140 കിലോമീറ്റർ പരിധിക്ക് മുകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തേണ്ടതില്ല എന്ന പുതിയ തീരുമാനം കെഎസ്ആർടിസിയുടെ ലാഭം വർദ്ധിപ്പിക്കുക എന്നതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ്.പക്ഷെ ഇപ്പോൾ തന്നെ റോഡുകളിൽ ആവശ്യത്തിന് ബസുകൾ ഇല്ലാത്ത കെഎസ്ആർടിസി 140 കിലോമീറ്ററിന് മുകളിൽ ഓടുന്ന സ്വകാര്യ പബ്ലിക് ബസുകളുടെ സേവനം കൂടി യാത്രക്കാർക്ക് നിഷേധിച്ചാലുള്ള സ്ഥിതി എന്താകും ?
കെ റെയിൽ പോലെ ആധുനിക പൊതുഗതാഗത സംവിധാനങ്ങളുടെ ആവിർഭാവം സ്വാഗതം ചെയ്യപ്പെടുമ്പോൾ പോലും റോഡ് ഗതാഗതം തീർത്തും അവഗണിക്കുന്നത്
അപലപനീയമാണ്.
140 കിലോമീറ്റർ ദൂരപരിധിയിൽ സ്വകാര്യ ലിമിറ്റഡ് / ഓർഡിനറി ബസുകൾ സർവീസ് അവസാനിപ്പിക്കുമ്പോൾ അത്രയും ബസുകളുടെ സേവനം ഏകദേശം 8 മണിക്കൂർ മാത്രമായി ചുരുങ്ങുകയാണ് ചെയ്യുന്നത്.വിശ്രമം കൂടി കണക്കിലെടുത്താൽ ബസുകൾ നിരത്തിലുണ്ടാവുക, കൂടിപ്പോയാൽ 10 മണിക്കൂർ.അതായത്
ഒരു ദിവസത്തിന്റെ മൂന്നിലൊന്ന് സമയമാണ് ഒരു സ്വകാര്യ ബസിന് റോഡിൽ അനുവദിച്ചിരിക്കുന്നതെന്ന് ! ഈ 8- 10 മണിക്കൂറിനുള്ളിൽ വേണം കനത്ത റോഡ് നികുതി , ഇൻഷുറൻസ് അടക്കമുള്ള ചെലവുകൾ കണ്ടെത്തി ബസ് സർവീസ് മുന്നോട്ടു കൊണ്ടു പോകാൻ !!
കോവിഡും ലോക്ഡൗണും, അതിനുശേഷം വന്ന യാത്രാ നിയന്ത്രണങ്ങളുമൊക്കെ ചേർന്ന് ആകെ കുത്തുപാളയെടുത്ത അവസ്ഥയിലാണ് ഇന്ന് കേരളത്തിലെ സ്വകാര്യ ബസ് ഇൻഡസ്ട്രി.അവർക്ക് ‘അധിക ലോഡാ’ണ് സർക്കാരിൻ്റെ ഈ പുതിയ നിയമം എന്ന് പറയാതെ വയ്യ.അതിനാൽ താഴെ പറയുന്ന കാര്യങ്ങളിലെങ്കിലും ശ്രദ്ധ വയ്ക്കാൻ അധികാരികൾ ശ്രദ്ധിക്കണം.
1. 140 കി.മി പരിധിയിൽ പെർമിറ്റ് ചുരുക്കേണ്ടി വരുന്ന ബസുകൾക്ക് ദേശസാത്ക്കരണം പരിഗണിക്കാതെ ചെറിയ അഡീഷണൽ ട്രിപ്പുകൾ അനുവദിക്കുക.അതേ റൂട്ടിൽ, തുടക്കമോ ഒടുക്കമോ ഉള്ള പോയിന്റുകളിൽ നിന്ന് ട്രിപ്പുകൾ ആരംഭിക്കാനും അനുവദിക്കുക.
2. ലാസ്റ്റ് പോയിന്റ് കണക്ടിവിറ്റി ഗതാഗതം പ്രോത്സാഹിപ്പിക്കുവാൻ ഇത്തരം ബസുകൾക്ക് അഡീഷണൽ ട്രിപ്പുകൾ അനുവദിച്ചു നൽകുക
3. രാത്രി യാത്രാനിരക്ക് ഫ്ലക്സിബിൾ ആക്കി അതേ റൂട്ടിൽ അഡീഷണൽ രാത്രി ട്രിപ്പുകൾ അനുവദിക്കുക
4. 140 കിലോമീറ്റർ പരിധിയിൽ പെർമിറ്റുകൾ പത്തിലധികം ഉള്ള റൂട്ടുകളിൽ 140 ന് മുകളിലേക്കുള്ള ഭാഗത്തേക്ക് പുതിയ ഓർഡിനറി പെർമിറ്റുകൾ ദേശസാത്ക്കരണം പരിഗണിക്കാതെ നൽകുക. കണക്ഷൻ ബസുകൾ ആയി അവ ഓടട്ടെ.
ബസുകൾ സ്വകാര്യമാകട്ടെ , കോർപ്പറേഷൻ ബസുകൾ ആവട്ടെ എല്ലാം ജനങ്ങളുടെ യാത്രയ്ക്ക് വേണ്ടിയുള്ളതാണ്.അവയ്ക്ക് റോഡിൽ വേർതിരിവ് ആവശ്യമില്ല.പ്രത്യേകിച്ച് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ ടാക്സുകളും അടച്ചുകൊണ്ട് ഓടുമ്പോൾ !!