IndiaNEWS

സ്നേഹമാണ്…. നൊമ്പരമാണ് ഹച്ചിക്കോ എന്ന നായ…!

ജമാനന്‍ മരിച്ചുപോയതറിയാതെ പത്തുവര്‍ഷം റെയില്‍വെ സ്റ്റേഷനില്‍ അദ്ദേഹത്തെ കാത്തിരുന്ന ഒരു നായ.അവസാനം യജമാനന്റെ ശവകുടീരത്തിനു സമീപം അതിനും അന്ത്യവിശ്രമം.യജമാനനെ പതിവായി കാത്തിരുന്ന റയിൽവെ സ്റ്റേഷനിൽ വെങ്കല പ്രതിമയും!
യജമാനന്റെ രക്ഷയ്ക്കായി ജീവത്യാഗം ചെയ്ത അനേകം നായകളുടെ കഥകൾ നമുക്കറിയാം.എന്നാൽ യജമാനൻ മരിച്ചശേഷവും അതറിയാതെ ഏകദേശം പത്തു വർഷക്കാലം അദ്ദേഹത്തെ കാത്തിരുന്ന നായയുടെ കഥയറിയാമോ? യജമാനന്റെ ചിതയിൽ ചാടി ആത്മഹത്യ ചെയ്ത നായയുടെ കഥ..? നായയുടെ യജമാനനോടുള്ള ആത്മാർത്ഥമായ സ്നേഹം ആദ്യം കണ്ടത് ശങ്കർ നായകനായി അഭിനയിച്ച “ഇതെന്റെ നീതി” എന്ന സിനിമയിൽ ആയിരുന്നു.1987 മാർച്ചിലായിരുന്നു ഇതിന്റെ റിലീസിംഗ്.മറ്റൊരെണ്ണം മുംബൈയിലാണ്.മാറാഠ അടക്കിവാണ ഛത്രപതി ശിവജിയുടെ വളർത്തുനായയായിരുന്ന വാഗ്യ അദ്ദേഹത്തിന്റെ ചിതയിൽ ചാടി മരിച്ച സംഭവം.ശിവജിയുടെ ചിതയ്ക്ക് തീ കൊടുത്തപ്പോൾ പതിനഞ്ചു വർഷം ഒപ്പമുണ്ടായിരുന്ന വാഗ്യ അതിലേക്ക് എടുത്ത് ചാടുകയായിരുന്നു.പിന്നീട് ശിവജിയുടെ പിൻഗാമികൾ വാഗ്യയുടെ പ്രതിമ യജമാനന്റെ ശവകുടീരത്തിനു സമീപം തന്നെ സ്ഥാപിച്ചു.യുധിഷ്ഠിരനോടൊപ്പവും ഒരു നായ ഉണ്ടായിരുന്നു.സ്വർഗ്ഗാരോഹണത്തിനായി സുമേരുപർവ്വതത്തിലേക്കുള്ള യാത്രയിൽ…

 

ഈ സംഭവം പക്ഷെ ഇവിടെങ്ങുമല്ല, അങ്ങ് ദൂരെ ജപ്പാനിലാണ്. ജനിച്ച് ഏകദേശം ഒരു നൂറ്റാണ്ടിലേറെയായെങ്കിലും, ഹച്ചിക്കോ എന്ന നായ ഇപ്പോഴും ജപ്പാൻകാർക്ക് പ്രിയപ്പെട്ടവനാണ്. ടോക്കിയോയിലെ ഷിബുയ സ്റ്റേഷനിൽ അവന്‍റെ വെങ്കല പ്രതിമ ഇന്നും കാണാം.ദിവസവും ആയിരക്കണക്കിന് ആളുകളാണ് പ്രതിമ കാണാനും, അതിനുമുന്നിൽനിന്നും ഒരു ചിത്രം എടുക്കാനുമായി ഇവിടേക്ക് വരുന്നത്.
യജമാനന്‍റെ മടങ്ങിവരവിനായി പത്ത് വർഷത്തോളം കാത്തിരുന്ന വിശ്വസ്തനായ ഹച്ചിക്കോയുടെ കഥയാണിത്.അനിശ്ചിതത്വവും സ്വാർത്ഥതയും നിറഞ്ഞ ഈ ലോകത്ത്, ശുദ്ധവും അചഞ്ചലവുമായ അവന്‍റെ സ്നേഹത്തിന്‍റെ കഥ ഇന്നും നമ്മെ കണ്ണീരണിയിപ്പിക്കും.
1923 നവംബറിൽ ജപ്പാനിലെ ഒരു കർഷകന്‍റെ കളപ്പുരയിലാണ് ഹച്ചിക്കോ ജനിച്ചത്. 1924 -ൽ ടോക്കിയോ ഇംപീരിയൽ യൂണിവേഴ്‌സിറ്റിയിലെ കാർഷിക വിഭാഗത്തിൽ പഠിപ്പിച്ച പ്രൊഫസർ ഹിഡ്‌സാബുറോ യുനോ അവനെ സ്വന്തമാക്കി. എല്ലാ ദിവസവും രാവിലെ ഹച്ചിക്കോ യുനോയ്‌ക്കൊപ്പം ഷിബുയ സ്റ്റേഷനിലേക്ക് പോകും. ജോലിക്ക് പോകുന്ന യജമാനനെ യാത്ര അയച്ചതിനുശേഷം മാത്രമേ ഹച്ചിക്കോ വീട്ടിലേക്ക് മടങ്ങാറുള്ളൂ. മഴയോ മഞ്ഞുവീഴ്‍ചയോ അവനെ അതിൽനിന്ന് പിന്തിരിപ്പിച്ചില്ല. വൈകിട്ട് ജോലികഴിഞ്ഞെത്തുന്ന യജമാനനെ സ്വീകരിക്കാൻ അവൻ ആ സ്റ്റേഷനിൽ കാത്തിരിക്കുന്നുണ്ടാവും. അവരുടെ ഈ പതിവ് വർഷങ്ങളോളം തുടർന്നു. അവർക്കിടയിൽ അവിശ്വസനീയമായ, അചഞ്ചലമായ ഒരു ബന്ധം വളരുകയായിരുന്നു- മരണത്തിന് പോലും തകർക്കാനാകാത്ത നിലയിൽ.
1925 മെയ് 21 ന് വളരെ ദുഃഖകരമായ ഒന്ന് അവരുടെ ജീവിതത്തിൽ സംഭവിച്ചു. ഹച്ചിക്കോ പതിവ് പോലെ തന്‍റെ യജമാനന്‍റെ കൂടെ കാലത്ത് സ്റ്റേഷനിലേക്ക് പോയി. അവരുടെ അവസാനത്തെ കൂടിക്കാഴ്‍ചയാണെന്ന് അറിയാതെ അവൻ പതിവ് പോലെ ട്രെയിനിൽ കയറുന്ന യജമാനനെ നോക്കി ഇരുന്നു. യജമാനൻ കണ്ണിൽനിന്ന് മറയുന്നതുവരെ അവൻ അവിടെ തന്നെ നിന്നു. അവനുനേരെ കൈകൾ വീശിക്കൊണ്ട് യാത്രയായ അദ്ദേഹം പിന്നെ മടങ്ങി വന്നില്ല. യൂണിവേഴ്സിറ്റിയിൽ തന്‍റെ വിദ്യാർത്ഥികൾക്ക് മുന്നില്‍ പ്രഭാഷണം നടത്തുന്നതിനിടെ, 53-കാരനായ പ്രൊഫസർ യൂനോ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.
പക്ഷേ, ഇതൊന്നുമറിയാതെ, വൈകുന്നേരം മൂന്ന് മണിക്ക് ഹച്ചിക്കോ യജമാനനെ തേടി സ്റ്റേഷനിൽ വന്നു. പക്ഷേ അവന്‍റെ പ്രിയപ്പെട്ട യജമാനൻ പതിവായി വരുന്ന ആ ട്രെയിനിൽ ഇല്ലായിരുന്നു. എന്നാലും തന്നെ കാണാനായി യുനോ അവിടെയുണ്ടാകുമെന്ന പ്രതീക്ഷയിൽ ഹച്ചിക്കോ അടുത്ത ദിവസം അതേസമയം റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങി. പക്ഷേ, പ്രൊഫസർ അന്നും മടങ്ങി വന്നില്ല. പക്ഷേ, വിശ്വസ്‍തനായ ഹച്ചിക്കോ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല.എല്ലാ ദിവസവും കൃത്യസമയത്ത് അവൻ റയിൽവെ സ്റ്റേഷനിൽ എത്തുമായിരുന്നു.
അങ്ങനെ, ഹച്ചിക്കോ തന്‍റെ ജീവിതകാലം മുഴുവൻ യുനോയെ തിരഞ്ഞു നടന്നു. എല്ലാ ദിവസവും രാവിലെ അവൻ സ്റ്റേഷനിലേക്ക് പോകും. ഒരുപാട് നേരം കാത്തിരുന്ന് യജമാനനെ കാണാതെ മടങ്ങും. വൈകുന്നേരവും അവൻ ഇത് തന്നെ ആവർത്തിക്കും. എന്നാൽ യുനോ ഒരിക്കലും തിരിച്ചെത്തിയില്ല. ഹച്ചിക്കോ പക്ഷെ പ്രതീക്ഷ കൈവിട്ടില്ല. ഏതെങ്കിലും ഒരു ദിവസം തന്നെ കാണാനായി തന്‍റെ യജമാനൻ വരുമെന്ന പ്രതീക്ഷയിൽ അവൻ ദിവസവും അവിടെ വന്നു. ദിവസങ്ങൾ ആഴ്ചകളായി, പിന്നീട് മാസങ്ങളായി, പിന്നീട് വർഷങ്ങളായി മാറി, എന്നിട്ടും ഹച്ചിക്കോ ഓരോ ദിവസവും സ്റ്റേഷനിൽ യജമാനനായുള്ള കാത്തിരിപ്പ് തുടർന്നു. അവന്‍റെ പതിവായുള്ള ഈ വരവ് താമസിയാതെ മറ്റ് യാത്രക്കാർ ശ്രദ്ധിക്കാൻ തുടങ്ങി. ഹച്ചിക്കോ ഒരു തെരുവ് നായ അല്ലായിരുന്നെങ്കിലും സ്റ്റേഷന് ചുറ്റുമുള്ള ആളുകൾ അവനെ അങ്ങനെ കാണാൻ തുടങ്ങി. സ്റ്റേഷനിലെ ജോലിക്കാർ അവനെ ഉപദ്രവിക്കാൻ തുടങ്ങി. അവർ അവന്‍റെ മുഖത്ത് ചായമടിക്കുകയും, മീശ വരയ്ക്കുകയും ചെയ്തു. കുട്ടികൾ അവനെ പരിഹസിക്കുകയും ചുറ്റിലും നടന്ന് ശല്യപ്പെടുത്തുകയും ചെയ്തു. അവൻ തിരിച്ചുവരാതിരിക്കാൻ ജീവനക്കാർ അവന്‍റെ മേൽ ചൂടുവെള്ളം പോലും കോരിയൊഴിച്ചു. അവനെ ഒരു ശല്യമായിട്ടാണ് എല്ലാവരും കണ്ടത്. ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട, ഒരു മൃഗം.
എന്നാൽ യുനോയുടെ വിദ്യാർത്ഥികളിലൊരാളായ ഹിരോകിച്ചി സൈറ്റോ, ഹച്ചിക്കോയെ തിരിച്ചറിഞ്ഞപ്പോൾ, അവനെ ഉപദ്രവിക്കാതിരിക്കാനായി ഒരു
പത്രത്തിൽ ഹച്ചിക്കോയുടെ കഥ
പ്രസിദ്ധീകരിച്ചു. കഥയുടെ തലക്കെട്ട് ഇപ്രകാരമായിരുന്നു: ‘പാവപ്പെട്ട വൃദ്ധനായ നായയുടെ കഥ: മരിച്ച ഉടമയ്ക്കായി ഏഴുവർഷത്തോളമായി ക്ഷമയോടെ അവൻ
കാത്തിരിക്കുന്നു’. ഇത് വായിക്കാൻ തുടങ്ങിയ ആളുകൾ അവന്റെ
നന്മയെ തിരിച്ചറിയുകയും, അവനെ
ഓമനിക്കാനും, ഭക്ഷണം നൽകാനും തുടങ്ങി. താമസിയാതെ, രാജ്യത്തിന്റെ
നാനാഭാഗത്തുനിന്നും ആളുകൾ ഹച്ചിക്കോയെ കാണാൻ വന്നു
തുടങ്ങി. അവർ വിശ്വസ്തതയുടെ
പ്രതീകമായ അവനെ ഒമാനിക്കുകയും സ്നേഹിക്കുകയും ചെയ്തു.
യജമാനന്റെ മരണത്തിന് ഒരു പതിറ്റാണ്ടിനുശേഷം ഹച്ചിക്കോ ആ സ്റ്റേഷനിൽ വച്ച്,
അവന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച്  യജമാനന്റെ
അടുത്തേക്ക് മടങ്ങി.
ഷിബുയയിലെ റയിൽവെ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹച്ചിക്കോയുടെ മരണം ദേശീയ മാധ്യമങ്ങൾ തലക്കെട്ടുകളാക്കി.പ്രൊഫസർ യുനോയുടെ
ശവകലറകടുത്താണ് ഹച്ചിക്കോയുടെ ചിതാഭസ്മം
സ്ഥാപിച്ചിട്ടുള്ളത്. അങ്ങനെ യജമാനനും വിശ്വസ്തനായ നായയും
മരണശേഷം വീണ്ടും ഒന്നിച്ചു.
2009ൽ ഈ സംഭവത്തെ ആസ്പദമാക്കി  Hachi: A Dog’s Tale എന്ന സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ഈ സിനിമ കാണുന്ന  ഓരോ പ്രേക്ഷകനും ഒരു കണ്ണുനീർ തുള്ളി പോലും പൊഴിക്കാൻ ആകാതെ ആ സിനിമ കണ്ട് തീർക്കാൻ സാധിക്കില്ല.
 ഹച്ചിക്കോ വിടവാങ്ങിയ മാർച്ച് എട്ടാം(1935) തീയതിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നായപ്രേമികൾ ഹാച്ചിക്കോയോടുള്ള സ്മരണാർത്ഥം ടോക്കിയോയിലെ ഹാച്ചി തന്റെ യജമാനന് കാത്തിരുന്ന റെയിൽവേ സ്റ്റേഷന് സമീപം സ്ഥാപിച്ച  പ്രതിമക്ക് മുന്നിൽ ഇന്നും ഒത്തുചേരുന്നു.

Back to top button
error: