ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്.യെദിയൂരപ്പയുടെ കൊച്ചുമകളെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. രാമയ്യ മെഡിക്കൽ കോളജിലെ ഡോക്ടറായ സൗന്ദര്യ (30) ആണ് മരിച്ചത്. യെദിയൂരപ്പയുടെ രണ്ടാമത്തെ മകൾ പത്മാവതിയുടെ മകളാണ്.
ഭർത്താവ് ഡോ. നീരജിനൊപ്പമാണ് സൗന്ദര്യ താമസിച്ചിരുന്നത്. ഇന്ന് രാവിലെ വസന്ത്നഗറിൽ ദമ്പതികൾ താമസിച്ചിരുന്ന ഫ്ലാറ്റിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആറ് മാസം പ്രായമായ കുട്ടിയുണ്ട്. 2018-ലായിരുന്നു ദമ്പതികളുടെ വിവാഹം.
രാവിലെ എട്ടിന് ഭർത്താവ് ജോലിക്ക് പോയിരുന്നു. പിന്നാലെ പത്തോടെയാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരി വന്ന് വാതിലിൽ മുട്ടിയിട്ടും തുറക്കാതെ വന്നതോടെ ഭർത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഫ്ളാറ്റിൽ പ്രവേശിച്ചപ്പോഴാണ് സംഭവം അറിയുന്നത്.