ചേതനയറ്റ രണ്ടു ശരീരങ്ങള്‍.രണ്ടിനും അവരവരുടെ കൊടികൾ പുതപ്പിക്കും.രണ്ടു പേരും മണ്ണോടു ചേരും.
ഹർത്താലുകളും…
കറുത്ത കൊടികളും…
രക്ത സാക്ഷിക്ക് മരണമില്ലെന്ന ഫ്ലക്സ് ബോർഡുകളും ഉയരും.
സോഷ്യല്‍ മീഡിയയിലൂടെ വാഗ്വാദങ്ങളും
ആദരാഞ്ജലികളുടെ പ്രവാഹവും ഒഴുകും.കൊന്നവനും കൊല്ലിച്ചവനും ഇവിടെ വിലസി നടക്കും.ദിനങ്ങള്‍ കഴിയുമ്പോ എല്ലാം പകൽ കിനാവ് പോലെ മാഞ്ഞു പോകും.
പക്ഷെ, അപ്പോഴും അകത്തെ മുറിയില്‍ നഷ്ടപെട്ട മകനെയോർത്ത് മാതാപിതാക്കളുടെ…
പ്രിയതമനെ ഓർത്ത് പ്രിയ പത്നിയുടെ…
അച്ഛനെയോർത്ത്
പറക്കമുറ്റാത്ത മക്കളുടെ…
ദീന രോദനം ഉയര്‍ന്നു കേൾക്കുന്നുണ്ടാകും.
അപ്പോഴും നേതാവിന്റെ ആജ്ഞ കേട്ട്
ബുദ്ധിശൂന്യനായ അനുയായി
അടുത്ത ഇരക്ക് വേണ്ടി ആയുധം മൂർച്ച കൂട്ടുന്നുണ്ടാകും.ഏതോ ഹതഭാഗ്യൻ താനാണ് അടുത്ത ഇരയെന്നറിയാതെ അപ്പോഴും മക്കളുടെ നല്ല നാളയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുന്നുണ്ടാവും.
എതിർ രാഷ്ട്രീയമാണ്.അന്യ മത വിശ്വാസിയാണ് എന്ന ഒറ്റക്കാരണത്താൽ പച്ച ജീവനുകളെ ഇങ്ങനെ അരിഞ്ഞു വീഴ്ത്തുവാൻ എങ്ങനെ തോന്നുന്നു !!
അരുതേ… ഇനിയൊരു കൊലപാതകം. പാര്‍ട്ടിയുടെ പേരിനപ്പുറം,
കൊടിയുടെ നിറത്തിനപ്പുറം,
വോട്ടിന്റെ ചിഹ്നത്തിനപ്പുറം
നമ്മളെല്ലാം മനുഷ്യരാണ്.
ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ വിവേകവും ചിന്താ ശേഷിയുമുള്ള
ഉൽകൃഷ്ടമായ, ദൈവത്തിന്റെ സൃഷ്ടികള്‍.
നമ്മുടെ ചോരക്കെല്ലാം
ഒരേ നിറമാണ്….
കൊടികളുടെ നിറം വിത്യസ്തമായാൽപ്പോലും !!