NEWS

സി.ആർ നീലകണ്ഠൻ, ഇരിങ്ങാലക്കുടയുടെ ‘അഭിമാനസ്തംഭനം’

‘വർഷങ്ങൾക്ക് മുമ്പാണ്… കൊച്ചി- ഷൊർണ്ണൂർ റെയിൽപാത ഇരിഞ്ഞാലക്കുടയിലൂടെ കടന്നു പോകണം എന്നായിരുന്നു തീരുമാനം. എന്നാൽ പ്രതിഷേധിച്ചും സമരംചെയ്തും തൃപ്പൂണിത്തുറയിൽ പോയി രാജാവിൻ്റെ കാലുപിടിച്ചും ആ വലിയ ‘ദുരന്തം’ ഞങ്ങൾ ഒഴിവാക്കി. യൂറോപ്യൻ ആധുനികതയുടെ ഭാഗമായ റെയിൽവേയുടെ സാമ്രാജ്യത്വസ്വഭാവവും അതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളും അന്നുതന്നെ ഞങ്ങളുടെ പൂർവ്വികർ തിരിച്ചറിഞ്ഞു’

കഥാകൃത്തും ഇടതു സഹയാത്രികനുമായ അശോകൻ ചരുവിൽ എഴുതുന്നു:

Signature-ad

കെ- റെയിലിനെതിരെ രോഷാകുലനായി പടപൊരുതി നിൽക്കുന്ന എൻ്റെ ബഹുമാന്യ സ്നേഹിതൻ സി.ആർ നീലകണ്ഠനെ കളിയാക്കിക്കൊണ്ടുള്ള നിരവധി ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ കാണുന്നുണ്ട്. പ്രിയസ്നേഹിതരെ, റെയിൽ, റോഡ്, പാലം, അപ്രോച്ച് റോഡ്, ബൈപ്പാസ് എന്നിവക്കെതിരെ നിലപാടെടുക്കുമ്പോൾ നീലകണ്ഠൻ തൻ്റെ ജന്മനാടിൻ്റെ മഹനീയപാരമ്പര്യം ഉയർത്തി പിടിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ ജന്മനാട് എന്നുവെച്ചാൽ എൻ്റെയും നാട്, സാക്ഷാൽ ഇരിഞ്ഞാലക്കുട.
അതുകൊണ്ട് അദ്ദേഹത്തെ ടോളരുത്.

വർഷങ്ങൾക്ക് മുൻപ് കൊച്ചി-ഷൊർണ്ണൂർ റെയിൽപാത പണിയാരംഭിച്ചപ്പോൾ അത് ഇരിഞ്ഞാലക്കുടയിലൂടെ കടന്നു പോകണം എന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രതിഷേധിച്ചും സമരംചെയ്തും തൃപ്പൂണിത്തുറയിൽ പോയി രാജാവിൻ്റെ കാലുപിടിച്ചും ആ വലിയ ദുരന്തം ഞങ്ങൾ ഒഴിവാക്കുകയാണ് ചെയ്തത്. യൂറോപ്യൻ ആധുനികതയുടെ ഭാഗമായി വന്ന റെയിൽവേയുടെ സാമ്രാജ്യത്വസ്വഭാവവും അതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളും അന്നുതന്നെ ഞങ്ങളുടെ പൂർവ്വികർ തിരിച്ചറിഞ്ഞു എന്നതാണ് വാസ്തവം.

ഇപ്പോൾ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ അകലെ ‘ഇരിഞ്ഞാലക്കുട’ എന്ന് ബോർഡു വെച്ചിരിക്കുന്ന കല്ലേറ്റുംകര സ്റ്റേഷനിൽ പോയി വണ്ടി കാത്തുനിൽക്കുമ്പോൾ ആ പൂർവ്വികരെ ഞങ്ങൾ സ്മരിക്കുന്നു.

സംസ്ഥാനത്തുടനീളം യാത്ര ചെയ്യുന്ന ഒരാളെന്ന നിലയിൽ നീലകണ്ഠൻ്റെ പടമുള്ള ഫ്ലക്സുകൾ കവലകളിൽ ഞാൻ കാണാറുണ്ട്. ‘റെയിൽവേ ഓവർ ബ്രിഡ്ജ് പണി നിറുത്തിവെക്കുക’, ‘ദേശീയപാതാവികസനം വേണ്ടേ വേണ്ട’, ‘ബൈപാസ് നിർമ്മാണം നാടിനാപത്ത്’, ‘പാലംപണിത് പുഴ നശിപ്പിക്കരുത്’ എന്നിവയിൽ ഏതെങ്കിലും ഒരു മുദ്രാവാക്യം അതിൽ ഉണ്ടാകും.

അതുകാണുമ്പോൾ ഒരു ഇരിഞ്ഞാലക്കുടക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കും. റെയിലും റോഡുമില്ലെങ്കിലും ഞങ്ങൾ പറക്കും. ഗരുഡനായി അഭിനയിച്ച ചാക്യാർ ആകാശത്തുകൂടെ പറന്നുപോയ കലാപാരമ്പര്യമാണ് ഞങ്ങൾക്കുള്ളത്.

Back to top button
error: