കറുകച്ചാല്‍: വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ പെണ്‍കുട്ടി നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാഴ്ത്തി കുറ്റിക്കാട്ടില്‍ ഒളിച്ചു. പൂണിക്കാവ് സ്വദേശിനിയായ പതിനേഴുകാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടുവിട്ടിറങ്ങിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും അഗ്‌നിരക്ഷാസേനയും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. രാത്രി വൈകിയും പരിശോധന തുടരുകയാണ്.
വെള്ളാവൂര്‍ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് രാത്രി 7.30ന് പെണ്‍കുട്ടി ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ട് നാട്ടുകാര്‍ ‘എവിടെപ്പോകുന്നു’ എന്നു ചോദിച്ചതോടെയാണ് പെണ്‍കുട്ടി സമീപത്തെ കാടും പടര്‍പ്പും നിറഞ്ഞ തോട്ടത്തിലേക്കു ചാടി ഓടിമറഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 2 കിലോമീറ്ററോളം ദൂരത്താണ് പെണ്‍കുട്ടി ഓടിമറഞ്ഞ തോട്ടം. വെളിച്ചമില്ലാത്തതിനാല്‍ തോട്ടത്തിലൂടെ കടന്നുപോവുക ദുര്‍ഘടമാണ്. തോട്ടത്തില്‍ നിന്ന് 600 മീറ്റര്‍ മാറി മണിമലയാര്‍ ഉള്ളതിനാല്‍ അപകടസാധ്യതയും കൂടുതലാണ്. അതേസമയം, പെണ്‍കുട്ടി തോട്ടത്തിലൂടെ ഓടി സമീപത്തെ മറ്റേതെങ്കിലും വീടുകളില്‍ വീട്ടുകാര്‍ അറിയാതെ ഒളിച്ചിരിപ്പുണ്ടാകാം എന്നും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ ഈ വഴിക്കും തിരച്ചില്‍ തുടരുകയാണ്.