IndiaNEWS

ആത്മാവിനെ വണങ്ങാൻ ട്രെയിനുകള്‍ പോലും നിർത്തുന്ന ഇന്ത്യയിലെ ഒരു സ്ഥലം…

വിശ്വാ‍സവും അന്ധവിശ്വാസവും മിത്തുകളും ഒക്കെ കൂടിച്ചേര്‍ന്ന ഒരു സംസ്കാരമാണ് ഭാരതത്തിന്‍റേത്. അതുകൊണ്ടു തന്നെ അത്ഭുതപ്രവൃത്തികള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കും ഇവിടെ പഞ്ഞമില്ല. ദുഷ്ടശക്തികളെയും ശിഷ്ട ശക്തികളെയും ഒരേ സ്ഥാനം കൊടുത്ത് ആരാധിക്കുന്നതും നമുക്ക് കാണാനാവും. ഇപ്പോഴും ആയിരങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. മധ്യപ്രദേശിലെ’ മൌ ‘എന്ന പ്രദേശത്തുള്ളവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ‘താന്ത്യാ ഭീൽ ‘ ( Tantya bhil) എന്ന ഇതിഹാസമാണ് അത്.
ധനാഡ്യരുടെ കണ്ണിലെ കരടും പാവങ്ങള്‍ക്ക് ദൈവ തുല്യനുമായിരുന്ന കായംകുളം കൊച്ചുണ്ണി എന്ന കള്ളൻ ഇതിഹാസമായി മാറിയ കഥ നമുക്കെല്ലാം അറിയാമല്ലോ.അതേപോലെ ബ്രിട്ടീഷുകാരുടെ തലവേദനയായിരുന്നു താന്ത്യാ ഭീൽ എന്നയാള്‍‍. ‘ഇന്ത്യൻ റോബിൻ ഹുഡ്’ എന്നറിയപ്പെട്ടിരുന്ന താന്ത്യ ബ്രിട്ടീഷ് സേനയ്ക്ക് എന്നുമൊരു തലവേദനയായിരുന്നു.ജാൽഗാവ് (സത്‌പുര) മുതൽ മൌ (മാള്‍വ) വരെ താന്ത്യയുടെ പ്രശസ്തി പരന്നു. ഈ പ്രദേശത്തുള്ള പാവങ്ങൾ ആ ‘ഇതിഹാസത്തിനെ’ ദൈവമായി കണ്ട് ആരാധിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരെ കൊള്ളയടിച്ചു കിട്ടുന്ന സമ്പത്ത് മുഴുവൻ താന്ത്യ  ആ പ്രദേശങ്ങളിലെ പാവപ്പെട്ട ഗോത്രവർഗക്കാര്‍ക്കായിരുന്നു വീതിച്ചു നല്‍കിക്കൊണ്ടിരുന്നതും.
ഒടുവിൽ സഹികെട്ട ബ്രിട്ടീഷുകാർ താന്ത്യയെ പിടികൂടുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിക്കുകപോലും ചെയ്തു.എന്നിട്ടും അവർക്ക് താന്ത്യയെ പിടികൂടാന്‍ കഴിഞ്ഞില്ല.അവസാനം, ‘പാതൽപാനി’ ( Patalpani) എന്ന വെള്ളച്ചാട്ടത്തിനു സമീപമുള്ള റയിൽവെ ട്രാക്കിൽ വച്ച് നടന്ന രൂക്ഷമായ ഒരു ഏറ്റുമുട്ടലിലാണ് താന്ത്യ കൊല്ലപ്പെടുന്നത്.
താന്ത്യയുടെ ആത്മാവ് ഇപ്പോഴും ഇവിടെയുണ്ടെന്നാണ് ഈ പ്രദേശത്തുള്ള ആളുകളുടെ വിശ്വാസം. താന്ത്യയുടെ മരണത്തിനു ശേഷം ഈ ഭാഗത്തെ റയില്‍‌വെ ട്രാക്കിൽ ധാരാളം അപകടങ്ങൾ നടന്നതും ഇതിനൊരു കാരണമായി.അപകടത്തിന്റെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചു വന്നത്രെ!  അപകടങ്ങളും താന്ത്യയുടെ മരണവുമായി ബന്ധപ്പെടുത്തി ചിന്തിച്ചു തുടങ്ങാൻ ആളുകൾക്ക് അധികം സമയം വേണ്ടിവന്നില്ല എന്നുമാത്രം.അതിൽനിന്ന് രക്ഷ നേടാൻ അവര്‍ ട്രാക്കിന് സമീപം താന്ത്യയ്ക്ക് വേണ്ടി ഒരു ക്ഷേത്രം നിര്‍മ്മിച്ചു.അതിനുശേഷം ഇതുവഴി കടന്നു പോവുന്ന ഓരോ ട്രെയിനും താന്ത്യയ്ക്ക് ആദരാഞ്ജലി നല്‍കാന്‍ ഇവിടെ നിര്‍ത്തുന്നുണ്ട് !!
പക്ഷെ കാരണം മറ്റൊന്നാണ്..പാതൽപാനിയിൽ നിന്ന് കാലാകുണ്ഡിലേക്കുള്ളത് അപകടം നിറഞ്ഞതും കുത്തനെയുള്ളതുമായ പാതയായതിനാൽ ഓരോ ട്രെയിനും ഇവിടെ നിർത്തി  ബ്രേക്ക് പരിശോധനയും മറ്റും നടത്തുന്നത് സാധാരണയാണ്. ഈ സമയത്തുതന്നെ അടുത്ത് തന്നെയുള്ള താന്ത്യയുടെ ക്ഷേത്രത്തിലേക്ക് നോക്കി ട്രെയിനിലിരിക്കുന്ന ആളുകൾ കൈ കൂപ്പുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു- അവരുടെ വിശ്വാസം തങ്ങൾക്ക് പ്രാർത്ഥിക്കാൻ വേണ്ടി മാത്രം ട്രെയിൻ ഇവിടെ നിർത്തിക്കൊടുക്കുന്നു എന്നാണ് !!

Back to top button
error: