NEWS

സിനിമ മേഖലയിലെ ലഹരി ബന്ധങ്ങള്‍; വിവരങ്ങള്‍ കൈമാറി സംവിധായകന്‍

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നില്‍ ലഹരിബന്ധമുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സിനിമ മേഖലയിലെ ലഹരിബന്ധങ്ങളുടെ ചുരുളഴിയുകയാണ്‌. ഇപ്പോഴിതാ ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള കന്നഡ സിനിമാ ലോകത്തെ പതിനഞ്ചോളം നടന്മാരുടെ വിവരങ്ങള്‍ പൊലീസിനു കൈമാറിരിക്കുകയാണ് സിനിമാ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ ഇന്ദ്രജിത് ലങ്കേഷ്.

തിങ്കളാഴ്ച സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം അഞ്ചു മണിക്കൂറോളം ഇന്ദ്രജിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സിനിമാ പ്രവര്‍ത്തകരും ലഹരിമരുന്നു ഡീലര്‍മാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. തെളിവുകള്‍ സഹിതമാണ് ഇന്ദ്രജിത്ത് 15 നടന്മാരുടെ വിവരങ്ങള്‍ നല്‍കിയത്. പൊലീസ് ഇതിനെക്കുറിച്ച് അന്വേഷിച്ച് മുഴുവന്‍ കാര്യങ്ങള്‍ പുറത്ത് വിടുമെന്ന് വിശ്വസിക്കുന്നതായി ഇന്ദ്രജിത്ത് പറഞ്ഞു. ചില നടിമാര്‍ ഹണിട്രാപ്പും വേശ്യവൃത്തിയും നടത്തുന്നതായും അദ്ദേഹം മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

Signature-ad

കഴിഞ്ഞ ദിവസമാണ് ലഹരി ഇടപാട് കേസില്‍ ടെലിവിഷന്‍ സീരിയല്‍ നടി ഡി.അനിഖയും കൂട്ടാളികളും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്.

നിരവധി വിഐപികളും സിനിമാ പ്രവര്‍ത്തകരും ഇവരുടെ ലഹരിക്കണ്ണിയില്‍ ഉണ്ടെന്നാണു പുറത്തുവരുന്ന വിവരം. മാത്രമല്ല സംഗീതജ്ഞര്‍ക്കും മുന്‍ നിര അഭിനേതാക്കള്‍ക്കും ഇവരുടെ കണ്ണിയാണെന്നും സംസ്ഥാനത്തെ വിഐപികളുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണെന്നും എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ കെ.പി.എസ്. മല്‍ഹോത്ര പറഞ്ഞിരുന്നു.

എക്സ്റ്റസി എന്നറിയപ്പെടുന്ന 145 എംഡിഎംഎ ഗുളികകളാണു കഴിഞ്ഞ ദിവസം കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്സ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പിടിച്ചെടുത്തത്. ഒരു എക്സ്റ്റസി ഗുളികയ്ക്ക് 1500 മുതല്‍ 2500 രൂപ വരെയാണു വില. 96 എംഡിഎംഎ ഗുളികകളും 180 എല്‍എസ്ഡി ബ്ലോട്ടുകളും ബെംഗളൂരുവിലെ നിക്കു ഹോംസില്‍നിന്നും കണ്ടുകെട്ടി. അനിഖയുടെ ദൊഡാഗുബ്ബിയിലുള്ള വീട്ടില്‍നിന്നു 270 എംഡിഎംഎ ഗുളികകളും പിടിച്ചെടുത്തു.

ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനില്‍ ബുക്ക് ചെയ്താണ് ലഹരിമരുന്നു നല്‍കിയിരുന്നത്. അനിഖയ്ക്കൊപ്പം പിടിയിലായ രവീന്ദ്രനും അനൂപും മലയാളികളാണെന്നാണ് അറിയുന്നത്.

ബെംഗളൂരുവില്‍ ചെറിയ സീരിയല്‍ റോളുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അനിഖ, സമ്പത്തുണ്ടാക്കാന്‍ ക്രമേണ അഭിനയം നിര്‍ത്തി ലഹിമരുന്ന് വിതരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് സിനിമ, ടിവി മേഖലയിലെ തന്റെ പരിചയം ഇതിനായി ഉപയോഗപ്പെടുത്തുകയായിരുന്നു.

Back to top button
error: