 1 ടീസ്പൂണ്‍ വീതം ദിവസേന 3 നേരം കഴിക്കുക.
നേത്രരോഗങ്ങള്‍ക്ക് ഇതിന്‍റെ പൂവിന്‍റെ നീര് കണ്ണില്‍ ഒഴിക്കുന്നത് നല്ലതാണ്.ഉണങ്ങിയ ഇലകള്‍ ചുരുട്ടാക്കി വലിക്കുന്നത് മൂലം ആസ്ത്മ രോഗത്തിന് ശമനം ലഭിക്കും. ഒരു ടീസ്പൂണ്‍ ആടലോടകത്തിന്റെ ഇലയുടെ നീരും ഒരു കോഴിമുട്ട വാട്ടിയതും അല്‍പ്പം കുരുമുളക് പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ ചുമ, കഫക്കെട്ട് ഇവ മാറുന്നതാണ്.ആടലോടകത്തിന്റെ ഇല, കണ്ടകാരിയില, ചെറു വഴുതനയില ഇവ കഷായം വെച്ച് കുടിച്ചാല്‍ വയറിലെ കൃമികള്‍ നശിക്കും.
ആടലോടകത്തിന്റെ ഇല വെയിലത്ത്‌ ഉണക്കി പൊടിച്ചത്, അരി വറുത്തു പൊടിച്ചത്, കല്‍ക്കണ്ടം, ജീരകം,കുരുമുളക് ഇവ പൊടിച്ചത്, ചേര്‍ത്ത് കഴിച്ചാല്‍ ചുമ, ജലദോഷം, കഫക്കെട്ട് എന്നിവ മാറും.
നെഞ്ചിലെ കഫക്കെട്ടുമാറ്റാൻ അദ്ഭുത കഴിവുള്ള ഈ ഔഷധ സസ്യം ആയുർവേദ ഔഷധ നിർമാണത്തിൽ ഏറെ പ്രധാനമാണ്. ഇന്നു ലഭിക്കുന്ന എല്ലാ കഫ് സിറപ്പുകളിലേയും മുഖ്യഘടകമാണ് ഇത്.
വാശാരിഷ്‌ടത്തിലെ പ്രധാന ചേരുവ ആടലോടകമാണ്. കനകാസവത്തിനും ഈ ചെടിയുടെ വേര് ഉപയോഗിക്കുന്നു.
കൊച്ചുകുട്ടികൾക്കു ജലദോഷത്തോടൊപ്പം കഫം ഇളകി മാറ്റുന്നതിനും ആടലോടക ഇലയുടെ സ്വരസം അഞ്ച് മില്ലി തുല്യ അളവിൽ തേനും ചേർത്ത് ദിവസം പലതവണ കൊടുക്കാം.
ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ് ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ കൂടും.ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും.ആടലോടകം സമൂലം അരിഞ്ഞ് 30 ഗ്രാം 750 മില്ലി വെള്ളത്തിൽ കഷായം വച്ച് 100 മില്ലിയാക്കി അല്പം തിപ്പല്ലിപ്പൊടി ചേർത്ത് സേവിക്കുന്നത് ചുമയ്ക്കും ശ്വാസവൈഷമ്യത്തിനും സിദ്ധൗഷധമാണ്.

Back to top button
error: