NEWS

ഇരട്ട കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കണ്ട: രമേശ് ചെന്നിത്തല

തിരുവനന്തപുരം:വെഞ്ഞാറന്മൂട്  കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്നു പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല പറഞ്ഞു.  കായംകുളം കൊലപാതകം കോണ്‍ഗ്രസിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു മണിക്കൂറുകള്‍ക്കകം പാളിപ്പോയ അനുഭവം ഇവിടെയും സംഭവിക്കും. രാഷ്ട്രീയ കൊലപാതകമാണെന്ന തരത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്പി നടത്തിയ അഭിപ്രായപ്രകടനം അനവസരത്തിലാണ്.   രാഷ്ട്രീയ കൊലപാതകം ആണെന്ന് പറയാനാവില്ല എന്നാണ് കേസന്വേഷിക്കുന്ന ഡിവൈഎസ്പിയും    അന്വേഷണത്തിന് മേല്‍ നോട്ടം വഹിക്കുന്ന ഡി ഐ ജിയും വ്യക്തമാക്കിയത്. കൊലയ്ക്ക് വേണ്ടി ക്രിമിനലുകളെ  പോറ്റിവളര്‍ത്തുകയും ജയിലില്‍ ആകുമ്പോള്‍ അവര്‍ക്ക് വേണ്ടി പിരിവ് നടത്തുകയും കൊലയെ ന്യായീകരിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല.  പ്രതികളെ   കോടികള്‍ മുടക്കി സംരക്ഷിക്കുന്ന നിലപാടും കോണ്‍ഗ്രസിനില്ല.  സത്യസന്ധവും നീതിപൂര്‍വ്വവുമായ അന്വേഷണം നടക്കണം. കുറ്റവാളികള്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

സ്വര്‍ണകള്ളക്കടത്തും ലൈഫ് മിഷനിലെ അഴിമതിയും പിന്‍വാതില്‍ നിയമനവും ഉള്‍പ്പെടെ നാണക്കേടില്‍ മുഖം നഷ്ടപ്പെട്ട സിപിഎം രക്തസാക്ഷികളെ തേടി നടക്കുകയാണ്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നതിനായി നിഷ്പക്ഷമായ അന്വേഷണം നടത്തണം. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന്റെ മറവില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകളും,  കൊടിമരങ്ങളും, സ്തൂപങ്ങളും  വ്യാപകമായി നശിപ്പിക്കപ്പെട്ടു.  പ്രവര്‍ത്തകരെ ആക്രമിക്കുന്നു.    തിരുവനന്തപുരം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരുടെ വീട്ടിന് നേരെയും ആക്രമണമുണ്ടായി. പൊലീസ് നോക്കി നില്‍ക്കെ ഭരണത്തിന്റെ  തണലില്‍ ആണ്  ഇത്തരം  അതിക്രമങ്ങള്‍ അരങ്ങേറിയത്.   പി എസ് സി  വഴി ജോലി കിട്ടാത്തതിനെ തുടര്‍ന്ന് മനം നൊന്ത് ആത്മഹത്യ ചെയ്ത  അനുവിന്റെ വീടി്‌ന്  നേരേ പോലും ആക്രമണമുണ്ടായി.   അനുവിന്റെ പിതാവിനെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.  വീടിന്റെ   പരിസരത്ത്  കെട്ടിയിരുന്ന സമര  പന്തല്‍ അടിച്ചു തകര്‍ത്തു.  ഇനിയെങ്കിലും   അക്രമണങ്ങള്‍ സി പി എം അവസാനിപ്പിക്കണം.  അക്രമത്തില്‍  നിന്ന്്് പിന്തിരിയാന്‍ മുഖ്യമന്ത്രി അണികളെ ഉപദേശിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാറ്റ് വിതച്ച് കൊടുങ്കാറ്റുകൊയ്യരുത്.   സംസ്ഥാനത്തൊട്ടാകെ വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെ കേശവദാസ പുരത്ത്  ബോംബുണ്ടാക്കുന്നതിനിടെ രണ്ട്  ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കയ്യറ്റുപോയത്്. ഇതിന്റെ  പേരില്‍ കേസെടുക്കാന്‍ പോലും പൊലീസ് തെയ്യാറായിട്ടില്ല. ആഭ്യന്തര വകുപ്പ് സി പി എമ്മിന്റെ ചട്ടുകമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

 ആത്മഹത്യ ചെയ്ത അനുവിനു ഐക്യദാര്‍ഢ്യം  അര്‍പ്പിച്ചു  കൊണ്ട് തിരുവോണ ദിവസം പട്ടം പി എസ് എസ് സി ഓഫീസിനു മുന്നില്‍  സംഘടിപ്പിച്ച  യൂത്ത് കോണ്‍ഗ്രസ് പട്ടിണി സമരപന്തലിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മിന്നല്‍ ആക്രമണം പോലീസിന്റെ ഭാഗത്തെ ഗുരുതര വീഴ്ചയാണ്. താന്‍  ഉത്ഘാടനം ചെയ്ത് മടങ്ങി നിമിഷങ്ങള്‍ക്കകം  ആക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ പി സി  സി മുന്‍ പ്രസിഡന്റ് എം എ  ഹസനും എം എല്‍ എമാരായ ഷാഫി പറമ്പില്‍  എം  വിന്‍സന്റ് ശബരീനാഥ് എന്നിവര്‍ വേദിയിലിരിക്കെയാണ് അക്രമണം നടന്നത്.  

രാവിലെ തന്നെ അക്രമണ സാധ്യതയുണ്ടെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റെയെ   അറിയിച്ചിട്ടും തടയാന്‍ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ പിടിപ്പ് കേടാണ്. സംസ്ഥാനത്ത് പല സ്ഥലത്തും ഇത്തരം ആക്രമണം നടത്തി വീഴ്ചകള്‍ മൂടിവെയ്ക്കാനുള്ള പാഴ്ശ്രമമാണു  സര്‍ക്കാരിന്റെ തണലില്‍ സി പിഎം നടത്തുന്നത്്.  ഇക്കാര്യം  അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ല.ഇത്തരം ഹീന പ്രവര്‍ത്തികളില്‍ നിന്നും മാര്‍സിസ്റ്റ് പാര്‍ട്ടി പിന്‍തിരിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  ഇതുമായി ബന്ധപ്പെട്ട  മറ്റു ജില്ലകളിലും കോണ്‍ഗ്രസ്  കൊലപാതകങ്ങള്‍ക്ക് ശ്രമിക്കുന്നുവെന്ന മന്ത്രി ഇ പി  ജയരാജന്റെ പ്രസ്താവന   സ്വന്തം പാര്‍ട്ടിക്കാരുടെ  പ്രവര്‍ത്തികള്‍ ഓര്‍ത്ത് കൊണ്ട് നടത്തിയതായിരിക്കുമെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.

Back to top button
error: