കേന്ദ്ര സര്‍ക്കാരിനേയും അന്വേഷണ ഏജന്‍സികളേയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ആത്മകഥയിലാണ് ശിവശങ്കറിന്റെ വിമര്‍ശനം. കഴിഞ്ഞ ഒന്നരവര്‍ഷമായി താന്‍ കണ്ടുകൊണ്ടിരിക്കുന്നത് സ്റ്റേറ്റ് എന്ന അധികാര സംവിധാനത്തിന്റെ കരാളഭാവമാണെന്നും ശിവശങ്കര്‍ പറയുന്നു. അന്വേഷണത്തില്‍ ഏറ്റവും മോശമായി പെരുമാറിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആണെന്നും ശിവശങ്കര്‍ ആത്മകഥയില്‍ പറയുന്നു.
എത്ര സമര്‍ത്ഥമായാണ് സ്റ്റേറ്റിന്റെ നെടുംതൂണുകള്‍ പീഡനോപകരണമായി മാറ്റപ്പെട്ടിരിക്കുന്നത്. മുപ്പത് വര്‍ഷത്തോളം സ്റ്റേറ്റ് എന്ന അധികാര സംവിധാനത്തിന്റെ ഭാഗമായിരുന്ന ഞാന്‍ കണ്ടിരുന്നത് അതിന്റെ മനോഹരമായ മുഖമായിരുന്നു. ഏറെ പരിമിതികള്‍ക്കും പരാധീനതകള്‍ക്കും ഇടയിലും വികസനോന്മുഖവും അഭയദായകവുമായ അധികാര സംവിധാനമായിരുന്നു എനിക്ക് പരിചിതമായിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത് സ്റ്റേറ്റ് എന്ന അധികാര സംവിധാനത്തിന്റെ കരാളമായ മറ്റൊരു ഭാവമാണ്.
ദേശീയതയെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതിനും വളച്ചൊടിച്ച് തങ്ങളുടെ സൗകര്യം പോലെ ഉപയോഗിക്കുന്നതിനും രാഷ്ട്രീയ നേതൃത്വം സാമര്‍ത്ഥ്യം കൈവരിച്ചിരിക്കുന്നു എന്നതാണ് വര്‍ത്തമാനകാലത്തെ യാഥാര്‍ത്ഥ്യം. ആ വൈഭവത്തിലൂടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയും വിശ്വാസവും ആര്‍ജ്ജിക്കാനുമവര്‍ക്ക് കഴിയുന്നു. ഇതാണ് ഫാസിസത്തിന് വളക്കൂറുള്ള മണ്ണായി മാറുന്ന Enabling enviornment.’ ആത്മകഥയില്‍ പറയുന്നു. സ്വര്‍ണമടങ്ങുന്ന നയതന്ത്ര ബാഗ് വിട്ടു കൊടുക്കാന്‍ കസ്റ്റംസില്‍ ഇടപെട്ടതായി കുറ്റസമ്മതം നടത്തിയെന്ന് ഇഡി കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ശിവശങ്കര്‍ പറയുന്നു. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥന് വന്നിരുന്ന ഫോണ്‍ കോളുകളില്‍ രാഷ്ട്രീയ ഇടപെടല്‍ തോന്നി. ഇഡി കുടുംബാംഗങ്ങളെ അടക്കം വേട്ടയാടിയെന്നും ശിവശങ്കർ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു.