ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയ നിയോകോവ് കൊറോണ വൈറസിനെക്കുറിച്ചു കൂടുതൽ പഠനം ആവശ്യമാണെന്നു ലോകാരോഗ്യ സംഘടന.
വുഹാൻ ഗവേഷകരുടെ ഒരു സംഘം ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിൽ നിയോകോവ് എന്ന പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. ഈ വൈറസ് ജനിതകമാറ്റം സംഭവിച്ചു ഭാവിയിൽ മനുഷ്യർക്കു ഭീഷണിയായേക്കുമെന്നും പഠനത്തിൽ ഗവേഷകർ പറഞ്ഞിരുന്നു.
ജലദോഷം മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം വരെയുള്ള രോഗങ്ങൾക്കു കാരണമാകുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ. വൈറസിന്റെ മാറ്റങ്ങളെക്കുറിച്ചു ബോധ്യമുണ്ടെന്നും എന്നാൽ, ഇതു മനുഷ്യർക്ക് എന്തെങ്കിലും അപകട സാധ്യതയുണ്ടാക്കുമോയെന്നു കണ്ടെത്താൻ കൂടുതൽ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
മനുഷ്യരിലെ 75 ശതമാനം പകർച്ചവ്യാധികളുടെയും ഉറവിടം വന്യമൃഗങ്ങളാണെന്നു സംഘടന പറഞ്ഞു. കൊറോണ വൈറസുകൾ പലപ്പോഴും മൃഗങ്ങളിൽ കാണപ്പെടുന്നു. ഈ വൈറസുകളിൽ പലതിന്റെയും സ്വാഭാവിക ഉറവിടമാണ് വവ്വാലുകൾ. ഇത്തരം ഉയർന്നുവരുന്ന ജന്തുജന്യ വൈറസുകളെ നേരിടാൻ ശാസ്ത്രലോകം ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്.
വുഹാൻ സംഘം നടത്തിയ പഠനമനുസരിച്ച്, കോവിഡ്-19 വൈറസിനു സമാനമായി മനുഷ്യകോശങ്ങളിലേക്കു നുഴഞ്ഞുകയറാൻ നിയോകോവിനു കഴിയും. മനുഷ്യർക്കു അപകടകരമാകാൻ നിയോകോവിന് ഒരു മ്യൂട്ടേഷൻ അകലമേ ആവശ്യമുള്ളൂ