പുനര്‍ നിയമനം സാധാരണ നടപടിയെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്. നടന്നത് ശരിയായ നിയമനം മാത്രമാണെന്നും ഇപ്പോള്‍ ഹൈക്കോടതി തന്നെ അത് ശരിവെച്ചെന്നും അദ്ദേഹം പറഞ്ഞു.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് രാഷ്ട്രീയവും നിയമവും അറിയാം. കാര്യങ്ങള്‍ പഠിച്ചിട്ട് തന്നെയാകാം ഗവര്‍ണര്‍ നിയമനം നടത്തിയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത് അസാധാരണമല്ലെന്നും സംഭവം ഒരു രാഷ്ട്രീയ വിവാദമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമനം ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിസിയുടെ പ്രതികരണം.
നേരത്തെ വിസിയുടെ പുനര്‍നിയമനത്തിന് എതിരായി കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഹര്‍ജി നിയപരമായി നിലനിക്കില്ലെന്ന് ജസ്റ്റിസ് അമിത് റാവല്‍ നിരീക്ഷിച്ചു.
അതേസമയം ഹര്‍ജിക്കാര്‍ അടുത്ത ദിവസം തന്നെ ഡിവിഷന് ബഞ്ചിനെ സമീപിക്കും. വലിയ വിവാദമായ കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ സര്‍ക്കാരിന് താത്കാലിക ആശ്വാസമാണിത്. ഹര്‍ജി ഫയലില്‍പ്പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.