KeralaNEWS

ബേബി ജോൺ ഓർമ്മയായിട്ട് 14 വർഷം

റബിക്കടലിനോരത്ത്, അടുക്കിക്കെട്ടിയ കടൽഭിത്തിക്കൊരു പേരുണ്ടായിരുന്നു ബേബി ജോൺ. കാറ്റിലും കോളിലും നിന്നു ചവറയെ കാത്തുസൂക്ഷിച്ചു നീണ്ടുനിവർന്നങ്ങനെ നിന്ന കരിങ്കൽക്കെട്ട്. തിരമാലകളിൽ ആടിയുലയാതെ, കടൽച്ചുഴികളിൽ നിലതെറ്റാതെ കേരള രാഷ്ട്രീയ ചരിത്രത്തിൽ ചവറ എന്ന വലിയ ഗ്രാമത്തെ അടയാളപ്പെടുത്തിയ വിളക്കുമരത്തിനും ബേബി ജോൺ എന്നു പേര്.
ബേബി ജോണിനെ വാക്യത്തിൽ പ്രയോഗിച്ചാലും ഉപമിച്ചാലും കരിമണൽ കടന്നുവരുന്നത് ആരുടെയും കുറ്റമല്ല. കടൽ കോരിവച്ച കരിമണലിൽ പിച്ചവച്ച നേതാവ് കേരള രാഷ്ട്രീയത്തിന്റെ തലപ്പൊക്കമായിരുന്നു. ആറടിയിലേറെയുള്ള ആ ഔന്നത്യത്തേ ഈ ചരമദിനത്തിൽ ഓർത്ത് പോകുന്നു
ചവറയിലെ ലോഹമണലിൽ തളർന്ന് കിടന്ന നിരാലംബരായ ഒരു തലമുറയെ അവകാശസമരങ്ങളിലൂടെ വളർത്തിയെടുത്ത്, നാല് ദശകത്തോളം കേരള രാഷ്ട്രീയത്തിൽ അതിശയ പ്രതിഭാസമായി ജ്വലിച്ചുനിന്ന ബേബി ജോൺ ദിവംഗതനായിട്ട് ഇന്ന് (ജനുവരി-29) 14 വർഷം തികയുന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്‌ടനാവുകയും നിവർത്തനപ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് തേവരകോളേജിലെ പഠനത്തിനിടയിൽ സർ.സി.പി.രാമസ്വാമി അയ്യരെ കല്ലെറിഞ്ഞതും, അതിൽ പതിയിരുന്ന അപകടം മണത്തറിഞ്ഞ് അന്നത്തെ പ്രിൻസിപ്പലച്ചൻ ബേബി ജോണിനെ കുമ്പളത്തെ ദ്വീപിലേക്ക് ഒരു ചെറുവഞ്ചിയിൽ നാടുകടത്തിയതും ചരിത്രസത്യം.
ബേബി ജോണിന്റെ രാഷ്ടീയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ‘കൊല്ലം – ചവറ സംഭവം’. 1124 ഇടവം 11 ന് കൊല്ലം എ.ഡി.കോട്ടൻ മില്ലിലെ തൊഴിലാളികൾക്ക് എതിരായ കരിനിയമങ്ങൾക്കും നിർബന്ധിത അഡ്ജൂഡിക്കേഷനും ഭീകരമായ ഭരണകൂട മർദ്ദനത്തിനുമെതിരായി ചവറയിലെ പതിനായിരക്കണക്കിന് തൊഴിലാളികൾ ബേബിജോണിന്റെ നേതൃത്വത്തിൽ കൊല്ലത്തേക്ക് മാർച്ച് ചെയ്യുകയും വഴിമദ്ധ്യേ നടന്ന പൈശാചികമായ പോലീസ് മർദ്ദനവും, തിരിച്ചടിയും വയലാർ-പുന്നപ്ര സമരങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു.
ജന്മസിദ്ധമായ ബുദ്ധിവൈഭവത്തിലും ദീർഘകാലത്തെ ട്രേഡ് യൂണിയൻ പ്രവർത്തനത്തിലും സിദ്ധിച്ച നേട്ടങ്ങൾ അദ്ദേഹത്തെ അനുരഞ്ജന കലയുടെ അദ്വിതീയനാക്കി. ഒരു പ്രശ്നത്തിന്റെ വിവിധവശങ്ങൾ പരിഗണിച്ച് ഏവർക്കും സ്വീകാര്യമായി പെട്ടെന്ന് തീരുമാനമെടുക്കാൻ ഒരു ഭരണാധികാരിക്ക് ഉണ്ടായിരിക്കേണ്ട നേതൃത്വപാടവമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയത്. മതവികാരം ആളിക്കത്തിയ വൈക്കം-ടി.വി.പുരം സംഭവം, പോലീസ് വെടിവയ്പിലൂടെ നിരവധി പേരുടെ മരണത്തിൽ കലാശിക്കാമായിരുന്ന ശക്തികുളങ്ങര സംഭവം എന്നിവ ഇതിൽ ചിലത് മാത്രം.
പല മന്ത്രിസഭകളിലും വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നെങ്കിലും ബേബിജോണിന്റെ ആർജ്ജവവും തന്റേടവും ധീരതയും എടുത്ത് കാട്ടിയത് റവന്യൂ മന്ത്രിയായിരുന്ന സമയത്ത് കുട്ടനാട്ടെ ജോസഫ് മുരിക്കന്റെ റാണി, ചിത്തിര തുടങ്ങിയ നെൽപ്പാടങ്ങൾ പിടിച്ചെടുത്ത് തൊഴിലാളികൾക്ക് വിതരണം ചെയ്തത് വഴിയായിരുന്നു. അസാധാരണമായ ദൂരക്കാഴ്ചയും ഒരു പ്രവാചകന്റെ സൂക്ഷ്മതയോടെ രാഷ്ടീയ സംഭവങ്ങൾ മുൻകൂട്ടിക്കാണാനുള്ള അനിതരസാധാരണമായ കഴിവും അദ്ദേഹത്തിന് സ്വതസിദ്ധമായിരുന്നു. മുസ്ലിംലീഗും സി.എച്ച് മുഹമ്മദ്‌കോയയുമായുള്ള ബന്ധം ഒരവസരത്തിൽ ബേബി ഹാജി എന്ന പേരു പോലും സമ്മാനിച്ചു. മുസ്ലിം ലീഗിന്റെ കൗൺസിൽ യോഗത്തിൽ പോലും ബേബിജോണിനെ പങ്കെടുപ്പിക്കുന്നതിന് ബാഫക്കി തങ്ങൾക്ക് യാതൊരു വൈമനസ്യവും ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു നിയോഗം.
കോളിളക്കം സൃഷ്ടിച്ച ചവറ സരസൻ സംഭവം കുറെക്കാലമെങ്കിലും,​ അണയാത്ത അഗ്നിക്കനലായി അവശേഷിച്ചു. ബേബിജോണിനെ തളർത്താൻ രാഷ്ടീയപ്രതിയോഗികൾ എടുത്ത മറ്റൊരു കറുത്ത അദ്ധ്യായമായിരുന്നു അത്. ആർ.എസ്.പി.വിട്ട സരസനെ ബേബിജോൺ കൊന്ന് കടലിൽ തള്ളി എന്നായിരുന്നു ഇലക്ഷൻ പ്രചരണം. ജനങ്ങൾ ആ കറുത്തമുത്തിനെ കൈവിട്ടില്ലെന്നു മാത്രമല്ല താമസിയാതെ സരസൻ പ്രത്യക്ഷപ്പെടുകയും അന്ന് ബേബിജോണിന് കിട്ടിയ വരവേൽപ്പ് ചവറയുടെ രാഷ്ട്രീയചരിത്രത്തിന്റെ ഏടുകളിൽ സ്വർണ്ണലിപികളാൽ എഴുതപ്പെടുകയും ചെയ്തു.
ഒരാളെയും തന്നിൽ താഴ്ന്നവനായി കാണാത്ത അപൂർവ വ്യക്തിത്വത്തിന് ഉടമയായിരുന്ന ബേബിജോൺ രാഷ്ട്രീയ അതിർവരമ്പുകളില്ലാതെ എന്നും എല്ലാവർക്കും ആശ്രയിക്കാവുന്ന ഒരു അത്താണിയായി നിലകൊണ്ടിരുന്നു.

Back to top button
error: