LIFETravel

ഇടുക്കിയെ മിടുക്കിയാക്കിയ സ്വകാര്യ ബസുകൾ

1863 ൽ ആണത്രേ കെ കെ റോഡിന്റെ ജനനം.മൂന്നാർ – ആലുവ റോഡിനും ഇത്രയും ചരിത്രം തന്നെ പറയാനുണ്ടാകും.
സ്വരാജ് ബസുകളും കാളവണ്ടികളും റയിൽവേ പോലും ഓടി മറഞ്ഞ ഹൈറേഞ്ച് ,  അതിനും 100 വർഷങ്ങൾക്കിപ്പുറം 1972 ൽ  കോട്ടയം ജില്ലയിൽ നിന്നും സ്വതന്ത്ര ജില്ലയായി മാറിയ ഇടുക്കി എന്ന മിടുക്കി.
ഒരു പിന്നോക്ക ജില്ലയെന്ന നിലയിൽ നിന്നും വികസന കുതിപ്പിൽ ആണ് ഇന്ന് ഇടുക്കി . വിനോദ സഞ്ചാര മേഖലയിലും കാർഷിക മേഖലയിലും സമാനതകളില്ലാത്ത നേട്ടമാണ് ഇടുക്കി ഈ കഴിഞ്ഞ അൻപത് (ജില്ല രൂപീകരിച്ചിട്ട്) വർഷങ്ങൾ കൊണ്ട് കൈവരിച്ചത് .  മൂന്നാർ – തേക്കടി – ഇടുക്കി – വാഗമൺ എന്ന വിനോദസഞ്ചാര ഭൂപടത്തിലെ സുവർണചതുഷ്കോണവും തൊടുപുഴയും കട്ടപ്പനയും നെടുംകണ്ടവും അടിമാലിയും ഇടുക്കിയുടെ അഭിമാനങ്ങളും…
ഉപ്പുതറ എന്ന ഗ്രാമത്തിൽ ആരംഭിച്ച കുടിയേറ്റം അയ്യപ്പൻ കോവിൽ എന്ന പട്ടണത്തിലേക്കും പിന്നീട് ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലും പടർന്നു . കുടിയേറ്റ ജില്ലയായതിനാലും സ്വന്തം നാടുമായി ബന്ധം നിലനിർത്താനും ഇടുക്കിക്ക് എന്നും താങ്ങും തണലുമായി നിന്നത് എല്ലാ കാലത്തും സ്വകാര്യ പബ്ലിക് ബസുകളാണ് .  നാട്ടിലെ ബന്ധുക്കളിൽ നിന്നും അരിയും വാഴകുലയും  കപ്പയും ചക്കയും വിശപ്പകറ്റാൻ ബസിൽ മലകേറിയെത്തിയ  കാലത്ത് നിന്നും കാപ്പിയും ഏലക്കയും ഗ്രാമ്പുവും  തിരിച്ചു കൊടുത്തു വിടുന്ന തരത്തിൽ ഇടുക്കി കർഷകർ വളർന്നു.
ഇടുക്കിയുടെ അഭിവാജ്യമായ ഒന്നായി ബസുകൾ മാറുവാൻ പിന്നീട് താമസമുണ്ടായില്ല , പഠിക്കാൻ പുറത്ത് പോകുന്ന കുട്ടികളെ വിശ്വസിച്ച് ഏൽപ്പിച്ച് തിരികെ ഏത് രാത്രിയിലും തിരികെ എത്തിക്കുന്ന , കോട്ടയം മെഡിക്കൽ കോളജ് ഭാഗത്ത് മാത്രം കിട്ടുന്ന മരുന്നുകൾക്ക് ആശ്രയിക്കാവുന്ന , ഏത് മണ്ണിടിച്ചിലിലും മഴയിലും ഏത് പ്രതിസന്ധികളെയും മറികടന്ന് എത്തുന്ന ആ ബസുകൾക്ക് ഒക്കെയും ഇടുക്കിയുടെ ഹൃദയത്തിൽ ആയിരുന്നു വിശ്രമം.
1980 കളിൽ തന്നെ സർവീസ് ആരംഭിച്ച ഷാജി മോട്ടോഴ്‌സ് ഇന്ന് അൻപത് വർഷം കഴിഞ്ഞിരിക്കുന്നു
കോതമംഗലം കേന്ദ്രീകരിച്ചുള്ള പാറേക്കര മോട്ടോർ സർവീസിനെ ഇത്തരുണത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല . ഇടുക്കിയുടെ മലമടക്കുകളിൽ  സഞ്ചാരവാതായനങ്ങൾ മലർക്കെ തുറന്നിട്ട പാറേക്കര ഇടുക്കിയുടെ ഉൾപ്രദേശങ്ങളിൽ നിന്നും എറണാകുളം നഗരത്തിലേക്ക്  ഇടുക്കികാരെ എത്തിച്ച കാലം ..  പൗർണമി എന്ന കട്ടപ്പനയുടെ  നിലാവെളിച്ചത്തിന്റെ ശോഭയിൽ ഏത് അർദ്ധരാത്രിയിലും കട്ടപ്പനക്കാർക്കും എറണാകുളത്തിനും തിരികെ വരാനും ബസുകൾ ഉണ്ടായിരുന്നു ..
തീർന്നില്ല, ഇടുക്കിയുടെ എല്ലാ റോഡുകളിലും ബസ് സർവീസ് നടത്തിയ ചേന്നാട്ടുമറ്റം മോട്ടോഴ്‌സ് ..
മൂന്നാറിന്റെ ഉയരങ്ങളേക്കാൾ ഉയരത്തിൽ സ്ഥാനം നേടിയ സംഗമവും PPK യും കോമ്രഡും .. പഴയ  EVM ഉം ..
കുമളി ടൗണിൽ  ഏത് നട്ടപാതിരാക്കും എറണാകുളം ബോർഡ് തെളിഞ്ഞു നിർത്തിയ EBT യും തുഷാരവും ..
വാഗമൺ മലനിരകളിൽ ഒറ്റയ്ക്ക് ആയിരുന്ന സെന്റ് ജോർജ് മോട്ടോഴ്‌സും  പിന്നെ ഇവരുടെയെല്ലാം തലതൊട്ടപ്പൻ സാക്ഷാൽ പ്രകാശും..!
പിന്നീട്  പ്രഫഷണലിസത്തിന്റെ ബസ് രൂപമായ കൊണ്ടോടി മോട്ടോഴ്‌സ് കോട്ടയം ഇടുക്കിയുടെ വിവിധ മേഖലകളിൽ സേവനത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത നാൾ വിവിധ പേരുകളിൽ നാൽപതോളം  ബസുകൾ ഇടുക്കിയിൽ സർവീസ് നടത്തിയ കാലം.
2000 ന് ശേഷം ദേശസാത്കൃതനിയമങ്ങൾ ശക്തമായ ശേഷം മാത്രം ആണ് ഇടുക്കിയിൽ KSRTC സർവീസുകൾ വ്യാപകമായത് . കട്ടപ്പനയിലേക്ക് KK റോഡ് വഴി അത് വരെ ഒരെയൊരു KSRTC LS മാത്രം ആയിരുന്നു ഓടിയിരുന്നത്. തിരുവനന്തപുരം സർവീസുകൾ ഒഴിച്ച് നിർത്തിയാൽ  മനസിലാകും ഹൈറേഞ്ചിൽ പബ്ലിക് സ്വകാര്യ ബസുകളുടെ പ്രകടനം എത്ര ശക്തമായിരുന്നു എന്ന് !!
ധാരാളം ദീർഘദൂര സ്വകാര്യ പബ്ലിക് ബസുകൾ ഉണ്ടായിരുന്ന ഇടുക്കിയിൽ നിന്നും പലരും മലയിറങ്ങി പോയി. സ്വകാര്യ വാഹനങ്ങൾ വർദ്ധിച്ചതും , ദേശസാത്ക്കരണം വഴിയും , ടേക്ക് ഓവർ വഴീയും സ്വകാര്യ പബ്ലിക് ബസ് പെർമിറ്റുകൾ KSRTC ഏറ്റെടുത്തത് വഴി ഇടുക്കിയുടെ പൊതുഗതാഗതം തന്നെ അസന്തുലിതാവസ്ഥ നേരിടുന്ന ഒരു സമയമാണിത് .ഇന്നും  സേവനപരമായി സർവീസ് നടത്തുന്ന ധാരാളം സ്വകാര്യ പബ്ലിക് ബസുകളെ ഇടുക്കിയിൽ കാണാം .ആദിവാസി കുടിയേറ്റ മേഖലകളിലേക്കും റോഡുകൾ പരിമിതമായ മലമുകളിലേക്കും ഇന്നും സ്വകാര്യ പബ്ലിക് ബസുകൾ മാത്രം ശരണം . വിനോദസഞ്ചാര മേഖലകളിലും അവിടുള്ള സാധാരണക്കാർക്കും പൊതുഗതാഗതം തടസ്സം വരാതെ ഇവർ പരമാവധി ശ്രദ്ധിക്കാറുണ്ട്.
ഇടുക്കിയിലെ പബ്ലിക് ബസുകളുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആണ് ഇന്ന്.അനിയന്ത്രിതമായ ചെലവുകളും നിയമകുരുക്കുകളും സ്വകാര്യ പബ്ലിക് ബസുകളുടെ പിൻവാങ്ങലിന് കാരണമായി . പിന്തിരിഞ്ഞു നോക്കുമ്പോൾ , ധാരാളം ചെറുപ്പക്കാർക്ക് തൊഴിൽ മേഖലയായും പിന്നീട് സ്വയം തൊഴിൽ , വ്യവസായ മേഖലയായും വർത്തിച്ച ഒരു കാലഘട്ടത്തിന്റെ അവസാനത്തിലാണ് ഇടുക്കി ഇപ്പോൾ..
ജീപ്പ് / മറ്റിതര വാഹന ഡ്രൈവർമാരിൽ നിന്നും അനേകം മികച്ച ബസ് ഡ്രൈവർമാരെ സൃഷ്ടിച്ച ജില്ലയാണ് ഇടുക്കി.കൊട്ടാരക്കര ആസ്ഥാനമായ ശരണ്യ മോട്ടോഴ്‌സിൽ ഏറ്റവും കൂടുതൽ ഡ്രൈവർമാർ ഇടുക്കിയിൽ നിന്നുള്ളവർ ആയിരുന്നു.
റോഡുകൾ മികച്ചതായി , നാഷണൽ ഹൈവേകൾ അടക്കം അതിവേഗം ഇടുക്കിയുടെ റോഡുകൾ മികച്ചതാകുന്നു. പക്ഷേ ഇടുക്കിയെ ഇടുക്കിയാക്കിയ സ്വകാര്യ ബസ്സുകൾ പലതും ഇന്ന് പതിയെ മലയിറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മാത്രം!

Back to top button
error: