IndiaNEWS

ഇന്ത്യയ്ക്കും മുൻപെ നടന്ന മുംബൈ

ഗുജറാത്ത് സുൽത്താനിൽനിന്നും പോർച്ചുഗീസുകാർ പിടിച്ചെടുത്ത കാലംമുതൽ ആരംഭിക്കുന്നു മുംബൈയുടെ വളർച്ച.ഏഴു ദ്വീപുകളെ ബന്ധിപ്പിച്ച് ചേർത്തതാണ് ഇന്നത്തെ മുംബൈ നഗരം. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച റെയിൽവേസ്റ്റേഷൻ ഉൾപ്പടെ  പഴമയും പുതുമയും സമഞ്ജസമായി മേളിക്കുന്ന ഒരു സ്ഥലം അതാണ് മുംബൈ.

 

കേട്ടറിവിനെക്കാൾ വലുതാണ് ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം കൂടിയായ
മുംബൈ നഗരം.ചരിത്രസ്മൃതികളും വർത്തമാനസത്യങ്ങളും ജീവിതത്തിന്റെ വേഗവും പങ്കപ്പാടുകളും ആൾക്കൂട്ടത്തിൽ തനിയെ കിട്ടുന്ന ശാന്തതയുടെ തത്ത്വശാസ്ത്രങ്ങളുമെല്ലാം ഇവിടെ നിന്ന് വായിച്ചെടുക്കാം.പണ്ട് എസ്.എസ്.എൽ.സി.യും ടൈപ്പ്റൈറ്റിങ്ങും പാസായാൽ നേരെ മുംബൈയ്ക്ക് വണ്ടി കയറുമായിരുന്നു മലയാളി.മലയാളികൾക്കു മാത്രമല്ല,ഇന്ത്യയെന്നാൽ ബോംബെ തന്നെയായിരുന്നു മറ്റു പലർക്കും.പിന്നീട് അറബിനാടുകളിലേക്കുള്ള വാതായനമായി മാറി ഈ മറാത്തി നഗരം.ഗൾഫ് സ്വപ്നം പൊലിഞ്ഞവരെയും ഈ നഗരം ചേർത്തൂപിടിച്ചു.ടൈപ്പ്റൈറ്ററിൽ തുടങ്ങിയവർ പലരും സർക്കാർ ഉദ്യോഗങ്ങളിലും അതുവഴി വലിയ വലിയ നിലയിലുമെത്തി.അവർക്കായി ഉയർന്ന നിലകൾ ഉള്ള ഫ്ലാറ്റുകൾ ഇവിടെ ഒരുങ്ങി. ചിലർ ബിസിനസ് സാമ്രാജ്യങ്ങൾ തീർത്തു. സിനിമയിലും പത്രപ്രവർത്തനരംഗത്തും എഴുത്തിലും എല്ലാം ഭാരത്തിന്റെ അടയാളങ്ങൾ തീർക്കാൻ ഈ നഗരം പശ്ചാത്തലമൊരുക്കി.ഒരിക്കൽ ചെന്നവനെ വശീകരിച്ചടുപ്പിക്കുന്ന ഒരു ഇന്ദ്രജാലമുണ്ട് ഈ നഗരത്തിന്. ഒരു സഞ്ചാരിയെ ആകർഷിക്കുന്നതും അതുതന്നെ…

ഗുജറാത്തികളും പാഴ്സികളും മാർവാഡികളും തുടങ്ങിയ ബിസിനസ് സാമ്രാജ്യങ്ങളിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തൊഴിലാളികളും കുടിയേറ്റക്കാരും തദ്ദേശീയരായ മറാത്തികളും ചേർന്നാണ് മുൻപ് ബോംബെ എന്ന പേരിലറിയപ്പെട്ടിരുന്ന
മുംബൈയെ ഇന്നത്തെ മഹാനഗരമാക്കിയത്.
 ഒരിക്കലും ഉറങ്ങാത്ത ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്‌.നഗരപ്രാന്തം കൂടി ഉൾപ്പെടുന്ന മുംബൈ മെട്രോപൊളിറ്റൻ പ്രദേശം 25 ദശലക്ഷം ജനസംഖ്യയോടുകൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ മെട്രോ നഗരമാണ്‌. മുംബൈയിലെ ആഴക്കടൽ തുറമുഖത്തിലൂടെയാണ്‌ ഭാരതത്തിലെ 50 ശതമാനത്തോളം ചരക്കുഗതാഗതവും നടക്കുന്നത്‌.
പലരാജ്യങ്ങളുടെ എംബസി മന്ദിരങ്ങളും, പല ഇന്ത്യൻ കമ്പനികളുടെയും കോർപ്പറേറ്റ്‌ ആസ്ഥാന മന്ദിരങ്ങളും മുംബൈയിലാണുള്ളത്‌. മുംബൈയിലെ അദമ്യമായ തൊഴിൽ-വ്യവസായ സാധ്യതകൾ കാരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും അനേകം പ്രവാസികളെ ആകർഷിക്കാൻ മുംബൈക്കു കഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളിൽ ഒന്നാണ്‌. നഗരത്തിലെ സംസ്കാരം ഇന്ത്യയിലെ വിവിധ മതങ്ങളുടെയും പ്രദേശങ്ങളുടെയും സംസ്കാരങ്ങൾ കൂടിച്ചേർന്നു രൂപപ്പെട്ട ഒരു സങ്കര സംസ്കാരമത്രെ.ഹിന്ദി ടെലിവിഷൻ- ചലച്ചിത്ര വ്യവസായം മുംബൈയിൽ അടിസ്ഥാനമിട്ടിരിക്കുന്നു.അതാണ് ബോളിവുഡ്.
ഒരു കാലത്ത് അധോലോക സംഘങ്ങൾ നിയന്ത്രിച്ചിരുന്ന ബോംബെ ഇന്ന് ശാന്തമാണ്.മലയാളികൾ ഉൾപ്പടെ എല്ലാവർക്കും ‘മുമ്പെ’ തന്നെയാണ് എന്നും ഈ നഗരം.

Back to top button
error: