അനന്തപുരിയിൽ അറബിക്കാല്ലാണം, വ്യത്യസ്തതകൊണ്ട് ശ്രദ്ധനേടിയ ഷിറാസ്-ലാമിയ വിവാഹം
മൂന്നര വര്‍ഷമായി ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റായി ജോലി ചെയ്യുന്ന ഷിറാസ് ഹെലികോപ്റ്ററിലാണ് വിവാഹവേദിയിൽ പറന്നിറങ്ങിയത്. വരൻ അറബിവേഷത്തില്‍ വേദിയിലേക്കെത്തിയപ്പോള്‍ അറബിഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായാണ് വധു എത്തിയത്. കലാകാരന്മാരുടെ സംഘം ഇവരെ സ്വീകരിച്ചതും അറബി ഗാനത്തിനൊത്ത് ചുവടുകള്‍വച്ചാണ്
തിരുവനന്തപുരം: വിവാഹകാഴ്ച്ചകളില് തികച്ചും വ്യത്യസ്തമായിരുന്നു കാഞ്ഞിരംപാറ സ്വദേശി ഷിറാസിന്റെ വിവാഹം. വിവാഹത്തിനായി ഷിറാസ് വേദിയിലെത്തിയത് ഹെലികോപ്റ്ററില്‍.
കഴക്കൂട്ടത്തെ അല്‍സാജ് അരീനയിലാണ് വ്യത്യസ്തമായ വിവാഹക്കാഴ്ചകള്‍ അരങ്ങേറിയത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയും ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റുമായ ഷിറാസിന്റെയും കരിച്ചുറ സ്വദേശി ലാമിയ ഷിബുവിന്റെയും വിവാഹത്തില്‍ പങ്കെടുത്തവരാണ് വ്യത്യസ്തവും കൗതുകകരവുമായ കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചത്.
അറബിവേഷത്തില്‍ ഷിറാസ് വേദിയിലേക്കെത്തിയപ്പോള്‍ അറബിഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായാണ് വധു എത്തിയത്. അറബി ഗാനത്തിനൊത്ത് ചുവടുകള്‍വച്ചാണ് കലാകാരന്മാരുടെ സംഘം ഇരുവരെയും സ്വീകരിച്ചത്.
മൂന്നര വര്‍ഷമായി ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റായി ജോലി ചെയ്യുകയാണ് ഷിറാസ്. ഇതാണ് വിവാഹ ചടങ്ങിലേക്കു പറന്നെത്താനുള്ള പ്രചോദനം.
കാഞ്ഞിരംപാറ ‘ബീകോം ഗ്രീന്‍ ലീവ്സി’ല്‍ പ്രവാസിയായ ഷാനഹാസിന്റെയും പരേതയായ യുഹാനുമ്മയുടെയും മകനായ ഷിറാസ് സ്കൂള്‍ വിദ്യാഭ്യാസം ഗല്ഫിലും തുടര്‍പഠനം പൂനെയിലും ഫ്രാന്‍സിലുമായാണ് പൂര്‍ത്തിയാക്കിയത്.
വധു ലാമിയ ഷിബു കരിച്ചാറ ‘അഹ്ലം’ വീട്ടില്‍ ഷിബു-ഷീന ദമ്പതികളുടെ മകളും രണ്ടാം വര്‍ഷ എം.ബി.എ വിദ്യാര്‍ത്ഥിയുമാണ്.