സമൂഹ മാധ്യമങ്ങളിലെ ചാറ്റിംഗ് വിലക്കിയ സഹോദരനെ കുടുക്കാൻ വ്യാജ പീഡന പരാതി
സഹോദരൻ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്ന് പെൺകുട്ടി ചൈൽഡ് ലൈൻ മുഖേന പരാതി നൽകി. പക്ഷേപെൺകുട്ടിയെ കൗൺസിലിംഗും വൈദ്യ പരിശോധനയും നടത്തിയപ്പോൾ പരാതി വ്യാജമാണെന്ന് വെളിപ്പെട്ടു
എടപ്പാൾ: സമൂഹ മാധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം കൂടുന്നതും നിരന്തരം ചാറ്റിംഗ് നടത്തുന്നതും വിലക്കിയ സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് സഹോദരനെ കുടുക്കാൻ തന്ത്രം മെനഞ്ഞത്.
സഹോദരൻ പലവട്ടം ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിക്കുന്നതായി ചൈൽഡ് ലൈൻ മുഖേന പരാതി നൽകുകയായിരുന്നു. ഇവർ കേസ് പൊലീസിന് കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെയും തിരൂർ ഡിവൈ.എസ്.പി യുടെയും നിർദേശ പ്രകാരം ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കൽ അന്വേഷണം ആരംഭിച്ചു. യുവാവിനെ കസ്റ്റഡിയിൽ എടുത്ത് കേസ് എടുക്കുകയും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു.
എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യം കണ്ടെത്തിയ സി.ഐ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. വൈദ്യ പരിശോധനയും നടത്തി. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നു വ്യക്തമായതോടെ മനഃശാസ്ത്ര കൗൺസലിങ് നടത്തി. അതോടെ പീഡനം നടന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തമായി.