ജിദ്ദ: സൗദി അറേബ്യയിൽ തബ്ലീഗ് ജമാഅത്തിന് ഭരണകൂടം നിരോധനം ഏർപ്പെടുത്തി.രാജ്യത്ത് നിരോധിച്ച സംഘടനകളുടെ കൂട്ടത്തിലാണ് തബ്ലീഗ് ജമാഅത്തെന്നും സംഘടനക്ക് ആശയ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും അവരുടെ പ്രവർത്തനങ്ങളിൽ അപകടമുണ്ടെന്നും ഇസ്ലാമിക മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നായി അവരുടെ പ്രവർത്തനത്തെ കാണണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
ഇതിന്റെ തുടർച്ചയെന്നോണം വെള്ളിയാഴ്ച സൗദി ഗ്രാൻഡ് മുഫ്തി അബ്ദുൽഅസീസ് ബിൻ അബ്ദുല്ല ആലുശൈഖും തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജാഗ്രത കൈക്കൊള്ളാൻ ട്വിറ്ററിൽ നിർദേശം നൽകുകയും ചെയ്തു.രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും പള്ളികളിലെ ജുമുഅ ഖുതുബയിൽ തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും അവരുടെ പാളിച്ചകൾ വിശദീകരിക്കാനും ഇസ്ലാമികകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് ഈ മാസം ആറിന് മേഖല മതകാര്യ ഓഫീസുകൾക്ക് നിർദേശവും നൽകിയിരുന്നു.