എം.ജി ശ്രീകുമാർ ബി.ജെ.പിക്കാരൻ, ഇടതുസ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താൻ ബി.ജെ.പിക്കു വേണ്ടി പ്രചരണം നടത്തിയ വ്യക്തിക്ക് സംഗീത നാടക അക്കാദമി ചെയര്മാന് സ്ഥാനം നല്‍കിയതില്‍ ഇടത്അനുഭാവികൾക്ക് പ്രതിഷേധം
പാർലമെൻ്റ്- അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി മുൻനിരയിലുണ്ടായിരുന്നു എം.ജി ശ്രീകുമാർ. കഴക്കൂട്ടത്ത് വി. മുരളീധരന് വേണ്ടിയും നേമത്ത് കുമ്മനം രാജശേഖരന് വേണ്ടിയും വേദികളില്‍ സജീവപ്രചാരണം നടത്തി. ഇടതുപക്ഷ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി ബി.ജെ.പിക്കാരെ വിജയിപ്പിക്കാന്‍ പ്രചരണം നടത്തിയ ആൾക്കു തന്നെ സംഗീത നാടക അക്കാദമി ചെയര്മാന് സ്ഥാനം നല്‍കണമായിരുന്നോ എന്നാണ് ചില ഇടത് സഹയാത്രികരുടെ ചോദ്യം
തിരുവനന്തപുരം: സംഗീത, നാടക അക്കാദമി ചെയര്‍മാനായി എം.ജി ശ്രീകുമാറിനെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച പശ്ചാത്തലത്തില്‍, അദ്ദേഹത്തിന്റെ ബി ജെ പി ബന്ധം സജീവ ചര്‍ച്ചയാക്കി സോഷ്യൽ മീഡിയ. തിരഞ്ഞെടുപ്പ് വേളകളില്‍ ബി ജെ പി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു എം.ജി ശ്രീകുമാര്‍. ബി.ജെ.പി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന ആഹ്വാനങ്ങളും നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുന്നതിന്റെയും അവരെ ആദരിക്കുന്നതിന്റെയുമൊക്കെ ഫോട്ടോകളും പങ്കുവെച്ചാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
2016ല്‍ കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ഥി വി മുരളീധരന് വേണ്ടി വേദിയിലെത്തി വോട്ട് ചോദിച്ചിരുന്നു എം.ജി ശ്രീകുമാർ. കുമ്മനം രാജശേഖരന് വേണ്ടിയും ലോക്സഭാ ഇലക്ഷന് വേദികളില്‍ പ്രചാരണം നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കുമ്മനത്തിനൊപ്പം ശ്രീകുമാർ പ്രചാരണത്തില്‍ പങ്കെടുത്തു. കുമ്മനത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണഗാനം ആലപിച്ചതും എം. ജി ശ്രീകുമാറാണ്.
ഇടതുപക്ഷ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ വേണ്ടി നിരന്തരം വേദികൾ ഉപയോഗിച്ച വ്യക്തിക്ക് തന്നെ സംഗീത നാടക അക്കാദമി ചെയര്മാന് സ്ഥാനം നല്‍കിയതില്‍ ഇടത് അനുഭാവികള്‍ക്കും പ്രതിഷേധമുണ്ട്. കെ.പി.എ.സി ലളിതയുടെ കാലാവധി പൂര്‍ത്തിയായാലാണ് എം ജി ശ്രീകുമാര്‍ സ്ഥാനമേല്‍ക്കുക.