കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ തരം വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ‘നിയോകോവ്’ (NeoCoV) എന്ന പുതിയതരം കൊറോണ വൈറസ് അതിമാരകമാണെന്ന് വുഹാനിലെ ഗവേഷകർ വ്യക്തമാക്കുന്നു. അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്കാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
നിയോകോവ് ഒരു പുതിയ വൈറസല്ലെന്നും മെർസ് കോവ് (MERSCoV) വൈറസുമായി ഇതിന് ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2012-ലും 2015ലും മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ മെർസ് കോവ് റിപ്പോർട്ട് ചെയ്തിരുന്നു. സാർസ് കോവ്-2 (SARSCoV2) വിനു സമാനമായി മനുഷ്യരിൽ കൊറോണ വൈറസ് ബാധയ്ക്കു ഇതു കാരണമാകും.
നിലവിൽ ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. പുതിയ പഠനങ്ങൾ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180കോവും മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.