ചിൽഡ്രൻസ് ഹോമിൽനിന്ന് ഒളിവിൽ പോയ പെൺകുട്ടികളെ ബെംഗളൂരു വെച്ച് ലഹരി നല്കി പീഡിപ്പിക്കാന്‍ ശ്രമം, യാത്രയിൽ അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള സഹായങ്ങളും നിർദ്ദേശങ്ങളും; കൊല്ലം, തൃശൂര്‍ സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ
ബാലികാമന്ദിരത്തിലെ അവസ്ഥകള്‍ മോശമായതിനാൽ പുറത്ത് ചാടിയ കുട്ടികള്‍ ഗോവയിലേക്ക് പോകാനാണ് പദ്ധതിയിട്ടത്. യാത്രയിലുടനീളം കുട്ടികൾക്ക് ഏതോ അജ്ഞാത കേന്ദ്രത്തിൽ നിന്നു സഹായങ്ങളും നിർദ്ദേശങ്ങളും ലഭിച്ചുകൊണ്ടിരുന്നു. ബെംഗളൂരു വച്ച് കുട്ടികള്‍ക്ക് ലഹരി നല്കി പീഡിപ്പിക്കാന്‍ ശ്രമം നടന്നു. ഇതുമായി ബന്ധപ്പെട്ട് കൊല്ലം, തൃശൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു വരുന്നു
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്നു കാണാതായ ആറു പെൺകുട്ടികളുടെ യാത്രയിൽ ഒട്ടേറെ ദുരൂഹതകൾ. കോഴിക്കോട് നിന്ന് ബെംഗളൂരുവിലെത്തിച്ച കുട്ടികള്‍ക്ക് അവിടെ വെച്ച് ലഹരി നല്കി പീഡിപ്പിക്കാന്‍ ശ്രമം നടന്നതായാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ കൊല്ലം, തൃശൂര്‍ സ്വദേശികളായ യുവാക്കള്‍ പിടിയിലായി.
റിപ്പബ്ലിക്ദിനപരിപാടി നടന്ന 26നു രാവിലെ വരെ ഈ കുട്ടികൾ എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു.
മിടുക്കരായ പെൺകുട്ടികളാണ് ഇവർ എന്നാണ് പൊതുഅഭിപ്രായം.
ഇതിൽ രണ്ടു പെൺകുട്ടികൾ നേരത്തേ ഇവിടുത്തെ അന്തേവാസികളായിരുന്നു. പിന്നീട് സ്വന്തം വീട്ടിലേക്കു പോയ സഹോദരിമാരായ ഈ പെൺകുട്ടികൾ ദിവസങ്ങൾക്കു മുമ്പ് വീണ്ടും ചിൽഡ്രൻസ്ഹോമിൽ തിരിച്ചെത്തി. അവർ മറ്റു കുട്ടികളുമായി ഏറെ സൗഹൃദത്തിലായി. ഒളിച്ചോട്ടത്തിനു നേതൃത്വം നൽകിയത് ഇവരാണെന്നാണ് വിവരം.
റിപ്പബ്ലിക്ദിന പരിപാടികൾ കഴിഞ്ഞ് വൈകിട്ട് മൂന്നു മണി വരെ ആറു പേരും സ്ഥലത്തുണ്ടായിരുന്നു. നാല് മണിയോടെയാണ് കുട്ടികളെ കാണാതായ വിവരം അറിഞ്ഞത്. ചിൽഡ്രൻസ്ഹോമിൽനിന്നു പുറത്തുകടന്ന പെൺകുട്ടികൾ റോഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ ഉണ്ട്. നഗരത്തിലെത്തിയ കുട്ടികൾ 500 രൂപയ്ക്ക് ഒരാളിൽനിന്നു സാധാരണ ഫോൺ വാങ്ങി. അതിൽനിന് ആരെയോ വിളിച്ച് ഫോൺ നൽകിയ വ്യക്തിക്കു 500 രൂപ ഗൂഗിൾ പേ ചെയ്യിപ്പിച്ചു.
പിന്നീട് കെ.എസ്.ആർ.ടി.സി ബസിൽ പാലക്കാട്ടേക്കു യാത്ര ചെയ്തു. ടിക്കറ്റെടുക്കാൻ പണമില്ലായിരുന്നു. അപ്പോൾ തന്നെ ഒരാളെ ഫോണിൽ വിളിച്ച് കണ്ടക്ടർക്കു 2000 രൂപ ഗൂഗിൾ പേ ചെയ്യിപ്പിച്ചു. ടിക്കറ്റ് ചാർജ് കഴിച്ചുള്ള പണം കണ്ടക്ടർ കുട്ടികൾക്കു തിരിച്ചു നൽകി. പാലക്കാട് നിന്നു ഇവർ ട്രെയിനിൽ കയറി. കോയമ്പത്തൂരെത്തിയപ്പോൾ ടി.ടി.ഇ ടിക്കറ്റില്ലെന്ന കാരണത്താൽ ഇറക്കിവിട്ടു. അവിടെനിന്നു മറ്റൊരു ട്രെയിനിലാണ് ബെംഗളൂരുവിലേക്കു പോയത്.
കയ്യിൽ പണമോ ഫോണോ ഇല്ലാതെ കുട്ടികൾ അധികദൂരം പോകില്ല എന്നായിരുന്നു നിഗമനം. ഇതിനിടയിലാണ് 27നു ഉച്ചകഴിഞ്ഞു ബെംഗളൂരുവിൽ പെൺകുട്ടികളെ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. മടിവാളയിലെ ഒരു ഹോട്ടലിൽ കയറിയപ്പോൾ മലയാളി സമാജം പ്രവർത്തകരും ഹോട്ടലുകാരും കുട്ടികളെ തിരിച്ചറിഞ്ഞു.
കുട്ടികളെ കാണാതായ വിവരം പൊലീസ് പല കേന്ദ്രങ്ങളിലും അറിയിച്ചിരുന്നു. തിരിച്ചറിഞ്ഞെന്നു മനസ്സിലാക്കിയ കുട്ടികൾ ഹോട്ടലിൽനിന്ന് ഇറങ്ങി ഓടി. ഇതിനിടയിൽ ഒരാൾ പിടിയിലായി. മറ്റുള്ളവരെ നിമിഷനേരം കൊണ്ടു കണ്ടെത്തുമെന്നായിരുന്നു ധരിച്ചത്. തിരച്ചിൽ നടത്തുന്നവർ മടിവാളയും ബെംഗളൂരു നഗരവും നല്ല പരിചയമുള്ളവർ. കുട്ടികൾ അപരിചിതരും. പക്ഷേ കുട്ടികൾ പെട്ടെന്ന് ഏതോ കേന്ദ്രത്തിലേക്കു മറഞ്ഞു. ആരാണ് അവരെ ഒളിപ്പിച്ചതെന്നു വ്യക്തമല്ല. തിരച്ചിൽ ഫലം കണ്ടതുമില്ല.
ഇതിനിടയിൽ ഒരു പെൺകുട്ടി ഒറ്റയ്ക്കു ബസ് ബുക്കിങ് കേന്ദ്രത്തിലെത്തി കേരളത്തിലേക്കു ടിക്കറ്റ് എടുത്തു. അമ്മയുടെ ഫോൺ നമ്പറാണു കുട്ടി അവിടെ നൽകിയത്. അത് പൊലീസിനു സഹായകമായി. ബസ് സർവീസ് സ്ഥാപനത്തിൽ നിന്ന്, എവിടെ നിന്നാണു ബസിൽ കയറുന്നതെന് അറിയാനായി ഫോണിൽ വിളിച്ചപ്പോൾ അമ്മയാണു ഫോൺ എടുത്തത്. അവർ വിവരങ്ങൾ പറഞ്ഞു.
കോഴിക്കോട് പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ്, ബസ് ജീവനക്കാരുമായി ബന്ധപ്പെട്ട് കുട്ടി വഴിയിൽ ഇറങ്ങി പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നു നിർദ്ദേശിച്ചു. ബസ് സാധാരണപോലെ രാത്രി ബെംഗളൂരുവിൽനിന്നു പുറപ്പെട്ടു. പൊലീസ് സംഘം അപ്പോൾ ബെംഗളൂരു ദിശയിൽ യാത്ര ആരംഭിച്ചു. ബസും പൊലീസും മാണ്ഡ്യയിൽ കണ്ടുമുട്ടി. അവിടെച്ച് കുട്ടിയെ കസ്റ്റടിയിലെടുത്തു. മറ്റുള്ളവരെ കുറിച്ച് അന്വേഷിച്ചപ്പോൾ ഗോവയിലേക്കു പോയിട്ടുണ്ട് എന്നാണു പറഞ്ഞത്.
പൊലീസ് അപ്പോഴും പല വഴിക്കുള്ള അന്വേഷണം നടത്തുന്നുണ്ടായിരുന്നു. കുട്ടികൾ ബന്ധപ്പെടാൻ സാധ്യതയുള്ളവരുടെ ഫോൺ നിരീക്ഷിക്കുന്നതടക്കം അന്വേഷണം തുടരവേയാണു നാല് കുട്ടികൾ നിലമ്പൂർ എടക്കരയിൽ എത്തിയതായി വിവരം ലഭിച്ചത്. ബെംഗളൂരുവിൽനിന്ന് എവിടേക്കു പോകണമെന്ന ചിന്തയുമായി നിന്ന കുട്ടികൾ അവസാനം അവരിൽ ഒരാളുടെ ആൺസുഹൃത്തിനെ ബന്ധപ്പെട്ടു. അയാൾ നിലമ്പൂർ എടക്കരയിലാണു താമസം.
ബെംഗളൂരുവിൽനിന്നു കുട്ടികൾ ട്രെയിൻ മാർഗം ഒലവക്കോട് എത്തി. അവിടെനിന്നു എടക്കര വരെ ബസിൽ യാത്ര. അവിടെവച്ച് ഒരാളുടെ ഫോൺ വാങ്ങി ആൺസുഹൃത്തിനെ വിളിച്ചു. അയാൾ അസുഖം ബാധിച്ചു വീട്ടിൽ കിടപ്പിലായിരുന്നു. വീട്ടിലേക്കു വഴി മനസ്സിലാക്കിയ കുട്ടികൾ ഓട്ടോറിക്ഷയിൽ പോകാൻ ഒരുങ്ങവേയാണു പിടിയിലായത്.
കോഴിക്കോട് നിന്ന് ബെംഗളൂരുവിലെത്തിച്ച കുട്ടികള്‍ക്ക് അവിടെ വെച്ച് ലഹരി നല്കി പീഡിപ്പിക്കാന്‍ ശ്രമം നടന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കൊല്ലം, തൃശൂര്‍ സ്വദേശികളായ യുവാക്കള്‍ക്കെതിരെ പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്കി. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുക്കുക.
കൂടുതല്‍ പേര് ഇതിലുള്‍പ്പെട്ടിട്ടുണ്ടോ എന്നന്വേഷിക്കുകയാണ് പൊലീസ്. പെണ്‍കുട്ടികള്‍ക്ക് ഗോവയില്‍ ജോലി വാഗ്ദാനം ചെയ്തതായും പൊലീസ് കണ്ടെത്തി
മലപ്പുറം എടക്കരയിലുള്ള യുവാവാണ് കുട്ടികള്‍ക്ക് ഗൂഗിള്‍ പേ വഴി പണം നല്‍കിയത്. ബാലികാമന്ദിരത്തിലെ അവസ്ഥകള്‍ മോശമായതിനാലാണ് പുറത്ത് കടക്കാന്‍ ശ്രമിച്ചതെന്നും ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി എന്നും കുട്ടികള്‍ പറഞ്ഞു. ഇതിനിടെ ഒരു കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.