LIFETravel

യാത്ര , അത് ആസ്വദിക്കാനുള്ളതാണ്

ജീവിതം തന്നെ ഒരു യാത്രയാണ്.എന്നിരുന്നാലും ഉള്ള ജീവിതത്തിൽ ഒരു പാട് യാത്ര ചെയ്യണം. വീണ്ടും വീണ്ടും വിദൂര താരകങ്ങളെ തേടി യാത്ര പൊയ്ക്കൊണ്ടേയിരിക്കണം.സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം എന്നും മറക്കരുത്. ഉപേക്ഷിക്കപ്പെടേണ്ടതല്ല നാം കണ്ട സ്വപ്നങ്ങളൊന്നും.പിന്നിലുള്ള ആളുകളുടെ എണ്ണമല്ല, മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത്.ചെറിയ സമയമേ ഉള്ളു നമ്മുക്ക് മുന്നിൽ.പക്ഷേ വലിയ കാഴ്ചകളാണ് നമ്മളെ കാത്തിരിക്കുന്നത്.

 

ഒരു യാത്രകൊണ്ട് കൂടുതൽ കാഴ്ചകൾ കാണണമെന്നാണ് ആഗ്രഹമെങ്കിൽ ഇടയ്ക്കൊക്കെ ഇടുക്കിയിലേക്ക് ഒരു ട്രിപ്പ് സംഘടിപ്പിച്ചാൽ മതി.കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളുള്ള ജില്ലയേതെന്നു ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ തന്നെ പറയാം ഇടുക്കിയെന്ന്. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ എന്നത്തേയും പറുദീസയാക്കുന്നത്.
മൂന്നാര്‍, കാന്തല്ലൂര്‍, രാമക്കല്‍മേട്, വാഗമണ്‍, പൈനാവ്, പീരുമേട്, രാജമല, മീനുളി, മാട്ടുപെട്ടി, ഹില്‍വ്യൂ പാര്‍ക്ക്, ആര്‍ച്ചഡാം, ഇരവികുളം നാഷനല്‍ പാര്‍ക്ക്, ദേവികുളം, കട്ടപ്പന, അടിമാലി, കണ്ണന്‍ ദേവന്‍ ഹില്‍സ്, കുളമാവ്, ചെറുതോണി, ശാന്തന്‍പാറ അങ്ങനെ നീണ്ടുപോകുന്നു ഇടുക്കിയിലെ നയനമനോഹര കാഴ്ചകള്‍ പകരുന്ന ഇടങ്ങള്‍.മനസിനെ കോരിത്തരിപ്പിക്കുന്ന പ്രകൃതിയുടെ മനോഹാരിതയുടെ വ്യത്യസ്തമായ പുതിയ മുഖങ്ങള്‍ തേടിയുള്ള യാത്രയില്‍ ഓരോരുത്തര്‍ക്കും ഒത്തിരി ഇഷ്ടപ്പെട്ട യാത്രകളില്‍ ഒന്ന് അത് ഇടുക്കി യാത്രയായിരിക്കുമെന്നു തീര്‍ച്ചയാണ്.
ഇടുക്കി ഡാം 
മൂന്ന് ഡാമുകള്‍ ചേര്‍ന്നതാണ് ഇടുക്കി ഡാം.പ്രധാന ഡാമിനപ്പുറത്ത് കുളമാവ്, ചെറുതോണി എന്നീ ഡാമുകള്‍ കൂടിയുണ്ട്. ഇടുക്കി ഡാമില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ഹില്‍വ്യൂ പാര്‍ക്ക്.മനോഹരമായി സജ്ജീകരിച്ച ഈ ഉദ്യാനം എട്ട് ഏക്കറുകളിലായാണ് പരന്നുകിടക്കുന്നത്.മനോഹാരിതയ്ക്കു മോടി കൂട്ടാന്‍ പ്രകൃതിദത്തമായ ഒരു തടാകവും ഇവിടെയുണ്ട്.

രാമക്കല്‍മേട്


ഇടുക്കിയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് രാമക്കല്‍മേട്. ചരിത്രപ്രാധാന്യമുള്ള ഒരു കുന്നിന്‍പ്രദേശമാണിത്. ഇവിടെയുള്ള കുറവന്റെയും കുറത്തിയുടെയും പ്രതിമകള്‍ സംഘകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. ‘രാമന്‍ കാല്‍വച്ച ഇടം’ എന്നതാണ് രാമക്കല്‍മേട് ആയി രൂപാന്തരപ്പെട്ടത്. സമുദ്രനിരപ്പില്‍നിന്ന് 3,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട് പശ്ചിമഘട്ട മലനിരകളിലാണു നിലകൊള്ളുന്നത്. ഇത്രയും ഉയരത്തില്‍നിന്നുള്ള കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉപരിവീക്ഷണം ത്രസിപ്പിക്കുന്ന കാഴ്ചയാണ്.
വാഗമണ്‍ മൊട്ടക്കുന്ന് വഴി പൈന്‍വാലിയിലേക്ക്

ലോക ടൂറിസം മാപ്പില്‍ പോലും ഇടംനേടിയ വാഗമണ്‍ മൊട്ടക്കുന്ന് വിനോദസഞ്ചാരികളുടെ മാത്രമല്ല, സിനിമകളുടെയും ഇഷ്ടപ്പെട്ട ലെക്കേഷന്‍ കൂടിയാണ്.അടുത്ത കാലത്ത് ഇറങ്ങിയ ‘ഇയ്യോബിന്റെ പുസ്തകം’, ‘ഓര്‍ഡിനറി’, ‘ദൈവദൂതന്‍’ തുടങ്ങിയ മലയാള ചിത്രങ്ങളുടെയെല്ലാം ഷൂട്ടിങ് ലൊക്കേഷനായിരുന്നു ഇവിടം. വാഗമണ്ണിലെ മലനിരകളും മൊട്ടക്കുന്നുകളും പൈന്‍മരത്തോട്ടങ്ങളും പൈന്‍വാലി വെള്ളച്ചാട്ടവും കുരിശുമല ആശ്രമവും സൂയിസൈഡ് പോയിന്റുമൊക്കെയാണു സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം.
തേക്കടി
തേക്കടിയിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണം തടകത്തിലെ ബോട്ടിങ്ങാണ്.പ്രകൃതിയുടെ ജൈവികാവസ്ഥയില്‍ തന്നെ കാട്ടുമൃഗങ്ങളെയും കാണാമെന്നതാണ് ഇതിന്റെ  ഗുണം.
മൂന്നാർ
പേരുപോലെ തന്നെ മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍.വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍ എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്.
ഇടുക്കിയിലെ കാഴ്ചകൾ ഇവിടെ തീരുന്നില്ല.എണ്ണമറ്റ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവിടെ ഇനിയുമുണ്ട്.അതിന്റെ അക്കങ്ങളുടെ പെരുക്കങ്ങൾ കേട്ടാൽ ആരും ഞെട്ടിപ്പോകും.വിസ്താര ഭയത്താൽ ചുരുക്കുന്നു എന്ന് മാത്രം.പക്ഷെ യാത്ര അത് അവസാനത്തോളം നീളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: