പത്തനംതിട്ട:ശബരിമലയില്‍ നെയ്യഭിഷേകത്തിനുള്ള നിയന്ത്രണവും ഉടന്‍ നീക്കിയേക്കും.പമ്പാ സ്നാനം, നീലിമല കയറ്റം തുടങ്ങിയ അനുവദിച്ചിട്ടും നെയ്യഭിഷേകം ഇപ്പോഴും നിയന്ത്രിച്ചിരിക്കുകയാണ്. ഭക്തര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലില്‍ അഭിഷേകം ചെയ്തു നല്കാന് അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് വീണ്ടും ആവശ്യപ്പട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുമുള്ള ട്രാക്ടറുകളിലെ ചരക്കു നീക്കത്തിന് നിയന്ത്രണം കര്‍ശനമാക്കി. രാത്രിയും പകലും 12 മുതല്‍ 3 മണി വരെയാണ് അനുമതി. നിയന്ത്രണം സന്നിധാനത്തേക്കുള്ള ശര്‍ക്കര ഉള്‍പ്പടെയുള്ളവയുടെ നീക്കത്തെ ബാധിച്ചിട്ടുണ്ട്.
ദേവസ്വം ഭണ്ഡാരത്തിലെ യന്ത്രത്തില്‍ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ബാങ്കിലേക്ക് മാറ്റാന്‍ നീക്കിവെച്ച നോട്ടു കെട്ടുകളില്‍ കൂടുതല്‍ തുക കണ്ടെത്തിയതിനെ കുറിച്ചും ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിന് കൈമാറും മുന്‍പ് നോട്ട് കെട്ടുകള്‍ അടുക്കി വെച്ചപ്പോള്‍ വലിപ്പത്തില്‍ ദേവസ്വം ജീവനക്കാര്‍ക്ക് സംശയം തോന്നി. പരിശോധനയില്‍ 10,20, 50 രൂപയുടെ കെട്ടുകളില്‍ അധിക തുകയുണ്ടായിരുന്നു. ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കമ്മിഷണര്‍ക്ക് നല്കി. ഒന്നുകില്‍ ഒരു വിഭാഗം ദേവസ്വം, ബാങ്ക് ജീവനക്കാര്‍ ചേര്‍ന്ന് ബോധപൂര്‍വം നടത്തിയ ക്രമക്കേട്. അല്ലെങ്കില്‍ നെയ്യും മറ്റും പുരണ്ട നോട്ട് എണ്ണിയപ്പോള്‍ യന്ത്രത്തിന് പറ്റിയ തകരാറ്. ദേവസ്വം വിജിലന്‍സ് എസ്.പി. നേരിട്ടെത്തി അന്വേഷിച്ച ശേഷമാകും തുടര്‍ നടപടികള്‍.ഭക്തര്‍ക്ക് വിരിവെക്കാന്‍ നാളെ മുതല്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും.