പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു. 25ന് ശബരിമലയിൽ എത്തും. ഇന്നു രാവിലെ ഏഴിനാണ് ഘോഷയാത്ര പുറപ്പെട്ടത്. രാവിലെ അഞ്ചു മുതല്‍ ഏഴു വരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമൊരുക്കിയിരുന്നു. തങ്ക അങ്കി ദര്‍ശനത്തിന് നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഭക്തര്‍ എത്തിയിരുന്നു.
പത്തനംതിട്ട എആര്‍ ക്യാംപ് അസി. കമന്‍ഡാന്റ് സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ 60 അംഗ സായുധസംഘവും ആറന്മുള ദേവസ്വം കമ്മിഷണർ കെ.സൈനുരാജ്, ജി.അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥ സംഘവും ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്. മണ്ഡല പൂജയ്ക്ക് അയ്യപ്പനു ചാർത്താനായി തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാൾ ബാല രാമവർമ 1973ൽ ശബരിമല നടയ്ക്കു വച്ചതാണ് തങ്ക അങ്കി. 450 പവൻ തൂക്കമുണ്ട് തനിത്തങ്കത്തിൽ നിർമിച്ച അങ്കിക്ക്.