വാഗ്യ എന്നത് ഭാഗ്യം ചെയ്ത ഒരു നായയുടെ പേരായിരുന്നു
രാജാറാം മോഹൻ റോയ് എന്ന മഹാന്റെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾക്കൊടുവിൽ ഇന്ത്യയിൽനിന്നു തുടച്ചു നീക്കപ്പെട്ട ഒരു അനാചാരമാണ് സതി.ഭർത്താവ് മരിക്കുമ്പോൾ ആ ചിതയിൽ ചാടി ഭാര്യയും മരിക്കുന്ന രീതിയായിരുന്നു സതി.എന്നാൽ തന്റെ യജമാനൻ മരിച്ചപ്പോൾ ആ ചിതയിൽ ചാടി മരിച്ച ഒരു നായയെപ്പറ്റി കേട്ടിട്ടുണ്ടോ? വാഗ്യ എന്നായിരുന്നു അതിന്റെ പേര്.
മാറാഠ അടക്കിവാണ ഛത്രപതി ശിവജിയുടെ വളർത്തുനായയായിരുന്ന വാഗ്യയാണ് അദ്ദേഹത്തിന്റെ ചിതയിൽ ചാടി മരിച്ചത്..ശിവജിയുടെയും വാഗ്യയുടെയും കഥയിങ്ങനെ…
മരണശേഷം സ്മൃതിമണ്ഡപം നിർമിച്ച് ബഹുമാനിക്കുന്ന വാഗ്യയുടെ കഥ ആരംഭിക്കുന്നത് സഹ്യ പർവതത്തിന്റെ മടിത്തട്ടിൽ എവിടെയോ ആണ്. വേട്ടനായ ഇനത്തിൽപെട്ട, തനി ഇന്ത്യൻ ബ്രീഡായ നായയായിരുന്നു വാഗ്യ. ഒരിക്കൽ സഹ്യാദ്രിയുടെ സമീപത്ത് വേട്ടയ്ക്ക് പോയ ശിവജി മുലകുടി മാറാത്ത ഇവനെ അവിടെ നിന്നു കണ്ടെത്തി. വലുപ്പത്തിൽ കുഞ്ഞനായിരുന്നെങ്കിലും ഉശിര് അല്പം കൂടുതലുള്ള നായയായിരുന്നു വാഗ്യ.
കടുവ ഗർജിക്കുന്നതു പോലെയുള്ള അവന്റെ കുര കണ്ടിട്ടാണ് ശിവജി നായക്കുട്ടിക്ക് വാഗ്യ എന്ന പേര് നൽകിയത്. വാഗ്യ എന്നാൽ കടുവ എന്നായിരുന്നു അർഥം. ശിവജി നായയെ തന്റെ കൂടെ കൂട്ടി. വേട്ട രീതികൾ ശീലിപ്പിച്ചു. കൊങ്കണിലെ കീഴ്ക്കാം തൂക്കായ മലനിരകളിൽ ഗറില്ല പോരിനായി ശിവജിക്കൊപ്പം അവനും ഓടിയിറങ്ങി. ശിവജിയെ പലവിധ ആപത്തുകളിൽ നിന്നും രക്ഷിച്ചതും വാഗ്യ ആയിരുന്നു. ഒടുവിൽ അൻപതോളം കോട്ടകൾ കീഴടക്കി അദ്ദേഹം രാജാവായപ്പോൾ സിംഹാസനത്തിനടുത്ത് വാഗ്യയ്ക്കും അദ്ദേഹം സ്ഥാനം നൽകി.
ഒടുവിൽ തന്റെ അൻപതാം വയസ്സിൽ ശിവാജി അകാല മൃത്യുവടയുമ്പോൾ വാഗ്യയും പ്രായാധിക്യം കൊണ്ട് ഏറെ ക്ഷീണിതനായിരുന്നു. ഇരുപത്തഞ്ച് വയസ്സ് മുതൽ അദ്ദേഹത്തിന്റെ നിഴലായി വാഗ്യ കൂടെ ഉണ്ടായിരുന്നു. ഒടുവിൽ 15 വർഷം നീണ്ടു നിന്ന ആ സ്നേഹത്തിന്റെ അവസാന നിമിഷങ്ങൾ വന്നെത്തി. സഹ്യാദ്രിയുടെ മുകളിൽ റായ്ഗഡിൽ ആ പോരാളിയെ ദഹിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൾക്ക് അരികിലായി വാഗ്യയും നിന്നിരുന്നു.
ശിവജിയുടെ ചിതയ്ക്ക് തീ കൊടുത്തപ്പോൾ വാഗ്യ അതിലേക്ക് എടുത്ത് ചാടി. യജമാനനെ അഗ്നിയിൽ നിന്ന് രക്ഷിക്കാനോ അതോ അദ്ദേഹത്തിനൊപ്പം ഇല്ലാതാകാൻ വേണ്ടിയായിരുന്നോ ആ ചാട്ടം എന്നറിയില്ല. കണ്ടു നിന്നവർ വാഗ്യയെ അഗ്നിയിൽ നിന്നു വലിച്ചു മാറ്റി. എങ്കിലും വാഗ്യക്ക് ഗുരുതരമായി പൊള്ളലേറ്റു. രണ്ട് നാളുകൾക്കുള്ളിൽ അവൻ മരണത്തിന് കീഴടങ്ങി.പിന്നീട് ശിവജിയുടെ പിൻഗാമികൾ വാഗ്യയുടെ പ്രതിമ അവിടെ സ്ഥാപിച്ചു.
മൂന്നൂറ് വർഷങ്ങൾക്ക് മുൻപ് കൊങ്കണിൽ നിന്നു യുദ്ധം തുടങ്ങി ഒടുവിൽ മറാഠാ സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവജി അന്ത്യവിശ്രമം കൊള്ളുന്ന റായ്ഗഡ് കോട്ടയിൽ അദ്ദേഹത്തെ നോക്കി നിൽക്കുന്ന വാഗ്യ എന്ന വേട്ടനായുടെ പ്രതിമ ഇന്ന് ആയിരക്കണക്കിന് സന്ദർശകരിൽ കൗതുകമുണർത്തി നിലകൊള്ളുന്നു.