കെ എം മാണിയെ കള്ളൻ എന്ന് വിളിച്ചതിന്റെ വേദന ജോസ് കെ മാണിയും കാട്ടുകള്ളൻ എന്ന് വിളിച്ചതിന്റെ ആവേശം സിപിഎമ്മും മറക്കുമ്പോൾ
കെ എം മാണി എന്ന കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനെ അക്ഷരാർത്ഥത്തിൽ വീഴ്ത്തിയത് ബാർ കോഴ ആരോപണമാണ് .എൽ ഡി എഫിന്റെ 2016 നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ ആയുധവും അതുതന്നെയായിരുന്നു .ബിജു രമേശ് തൊടുത്ത് വിട്ട അമ്പ് യു ഡി എഫിന്റെ തുടർ ഭരണ പ്രതീക്ഷകളെ തകിടം മറിച്ചു .
ആദ്യ നാല് വർഷം ജനപ്രിയ പദ്ധതികളിലൂടെ വോട്ടർമാരെ കയ്യിലെടുത്ത ഉമ്മൻ ചാണ്ടി സർക്കാരിന് പിഴച്ചത് ഭരണത്തിന്റെ അഞ്ചാം വർഷമാണ് .സരിതയുടെ നിരന്തരമുള്ള മൊഴിമാറ്റങ്ങളിലൂടെ സോളാർ വിവാദത്തെ ഒരു വിധം അതിജീവിച്ച യു ഡി എഫ് സർക്കാരിനെ അടിതെറ്റിച്ചത് ബാർ കോഴ ആരോപണമാണ് .ഇതിലെ കേന്ദ്ര ബിന്ദു കെ എം മാണിയും കേരള കോൺഗ്രസുമായി .
കെ എം മാണിക്ക് വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന പ്രചാരണമൊക്കെ വോട്ടർമാരെ നിർണായകമായി സ്വാധീനിച്ചു .ഓരോ ഘട്ടത്തിൽ ഓരോ വെളിപ്പെടുത്തലുമായി ബിജു രമേശ് വന്നപ്പോൾ പ്രതിപക്ഷത്തിന് പ്രത്യേകിച്ച് സിപിഎമ്മിന് അത് വലിയ രാഷ്ട്രീയ ആയുധമായി .അതിനു തൊട്ട് മുൻപ് വരെ മാണിയുടെ സഹായത്തോടെ യുഡിഎഫ് സർക്കാരിനെ വലിച്ചു താഴെയിട്ടു കെ എം മാണിയെ മുഖ്യമന്ത്രിയാക്കി ഇടക്കാല സർക്കാർ ഉണ്ടാക്കാം എന്ന് കരുതിയ എൽഡിഎഫിന്റെ ബാർ കോഴ ആരോപണത്തിന് ശേഷമുള്ള പ്രധാന രാഷ്ട്രീയ ശത്രു കെ എം മാണിയായി .
കെ എം മാണിയെ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനം വരെയുണ്ടായി .നിയമസഭ സംഘർഷഭരിതമായി .സഭയിലെത്തിയ മാണിയെ ശാരീരികമായി തടയാൻ വരെ ശ്രമം ഉണ്ടായി .ഉന്തും തള്ളും തെറിവിളിയും കൊണ്ട് നിയമസഭ മുഖരിതമായി .എൽഡിഎഫ് എംഎൽഎമാർ സ്പീക്കറുടെ ഡയസിൽ വരെ കയറി നിന്ന് മാണിവിരുദ്ധ മുദ്രാവാക്യം വിളിച്ചു .അതൊക്കെ കേരള നിയമസഭയുടെ ചരിത്രമായി .
സരിതാ കേസുമായി ബന്ധപ്പെട്ടും സരിത എഴുതി എന്നുപറയുന്ന കത്തുമായി ബന്ധപ്പെട്ടും കേരള കോൺഗ്രസിനെതിരെ എൽ ഡി എഫ് ആരോപണങ്ങൾ ഉയർന്നു .ഇവിടെ ഉന്നം ജോസ് കെ മാണി ആയിരുന്നു .നിരവധി ആരോപണ പ്രത്യാരോപണങ്ങൾ ജോസ് കെ മാണിയുമായി ബന്ധപ്പെട്ടും നടന്നു .
ഇന്നിതാ ജോസ് കെ മാണിയെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നു .കെ എം മാണിയുടെ രണ്ടില ചിഹ്നത്തെ എൽഡിഎഫിന്റെ ചുവപ്പിനോട് ചേർത്തുവെക്കാൻ വെമ്പുന്നു . ബാർ കോഴ ആരോപണവും സോളാർ കേസുമെല്ലാം വിസ്മൃതിയിലേക്ക് പോകുന്നു .രണ്ടിലും കാര്യമായ നടപടികൾ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടില്ല എന്നതും വാസ്തവം .അച്ഛനെ കള്ളനെന്നു വിളിച്ചതിന്റെ വേദന ജോസ് കെ മാണിയും കൊള്ളക്കാരൻ എന്ന് വിളിച്ചതിന്റെ ആവേശം എൽഡിഎഫും മറക്കുകയാണ് .കേരള രാഷ്ട്രീയത്തിൽ പുതിയ ബാന്ധവം രൂപപ്പെടുന്നു .ലക്ഷ്യം 14 സീറ്റുകളാണ് .മധ്യകേരളത്തിലെ നിർണായക 14 സീറ്റുകൾ.അവിടെ എന്ത് ബാർ കോഴ ,എന്ത് സോളാർ കേസ് .