NEWS

ദിലീപിനെതിരെ പുതിയ ആരോപണവുമായി പഴയ സുഹൃത്ത്, പള്‍സര്‍ സുനി ദിലീപിൻ്റെ ആജ്ഞാനുവർത്തി, ഈ ബന്ധം പുറത്തുപറയാതിരിക്കാന്‍ കാവ്യ നിരന്തരം വിളിച്ചിരുന്നു

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആലുവയിലെ വീട്ടിൽ വച്ച് ദിലീപും സുഹൃത്തുക്കളും ഒരുമിച്ചിരുന്നു കണ്ടു. ‘പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍’ കാണാന്‍ തന്നെയും ദിലീപ് ക്ഷണിച്ചു, പക്ഷേ നടിയുടെ ദൃശ്യങ്ങളാണെന്ന് മനസിലായതോടെ താൻ ഒഴിഞ്ഞുമാറി. ദിലീപിൻ്റെ പഴയ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നു

കൊച്ചി: കാറില്‍ വച്ച് നടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ചലച്ചിത്ര താരം ദിലീപിനെതിരെ ഗുരുതര ആരോപണവുമായി നടന്റെ പഴയ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍.
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി ദിലീപിൻ്റെ ആജ്ഞാനുവർത്തിയാണെന്നും ഈ ബന്ധം പുറത്തുപറയാതിരിക്കാന്‍ കാവ്യയും ദിലീപിന്റെ ബന്ധുക്കളും തന്നെ നിരന്തരം  വിളിച്ചിരുന്നു എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

Signature-ad

ദിലീപ് ജയിലിലായിരുന്ന സമയത്ത് ആലുവ ജയിലിലേക്ക് വിളിപ്പിച്ച് ഇതുസംബന്ധിച്ച് ഒന്നും വെളിപ്പെടുത്തരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. കാവ്യയും ഇക്കാര്യം പറഞ്ഞ് നിരവധി തവണ തന്നെ വിളിച്ചു. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്നറിഞ്ഞാല്‍ ജാമ്യം ലഭിക്കില്ലെന്നാണ് ദിലീപും കുടുബാംഗങ്ങളും തന്നോട് പറഞ്ഞത്. ജയിലില്‍ കിടന്ന ദിലീപിന് വി.ഐ.പി പരിഗണനയാണ് ലഭിച്ചിരുന്നത്. താനത് നേരിട്ട് കണ്ടതാണ്. സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചാണ് താനും ദിലീപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയിരുന്നു. ദിലീപിന് ജാമ്യം ലഭിച്ച് ദിവസങ്ങള്‍ക്കുള്ളിലാണത്. ഒരു വി.ഐ.പിയാണ് ഇതെത്തിച്ചത്. വിഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാല്‍ ലാല്‍ മീഡിയയില്‍ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തി. ദിലീപും സുഹൃത്തുക്കളും ഒരുമിച്ചാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. ‘പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍’ കാണാന്‍ തന്നെയും ദിലീപ് ക്ഷണിച്ചതായും നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസിലായതോടെ താനില്ല എന്ന് പറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ആ വിഡിയോയിലുണ്ടായിരുന്ന വാചകങ്ങള്‍ ഇന്നും ഓര്‍മയുണ്ട്. കേസിനെക്കുറിച്ച് വെളിപ്പെടുത്താനായി എ.ഡി.ജി.പി, സന്ധ്യയെ പലതവണ വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ഒരു താല്‍പര്യവും പ്രകടിപ്പിച്ചില്ല. അന്വേഷണ സംഘത്തിലെ ഉദ്യാഗസ്ഥനായ സുദര്‍ശന്‍ എന്ന പോലീസുകാരനെ ദിലീപ് നോട്ടമിട്ടിട്ടുണ്ടെന്നും, പള്‍സര്‍ സുനി ജയിലിനകത്തായതുകൊണ്ട് മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നത് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: