റോം.ഇറ്റലിയിലെ മിലാനിൽനിന്ന് പാരീസിലേയ്ക്കുള്ള അതിവേഗ ട്രെനിൻ സർവീസ് ഡിസംബർ 18 ന് ആരംഭിക്കും.
സാധാരണ സാഹചര്യങ്ങളിൽ വെറും ആറുമണിക്കൂർ സമയത്തിനുള്ളിൽ മിലാനിൽനിന്ന് പാരീസിൽ എത്തിച്ചേരാൻ കഴിയുമെന്നാണ് ട്രയിൻ ഇറ്റാലിയ അധികൃതർ ഉറപ്പു നൽകുന്നത്.പുതിയ ട്രയിൻ മിലാൻ സെൻട്രലിൽ നിന്ന് പുറപ്പെട്ട് ടൂറിൻ, ലിയോൺ പാർട്ട്-ഡിയു, ചംബെറി, മൊദാനെ എന്നിവിടങ്ങളിലൂടെയാണ് പാരീസ് ഗാരെ ദി ലിയോണിൽ എത്തിച്ചേരുന്നത്.
തുടക്കത്തിൽ ദിവസേന രണ്ട് ട്രിപ്പുകൾ ആയിരിക്കും ഉണ്ടാവുക. വിനോദസഞ്ചാരത്തിന് ഏറെ പ്രധാന്യമുള്ള രണ്ട് രാജ്യങ്ങൾക്കിടയിൽ ആരംഭിക്കുന്ന ട്രെയിൻ സർവീസ് കൂടുതൽ ജനങ്ങളെ ആകർഷിക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിദിന ട്രിപ്പുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
ദേശീയ പാസഞ്ചർ-റെയിൽ സംവിധാനങ്ങൾക്കിടയിലുള്ള നിയന്ത്രണങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ഒരൊറ്റ യൂറോപ്യൻ റെയിൽ മേഖലയിലേക്കുള്ള എല്ലാ തടസ്സങ്ങളും നീക്കംചെയ്യാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചശേഷം ഫ്രഞ്ച് റെയിൽവേശൃംഖല ഒരു വിദേശ ഗതാഗതത്തിനായി വഴിതുറക്കുന്നത് ഇതാദ്യമാണ്.