സുശാന്തിന്റെ വീട്ടില്‍ എയിംസില്‍ നിന്നും ഫൊറന്‍സിക് പരിശോധന
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. മരണത്തിന് പിന്നില്‍ ലഹരിബന്ധമുണ്ടെന്ന തെളിവിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിനിമ മേഖലയിലെ വന്‍ ലഹരി സംഘത്തെ പിടികൂടാനായി.
ഇപ്പോഴിതാ സുശാന്തിന്റെ വീട്ടില്‍ ഡല്‍ഹി എയിംസില്‍നിന്നുള്ള വിദഗ്ധ സംഘം ഫൊറന്‍സിക് പരിശോധന നടത്തിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സിബിഐയാണ് മൂന്നംഗ പ്രത്യേക സംഘത്തെ എത്തിച്ചത്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ബാക്കി അന്വേഷണം നടത്തുമെന്നാണ് വിവരം. സുശാന്തിന്റെ മരണത്തിന്റെ എല്ലാ വശവും പരിശോധിക്കാന്‍ എയിംസ് സംഘത്തിന്റെ സഹായം കഴിഞ്ഞമാസം തന്നെ സിബിഐ തേടിയിരുന്നുവെന്ന് എയിംസ് ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. സുധീര്‍ ഗുപ്ത പറഞ്ഞിരുന്നു.
സുശാന്തിന്റെ മാനസികാരോഗ്യം, ലഹരിമരുന്നിന്റെ ഉപയോഗം, പണമിടപാടുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ വിവാദം കൊഴുക്കുന്ന സാഹചര്യത്തില്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നീ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്.
ജൂണ്‍ 14ന് ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു മുംബൈ പൊലീസിന്റെ നിലപാട്. എന്നാല്‍ കാമുകി റിയ ചക്രവര്‍ത്തി മാനസികമായി തളര്‍ത്തി സുശാന്തിനെ ആത്മഹത്യയിലേക്കു തള്ളിവിടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സുപ്രീം കോടതി നിര്‍ദേശം അനുസരിച്ച് മുംബൈ പൊലീസില്‍ നിന്ന് ഇപ്പോള്‍ സിബിഐയാണ് കേസ് അന്വേഷിക്കുന്നത്.