വാഷിങ്ടൻ: 2022 തുടക്കം മുതൽ എച്ച്1ബി ഉൾപ്പെടെയുള്ള തൊഴിൽ വീസകൾ ലഭിക്കുന്നതിനു നടത്താറുള്ള വ്യക്തിഗത അഭിമുഖം താൽക്കാലികമായി ഒഴിവാക്കി യുഎസ്.
കോവിഡ് വ്യാപന ആശങ്കയുടെ പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെതാണ് തീരുമാനം. 2022 ഡിസംബർ 31 വരെ ഇത്തരത്തിൽ അഭിമുഖം നടത്താതെ വീസകൾ അനുവദിക്കും. എച്ച്–1ബി, എച്ച്-3 എൽ, ഒ, പി, ക്യൂ എന്നീ വിഭാഗത്തിൽപ്പെട്ട വീസകൾക്കുള്ള അപേക്ഷകർ യുഎസ് കോൺസുലേറ്റിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കേണ്ടതില്ല.
വീസ ലഭിക്കുന്നതിനുള്ള അവസാന കടമ്പയാണ് ഈ അഭിമുഖം. സാങ്കേതിക സൈദ്ധാന്തിക രംഗത്തു വൈദഗ്ധ്യമുള്ള മറ്റു രാജ്യക്കാർക്ക് യുഎസ് നൽകുന്ന നോൺ ഇമിഗ്രന്റ് വീസയാണ് എച്ച്–1ബി. ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് ഏറെയും ഇതിന്റെ ഗുണഭോക്താക്കൾ.
മറ്റ് ഇമിഗ്രന്റ് ഇതര വീസകളായ എച്ച്–2 വീസ, എഫ്, എം, ജെ തുടങ്ങിയവയ്ക്ക് അഭിമുഖം ഒഴിവാക്കാനുള്ള തീരുമാനം 2022 ഡിസംബർ 31വരെ നീട്ടിയതായും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഉത്തരവിൽ പറയുന്നു. എങ്കിലും അടിയന്തരസാഹചര്യമുണ്ടെങ്കിൽ അപേക്ഷകരെ നേരിട്ടു വിളിപ്പിക്കാം.