വിവാഹ വേഷത്തിൽ തന്നെ അവർ പൊതിച്ചോറ് എടുത്തുകൊടുത്തപ്പോൾ പതിവായി ഭക്ഷണം വാങ്ങാൻ എത്തിയിരുന്നവർ പോലും ഒന്നമ്പരന്നു.ചിലരുടെ മുഖത്ത് കൗതുകമായിരുന്നു.മറ്റു ചിലർ അഭിനന്ദിച്ചു.തിരുവനന്തപുരം മെഡിക്കൽ കോളേജിനു മുന്നിൽവച്ച് ഇന്നായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്.
ഉച്ചസമയത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിനു മുന്നിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ രണ്ട് അതിഥികളെ കണ്ട് രോഗികളും കൂട്ടിരിപ്പുകാരും നാട്ടുകാരും വരെ അമ്പരന്നുപോയി.വിവാഹ വേഷത്തിൽ വരനും വധുവും ചുറ്റും വേറെ കുറച്ച് ആളുകളും.പിന്നീട് എന്താണ് കാര്യം എന്ന് അറിഞ്ഞതിനുശേഷം രണ്ടുപേർക്കും മനസ്സാ അനുഗ്രഹവും ചൊരിഞ്ഞാണ് അവർ ഭക്ഷണവും വാങ്ങി പോയത്.
വിവാഹ ദിവസം പോത്തൻകോട് പേരതള ശ്രീജേഷ് ഭവനിൽ രാജശേഖരൻ നായരുടെയും ശ്രീലതയുടെയും മകൻ
ആർ ശ്രീജേഷ് കുമാർ പതിവുപോലെ നടത്തിയിരുന്ന പൊതിച്ചോർ വിതരണം വിവാഹനാളിലും മുടക്കിയില്ല.പാവപ്പെട്ട രോഗികൾക്കുള്ള ഭക്ഷണ വിതരണത്തിന് ശ്രീജേഷിന് കൂട്ടായി ഇന്ന് അശ്വതിയും ഉണ്ടായിരുന്നു. മണ്ഡപത്തിൽ വച്ച് വിവാഹ ചടങ്ങുകൾക്കും താലികെട്ടലിനും ശേഷം ഇരുവരും നേരെ പോയത് പാവപ്പെട്ട രോഗികളുടെ അടുത്തേക്കാണ്.സൗജന്യ പൊതിച്ചോർ വിതരണം മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്ക് മാത്രമല്ല അവരുടെ കൂടെ വരുന്ന ആളുകൾക്കും ശ്രീജേഷിന്റെ നേതൃത്വത്തിൽ ദിവസവും നൽകുന്നുണ്ടായിരുന്നു.ഇന്ന് വധുവരൻമാർ രണ്ടു പേരും കൂടി ചേർന്നാണ് പൊതിച്ചോറ് വിതരണം ചെയ്തത്.പൊതിച്ചോർ വിതരണം കഴിഞ്ഞതിനുശേഷം തിരിച്ചു മണ്ഡപത്തിൽ എത്തിയാണ് ഇരുവരും ബാക്കിയുള്ള ചടങ്ങുകൾ പൂർത്തീകരിച്ചതും
ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവ്വം’ എന്ന പദ്ധതിയിലൂടെ പൊതിച്ചോർ ശേഖരിക്കുനതിൽ എന്നും ശ്രീജേഷ് മുന്നിൽ തന്നെ ഉണ്ടാകാറുണ്ട്.ഇന്ന് വിവാഹദിവസം ആയിട്ടും അതിന് മുടക്കം വരുത്തിയില്ല എന്നുമാത്രം!