പണ്ടൊക്കെ ഡിസംബർ ആദ്യത്തെ ആഴ്ചയിൽ തന്നെ ക്രിസ്മസ് സ്റ്റാറും പുൽക്കൂടും ട്രീകളുമൊക്കെ വീടുകളുടെ മുറ്റത്ത് ഒരുങ്ങുമായിരുന്നു.പ്രത്യേകിച് ച് മധ്യതിരുവിതാംകൂറിലെ ഭവനങ്ങളിൽ.അതിന് ക്രൈസ്തവരെന്നോ ഹൈന്ദവരെന്നോ എന്നൊരു വിത്യാസവുമുണ്ടായിരുന്നില്ല ഇവിടങ്ങളിൽ.ഇപ്പോൾ ഡിസംബർ പകുതിയായിട്ടും ഇവിടങ്ങളിൽ കാര്യമായ അനക്കമൊന്നുമില്ല.നവംബർ അവസാനമായപ്പോഴേക്കും സാധനങ്ങൾ എല്ലാം കടയിൽ എത്തിച്ച കച്ചവടക്കാരും ഇതോടെ അടി കിട്ടിയ മട്ടിലാണ്.
കോവിഡ് കാരണമുള്ള സാമ്പത്തിക മാന്ദ്യവും ആഘോഷങ്ങൾക്കുള്ള നിയന്ത്രണവുമൊക്കെ ആയിരിക്കാം കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.എങ്കിലും കടകൾ സ്റ്റാറും അലങ്കാര വസ്തുക്കളും ക്രിസ്തുമസ്സ് അപ്പൂപ്പന്റെ മുഖാവരണവുമൊക്കെയായി നിറഞ്ഞു നിൽക്കുകയാണ്.നക്ഷത്രം നോക്കി അവർ ജനനപ്പെരുന്നാൾ ആഘോഷിക്കാൻ വരുമെന്ന പ്രതീക്ഷയിൽ..
യേശുവിന്റെ ജനനം ആദ്യം അറിഞ്ഞത് വെളിമ്പറമ്പുകളിൽ ആടിന് കാവൽ കിടന്നിരുന്ന ആട്ടിടയൻമാരായിരുന്നു.പിന്നെ ബേതലഹേമിന് കിഴക്കുനിന്ന് എത്തിയ മൂന്ന് വിദ്വാൻമാരും.ഇവർക്കെല്ലാം വഴികാട്ടിയത് ഒരു നക്ഷത്രമായിരുന്നു.അതാണ് ക്രിസ്തുമസിന് വീടുകൾക്ക് മുന്നിൽ നക്ഷത്രം തൂക്കുന്നതിനുള്ള കാരണം.ഇസ്രായേലിൽ വ്യാപകമായി കാണുന്ന കോണിഫറസ് മരങ്ങളാണ് ക്രിസ്തുമസ് ട്രീ.
സാന്താക്ലോസ് ഒക്കെ പിന്നെ വന്ന ആളാണ്.സമ്മാനങ്ങൾ നൽകുന്നയാൾ എന്നർത്ഥം വരുന്ന ‘സെയ്ന്റ് നിക്കോളാസ് ‘എന്ന ഡച്ച് വാക്കിൽ നിന്നാണ് സാന്താക്ലോസ് എന്ന വാക്കിന്റെ ഉദ്ഭവം. 4-ാം നൂറ്റാണ്ടിൽ ഗ്രീക്കിൽ ജീവിച്ചിരുന്ന ബിഷപ്പായിരുന്നു സെയ്ന്റ് നിക്കോളാസ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് സാമൂഹിക പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന നിക്കോളാസ് പാവപ്പെട്ടവർക്ക് ഒരു പാട് സാധനങ്ങൾ സമ്മാനമായി നൽകുമായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായാണ് സാന്താക്ലോസ് എന്ന പേര് സ്വീകരിക്കപ്പെട്ടത്.
ക്രിസ്തുമസ്സ് വേളയിൽ നക്ഷത്രവും പുൽക്കൂടുമൊരുക്കി സ്വാദിഷ്ഠമായ വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാണ് മുതിർന്നവരെങ്കിൽ കുട്ടികൾ എന്നും കാത്തിരിക്കുന്നത് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഡിസംബർ മാസത്തിന്റെ തുടക്കം മുതൽ വീട്ടിലെത്തുന്ന കരോളുകാരോടൊപ്പമുള്ള സാന്താക്ലോസിനെയാണ്.വെളുത്ത താടിയും, ചുവന്ന തൊപ്പിയും, കയ്യിൽ ഒരു പാട് സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ് എക്കാലവും കുട്ടികൾക്ക് പ്രിയപ്പെട്ടയാളാണ്.ആശംസ പറഞ്ഞ് മിഠായിയും തന്ന് സാന്താ നടന്നു പോകുമ്പോൾ ഇത്തിരി വിഷമം ആർക്കാണെങ്കിലും തോന്നിപ്പോകും.
മരങ്ങൾ ഇലപൊഴിക്കുകയും പുൽമേടുകളിലെങ്ങും മഞ്ഞ് വീഴുകയും ചെയ്തുകൊണ്ടിരുന്ന ഹേമന്തത്തിലെ ആ നക്ഷത്രാങ്കിത രാത്രിയിൽ ജ്ഞാനികൾക്കും ആട്ടിടയൻമാർക്കുമൊക്കെ വഴികാട്ടിയ ദിവ്യനക്ഷത്രവും അഭിജാത സംപൂതിയുടെ അത്യുന്നതങ്ങളായ കോണിഫറസ് മരങ്ങളുമൊക്കെ വാങ്ങാൻ ആളുകൾ എത്താതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് മധ്യതിരുവിതാംകൂറിലെ കച്ചവടക്കാർ.പടക്കം വിൽക്കുന്ന കച്ചവടക്കാരുടെയൂം ക്രിസ്തുമസ് കേക്കുകൾ പ്രത്യേകമായി തയ്യാറാക്കിവച്ച ബേക്കറിക്കാരുടെയും എല്ലാം അവസ്ഥ ഇതുതന്നെ.