ജനുവരി എട്ടിന് എടപ്പാള്‍ മേല്‍പ്പാലം തുറക്കും, രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇതോടെ വിരാമം
തൃശൂര്‍ -കുറ്റിപ്പുറം പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന എടപ്പാളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകുകയാണ്
പുതുവത്സര സമ്മാനമായി എടപ്പാള്‍ മേല്‍പ്പാലം 2022 ജനുവരി എട്ടിന് രാവിലെ 10ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിര്‍മിക്കുന്ന ആദ്യ മേല്‍പ്പാലമാണ് എടപ്പാള്‍ പാലം. കിഫ്ബി യില്‍ നിന്ന് 13.68 കോടി ചെലവഴിച്ചാണ് എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട്- തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാലം ഒരുക്കിയിരിക്കുന്നത്.
പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടിയാണ് പാലം പദ്ധതി കടന്നുപോകുന്നത്. തൃശൂര്‍ -കുറ്റിപ്പുറം പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ഈ ജംങ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലക്കാണ് മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്.