ലണ്ടൻ: 12 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കുന്നതിന് ഫൈസറിന്റെ കോവിഡ് വാക്സീന് അനുമതി നൽകി ബ്രിട്ടൻ. അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഫൈസർ-ബയോഎൻടെക്കിന്റെ ലോവർ ഡോസിന് അംഗീകാരം നൽകിയതായി ബ്രിട്ടിഷ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട് റെഗുലേറ്ററി ഏജൻസി അറിയിച്ചു.
രാജ്യത്ത് ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടൻ. വർഷാവസാനത്തിന് മുൻപ് എല്ലാ മുതിർന്നവർക്കും ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്യാൻ ലക്ഷ്യമിടുന്നു. ബുധനാഴ്ച രാജ്യത്ത് 30 ദശലക്ഷം മൂന്നാം ഡോസ് വാക്സീൻ വിതരണം ചെയ്തു. അതേസമയം, രാജ്യത്ത് ആദ്യമായി 1,00,000 പുതിയ പ്രതിദിന കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു.